ക്രൈം ഫിക്ഷൻ എന്റെ ഒരു ഇടം അല്ല എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട് .അതിനു കാരണം അത്തരം കഥകളിൽ സ്വതവേ കണ്ടു വരാറുള്ള വികാരങ്ങളുടെ അഭാവമാണ് .കൊറേ കബന്ധങ്ങളുടെ കൂട്ടത്തിൽ നിന്നുയർന്നു വരുന്ന ഏതോ ഒരു കൊലപാതകിയുടെ മുഖം എന്തോ എനിക്കത്ര ആസ്വാദ്യകരമല്ല .ഈ അടുത്ത കാലത്തു വായിച്ച മലയാളം ക്രൈം നോവലുകളിൽ ഏറ്റവും നല്ലതു എന്ന് തോന്നിയത് രജദ് ആർ കൃഷ്ണകൃപ എഴുതിയ ഒന്നാം ഫോറൻസിക് അദ്ധ്യായം ആയിരുന്നു .അവിടെ ഒരു കൊലയും കൊലപാതകിക്കും അപ്പുറത്തു ജീവിതത്തെക്കുറിച്ചൊരു ധാരണയും (അല്ലെങ്കിൽ ധാരണയില്ലായ്മ്മയും) അതിനെപ്പറ്റിയുള്ള ചില ചിന്തകളും സംഭാഷണങ്ങളും ഒക്കെയുണ്ടായിരുന്നു .ഒരു തരത്തിൽ അത് tana french എഴുതിയ in the woods എന്ന ക്രൈം നോവലിനെ ഓർമിപ്പിച്ചു .(ഉള്ളടക്കം കൊണ്ടല്ല കേട്ടോ .കഥയുടെ ഗുണമേന്മ കൊണ്ട് ).
മായാ കിരണിന്റെ ദി ബ്രെയിൻ ഗെയിം എന്ന വർക്ക് ലേക്ക് വരുമ്പോ എനിക്ക് കുറച്ചൂടെ റിലേറ്റ് ചെയ്യാൻ പറ്റുന്നത് ശ്രീ പാർവതിയുടെ പോയട്രി കില്ലർ എന്ന വർക്ക് ആണ് .രണ്ടും എന്റെ അഭിപ്രായത്തിൽ ഇടത്തരം വർക്കുകളാണ് .ത്രിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് .നമ്മളെ വല്ലാതെ സ്വാധീനിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല .നിലത്തു വയ്ക്കാതെ വായിക്കാം എന്നുള്ളത് തീർച്ചയായും ഒരു മേന്മ തന്നെയാണ് .പോപ്പ് കോൺ പോലെയുള്ള നോവലുകൾ എന്ന് പറയാം . മായയുടെ ആദ്യ നോവലായ ഞാൻ വൈദേഹിയോട് (അതൊരു മാന്ത്രിക നോവൽ ആണ് കേട്ടോ )തട്ടിച്ചു നോക്കുമ്പോ ഈ നോവൽ വളരെ മുന്നോട്ടു വന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ .ഒരുത്തമ കലാസൃഷ്ടിയിൽ എപ്പോഴും വീണ്ടും വീണ്ടും വന്നു കാണാൻ എന്തെങ്കിലും ഒക്കെ ഉണ്ടാവും .അത്തരത്തിൽ ഒന്നും ഇതിൽ എനിക്ക് കാണാൻ സാധിച്ചില്ല .ഇനി ചിലപ്പോ പേജിന്റെ എണ്ണം കുറക്കാൻ ഡീസി കാണിച്ച പണിയാണോ എന്ന് ചോദിച്ചാൽ അതും അറിയില്ല കേട്ടോ .,പുതുതായി വായിച്ചു തുടങ്ങുന്ന ഒരാളെ നന്നായി തൃപ്ത്തിപ്പെടുത്തുന്ന ഒരു വർക്കാണ് ദി ബ്രെയിൻ ഗെയിം .പ്രധാന കഥാപാത്രങ്ങളോട് വൈകാരികമായി അടുക്കാനുള്ള ഒരു ഇടം ആഖ്യാനത്തിൽ ഇല്ലാത്തതു കൊണ്ട് തന്നെ കഥയിലെ ബൗദ്ധികമായ വളവുകളും തിരിവുകളും കൊണ്ട് നമ്മൾ തൃപ്തിപ്പെടേണ്ടി വരും .(അതെല്ലാം നന്നായിട്ടുണ്ട് താനും ).പക്ഷെ IQ വിനേക്കാൾ EQ ആണ് നിങ്ങൾ ഈ കഥയിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റും . ഒരു ക്രൈം നോവലിൽ അതൊക്കെ വേണമെന്നുള്ള യാതൊരുനിർബന്ധവും ഇല്ല കേട്ടോ .പക്ഷെ നന്നായി സെറ്റ് ചെയ്യപ്പെട്ട ഭൂമികയിലൂടെ ,കഥാപാത്രങ്ങളുടെ ചിന്തകളുടെ വേലിയേറ്റങ്ങളിലൂടെ .അവരുടെ ചൂടുള്ള രക്തത്തിന്റെ പശിമയിലൂടെ നമുക്ക് കിട്ടിയേക്കാവുന്ന ഒരു കിക്കുണ്ട് .ആ കിക്ക് കിട്ടുന്ന കഥകളാണ് കുറച്ചൂടെ നിലനിൽക്കാൻ സാധ്യതയുള്ളവ എന്ന് തോന്നുന്നു .(അല്ല എന്റെ തോന്നലാണ് കേട്ടോ .എല്ലാം ഒരു തോന്നലാണല്ലോ )
അപ്പൊ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ ,രസകരമായ ഒരൊറ്റ വായനക്ക് ഉള്ളത് ഇതിലുണ്ട് .വായിച്ചാട്ടെ .ആർമാദിച്ചാട്ടെ .
