തിരുവിതാംകൂർ പൊലീസിന്റെ പുരാരേഖകളിൽനിന്നു കണ്ടെടുത്ത കേസ് ഡയറി, അത്യസാധാരണനായ ഈ കോമൺമാൻ ഡിറ്റക്ടിവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ: കുളത്തിലെ മൃതദേഹം. സിലോണിൽനിന്നെത്തിയവർ, വജ്രവ്യാപാരിയുടെ കൊലപാതകം, കാഞ്ഞൂർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം– തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിനു വേലനെ അർഹനാക്കുന്നവ . സ്വാഗതം, ഡിറ്റക്ടിവ് ഫിക്ഷന്റെ ക്ലാസിക് പുതുമയിലേക്ക്.
തിരുവാതാംകൂറിൽ 1950 കളിൽ ജീവിച്ചിരുന്നു എന്ന് അന്നത്തെ പോലീസ് ഡയറികളിൽ രേഖപ്പെടുത്തിയിട്ടുള്ള പിന്നീട് വിസ്‌മൃതിയിലാണ്ടുപോയ ഒരു ഡിറ്റക്ടിവാണ് വേലപ്പൻ പൗലോസ് എന്ന വേലൻ പൗലോസ്. തന്റെ അസാധാരണ കഴിവുകൊണ്ട് അദ്ദേഹം ആക്കാലത്തു ഒരുപാട് കേസുകൾ തെളിയിക്കുകയും പോലീസിന് തന്നെ സഹായമായിരിക്കുകയും ചെയ്തു.
കുളത്തിലെ മൃതദേഹം, സിലോണിൽ നിന്നെത്തിയവർ, വജ്രവ്യാപാരിയുടെ കൊലപാതകം, കാഞ്ഞുർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം. എന്നിങ്ങനെ 5 കഥകളാണ് ഈ പുസ്തകത്തിലുള്ളവ. അന്വേഷണത്തിലെ മികവ് കാരണം അല്ലേൽ വേലൻ കേസ് അന്വേഷിച്ചാൽ അത് എന്തായാലും കണ്ടുപിടിക്കും എന്ന മുൻധാരണയിലാവാം തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണം നൽകിയത്. കേസ് തെളിയിക്കാൻ ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ തന്റെ ബുദ്ധിവൈഭവം കൊണ്ട് മാത്രം തന്റെ മുന്നിലേക്ക് വരുന്ന കേസുകൾ എല്ലാം വേലൻ തെളിയിച്ചു പോന്നു.
കഥകളിലെ നിഗൂഢത നിറഞ്ഞ ചുറ്റുപാടുകൾ പുസ്തകത്തെ ആകർഷകമായ വായനയിലേക്ക് നയിക്കുന്നു. വളരെ പെട്ടെന്ന് വായിച്ചു മുന്നോട്ട് പോകാൻ സാധിക്കുന്ന ലളിതമായ എഴുത്തും കഥകളുടെ മേൻമയാണ്. ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ പുസ്തകത്തിന്റെ പരിഭാഷകൻ അഭിജിത്ത് അതിനാൽത്തന്നെ പ്രശംസയർഹിക്കുന്നു. വായനയിൽ തുടക്കക്കാർക്കൊക്കെ തീർച്ചയായും ഈ പുസ്തകം പരിഗണിക്കാവുന്നതാണ്.
എല്ലാ കേസുകളിലും, എഴുത്തുകാരന്റെ ഫിക്ഷൻ (കല്പന) ഉണ്ടാക്കുന്ന ചില താളപ്പിഴകൾ ഒഴിച്ചു നിർത്തിയാൽ, അതിഗംഭീരമാണ് ഈ സൃഷ്ടി. ഇത്തരത്തിൽ ഉള്ള കേസന്വേഷണങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു എന്നതും, അതിന് കാരണഭൂതനായ വേലൻ പൌലോസ് എന്ന വ്യക്തി, പഴയ തലമുറയുടെ ഓർമ്മകളിൽ നിന്നു പോലും അപ്രത്യക്ഷമായി (പഴയകാല മലയാള സിനിമകളിൽ പോലും ഈ കേസന്വേഷണങ്ങൾ പ്രതിപാദിച്ചു കണ്ടിട്ടില്ല) എന്നതും തികച്ചും ഖേദജനകമാണ്.