വായനയെപ്പറ്റി ചിന്തിക്കാതിരുന്ന, പുസ്തകങ്ങളെ തിരിഞ്ഞുനോക്കാതിരുന്നൊരു കാലഘട്ടത്തിൽ നിന്നും, മാസത്തിൽ കുറഞ്ഞതൊരു രണ്ടുമൂന്ന് പുസ്തകങ്ങളെങ്കിലും വാങ്ങിവായിക്കുന്ന നിലയിലേക്കെന്റെ ജീവിതം മാറിയിട്ടിപ്പോൾ, ഏകദേശമൊരൊന്നൊന്നര വർഷമായിട്ടുണ്ടാവും. അതിനിടയിൽ ഞാൻ വായിച്ചതിൽ കൂടുതലും, ഇഷ്ട ഴോണറായ ക്രൈം ത്രില്ലറിലുൾപ്പെടുന്ന പുസ്തകങ്ങളാണ്. അങ്ങനെയൊരു മാസാവസാന പർച്ചേസിനിടയിൽ, ഇഷ്ട ഴോണറിന് മുൻഗണന നൽകി ഞാൻ തിരഞ്ഞെടുത്ത പുസ്തകമാണ്, അന്വേഷണചൊവ്വ.
ഇവിടെ പുസ്തകത്തിന്റെയാദ്യ താളുകളെന്നെ, അനന്തുവിന്റെ ജീവിതത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. മുപ്പത്തിയഞ്ചു വയസ്സായിട്ടും, അവിവാഹിതനായി കഴിയേണ്ടിവരുന്നതിന്റെ നിസ്സഹായതകളും, വിഷമതകളുമെല്ലാമൊരുപോലെ, അനുഭവിക്കുന്നൊരാളാണ്, അനന്തു. ക്രൈം ജേർണലിസ്റ്റെന്ന നിലയിൽ അത്യാവശ്യം പേരെടുക്കുന്നതും, അന്വേഷണചൊവ്വയെന്ന പേരിൽ യൂട്ടൂബിൽ സംപ്രേഷണം ചെയ്യുന്ന കുറ്റാന്വേഷണ പരമ്പര, ജനശ്രദ്ധയാകർഷിച്ചു തുടങ്ങുന്നതുമൊന്നും, അവന്റെ ജീവിതത്തിലെ വിടവുകൾ നികത്താൻ പാകത്തിലുള്ള സന്തോഷങ്ങളായി മാറുന്നില്ല. പെണ്ണ് കിട്ടാത്തതിലുള്ള ആളുകളുടെ പരിഹാസവും, അവജ്ഞയും, പലപ്പോഴുമവന്റെ ശ്വാസം മുട്ടിക്കുന്നു . ഏതുവിധേനയെങ്കിലുമൊരു കല്യാണം കഴിക്കാനവൻ, അതിയായി ആഗ്രഹിക്കുന്നു.
താളുകൾ മുന്നോട്ടു മറിക്കുന്നതിനിടയിലെന്റെ മനസിലേക്കുവന്നതു മുഴുവനും, അനന്തുവിന്റെയാ നിസ്സഹായാവസ്ഥകളാണ്. സമൂഹമതിലുൾകൊള്ളുന്ന മനുഷ്യരെയെന്തൊക്കെ കാരണങ്ങൾ പറഞ്ഞാണല്ലെ കുത്തിനോവിക്കുന്നത്! കല്യാണം കഴിക്കാനല്പം താമസിച്ചുപോയാൽ, ജോലി കിട്ടാനിത്തിരി കാലതാമസം നേരിട്ടാൽ, അങ്ങനെയതിന്റെ നോർമൽ നറേറ്റീവുകൾ പിന്തുടരാൻ കഴിയാതെ വരുന്നവരെയും, അതിനായി ശ്രമിച്ചു പരാജയപ്പെട്ടു പോകുന്നവരെയുമൊക്കെ, സമൂഹമെപ്പോഴും ഒറ്റപ്പെടുത്തുന്നു. കുത്തുവാക്കുകൾ കൊണ്ടു മനസ്സിൽ വേദന കോരിയിടുന്നു. സ്വന്തം ഇഷ്ടങ്ങൾ പിന്തുടരാനനുവദിക്കാതെയവരെ ഞെരിച്ചമർത്തിയാനന്ദം കൊള്ളുന്നു.
അത്തരത്തിൽ, വികൃതമായി പരിണമിച്ചിരിക്കുന്നൊരു സമൂഹമനസാക്ഷിയുടെ ഇരയാണിവിടെ, അനന്തു. അതുകൊണ്ടുമാത്രമാണവൻ, വളരെയപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സ്റ്റെല്ലയെന്ന പെൺക്കുട്ടിയെ, വിടാതെ ചേർത്തു നിർത്താൻ ശ്രമിക്കുന്നത്, തന്റെ ജീവിതത്തിലേക്കവളെ ക്ഷണിക്കാൻ, മനസ്സുകൊണ്ട് തയ്യാറാവുന്നത്. എന്നാൽ, അവളുമായി ചേർന്നവൻ കണ്ടുതുടങ്ങിയ സ്വപ്നങ്ങളുടെ മേലിവിടെ, കരിനിഴൽ വീഴുകയാണ്. വിധിയവന്റെ സന്തോഷങ്ങളെയും, ചിരികളെയും നിഷ്കരുണം കവർന്നെടുക്കുകയാണ്.
തുടർന്നങ്ങോട്ടെഴുത്തുകാരൻ പറഞ്ഞു പോകുന്നതു മുഴുവനും, അനന്തുവിന്റെ ജീവിതത്തിൽ സംഭവിക്കുന്നയാ ദുരന്തത്തെയും, അതിനു കാരണക്കാരായി പ്രവർത്തിച്ചവരെ കണ്ടെത്താനായി നടത്തപ്പെടുന്ന അന്വേഷണങ്ങളെയും കുറിച്ചാണ്.
അതുവഴി 'Yet another crime story' - യെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന വിധത്തിൽ, പുസ്തകമവിടെയൊരു സ്ഥിരം ടെംപ്ളേറ്റിലേക്ക് വഴി മാറിയൊഴുകി തുടങ്ങുന്നു. മലയാളസാഹിത്യ - ലോകത്തടുത്തിടെയായി കണ്ടുവരുന്നൊരു ത്രില്ലെർ കുത്തുഴൊക്കിന്റെ ഭാഗമായി പുറത്തിറങ്ങുന്ന, ഒരേയച്ചിൽ വാർത്തെടുത്ത കൃതികളുടെയേറ്റവും പുതിയ പുസ്തകരൂപമായി മാറുന്നു.
ചുരുക്കത്തിൽ, ക്ലിഷേയായ കഥാഗതികളും, കഥാപാത്ര സ്വഭാവങ്ങളുമുള്ള നേരത്തും, മുന്നോട്ട് വായിച്ചുപോകാനൊരു താല്പര്യം ജനിപ്പിക്കുന്നതിൽ വിജയിക്കുന്ന പുസ്തകമാണ്, അന്വേഷണച്ചൊവ്വ. വായനയ്ക്ക് ശേഷം വായനക്കാരനോടൊപ്പം കൂടാൻ തക്കവണ്ണം ഡെപ്ത്തുള്ള കഥാപാത്രങ്ങളോ, സാഹചര്യങ്ങളോയിവിടെയുണ്ടാവുന്നില്ല. എങ്കിലും വായിച്ചവസാനിപ്പിക്കുമ്പോൾ, നഷ്ടം തോന്നുന്നുമില്ല.