വായന📖 - 10/2022 പുസ്തകം📖 - ദി ബ്രെയിൻ ഗെയിം രചയിതാവ്✍🏻 - മായാ കിരൺ പ്രസാധകർ📚 - ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ(An imprint of DC Books) തരം📖 - ക്രൈം സസ്പെൻസ് ത്രില്ലർ പതിപ്പ്📚 - 2 പ്രസിദ്ധീകരിച്ചത്📅📚 - ഡിസംബർ 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - നവംബർ 2021 താളുകൾ📄 - 206 വില - ₹230/-
🧠ഇതിനോടകം തന്നെ ഒട്ടേറെ പേർ വായിക്കുകയും വായനാക്കുറിപ്പുകൾ എഴുതുകയും ചെയ്ത ഈയടുത്ത് പ്രസിദ്ധീകരിച്ച ഒരു ക്രൈം ത്രില്ലർ നോവലാണ് മായാ കിരൺ എഴുതിയ "ദി ബ്രെയിൻ ഗെയിം". ക്രൈം ത്രില്ലറുകളുടെ സുവർണ്ണകാലമായ ഈ സമയത്ത് ഈയടുത്ത് വായിച്ച ക്രൈം ത്രില്ലർ നോവലുകളിൽ മികച്ച നോവലുകളുടെ കൂട്ടത്തിൽ തന്നെ പെടുത്താവുന്ന ഒരു പുസ്തകം തന്നെയാണിത്.
🧠ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ നടക്കുന്ന കൊലപാതകങ്ങൾ, ഓരോ കൊലപാതകത്തിന് മുമ്പും കൊല്ലപ്പെടാൻ പോകുന്ന വ്യക്തിയുമായോ അന്വേഷണ ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ആരുടെയെങ്കിലും ഫേസ്ബുക്ക് പ്രൊഫൈലിലെ ഫ്രണ്ട്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെടുന്ന ഒരു വ്യാജപ്രൊഫൈൽ, പ്രൊഫൈൽ ചിത്രത്തിൽ കൊലയാളി ഒളിപ്പിച്ചുവെക്കുന്ന സൂചനകൾ, കൊല്ലപ്പെടാൻ പോകുന്ന വ്യക്തിയുടെ പേരിൻ്റെ ആദ്യഅക്ഷരം, കൊല്ലപ്പെടാൻ പോകുന്ന തീയതി, സമയം എന്നിങ്ങനെ പല സൂചനകളും ഒരു പ്രൊഫൈൽ ചിത്രത്തിൽ ഒളിപ്പിക്കുന്നു. ചിലർക്ക് മാത്രം കാണാവുന്ന തരത്തിൽ സെറ്റിംഗ്സിൽ കസ്റ്റമായി വ്യാജ പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്യുന്ന ആദരാഞ്ചലി അർപ്പിക്കുന്ന പോസ്റ്റുകൾ. കൊലപാതകം നിശ്ചയിച്ച സമയത്തിന് ഏകദേശം അടുത്ത ഒരു സമയത്ത് പോസ്റ്റ് ഇടുന്നു. അങ്ങനെ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്ന കൊലയാളി. അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതകപരമ്പരയെക്കുറിച്ചും കൊലയാളിയെക്കുറിച്ചും ഉള്ള സൂചനകൾ നിറഞ്ഞ പൂർത്തിയാകാത്ത കൊലയാളിയാൽ കൊലചെയ്യപ്പെട്ട ഒരു ക്രൈം ഫിക്ഷൻ നോവലിസ്റ്റിൻ്റെ നോവൽ.
ഈയിടെയിറങ്ങിയ കുറ്റാന്വേഷണ പുസ്തകങ്ങളിൽ പുതിയതും നല്ല പോലെ പ്രശംസ നേടിയതുമായ നോവലാണ് മായാ കിരണിന്റെ ദി ബ്രെയിൻ ഗെയിം. സീരീയൽ കില്ലർ എന്നു പറഞ്ഞാൽ പൊതുവെ അവർ. നടത്തുന്ന കൊലപാതകങ്ങളിലൂടെ ഒരു പസിൽ ഗെയിം ഉണ്ടാക്കുന്നവരാണ്. അത്തരത്തിലുള്ള ഒരു ഗെയിമിന്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന കുറ്റാന്വേഷണ കഥയാണീ നോവൽ.
ഒരു സിനിമാറ്റിക് നോവലെന്ന് ഈ നോവലിനെ വേണമെങ്കിൽവിശേഷിപ്പിക്കാം. നല്ല രീതിയിൽ തന്നെ സസ്പെൻസും നാടകീയതയും നില നിർത്തിക്കൊണ്ട് പോവാൻ നോവലിസ്റ്റ്ന് കഴിയുന്നുണ്ട്. മടുപ്പിക്കാത്ത രീതിയിലുള അന്വേഷണ വിവരണം വായനക്കാരെ പിടിച്ചിരുത്തുന്നതാണ്.
ഇംഗ്ലീഷ്ന്റെ അതിപ്രസരം ആണീ നോവലിൽ ഒരു വ്യത്യസ്തതയായിതോന്നിയത്. ഇത്രയധികം ഇംഗ്ലീഷിൽ മലയാളി പോലീസുകാർ സംസാരിക്കുമെന്ന് കരുതുന്നില്ല. എങ്കിലും അതൊന്നും ആസ്വാദനത്തിനെ ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല പല സാങ്കേതിക വശങ്ങളും വിദ്യകളും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിക്കുന്നുണ്ട്.
2021 ലിറങ്ങിയ നല്ല ഒരു കുറ്റാന്വേഷണ നോവൽ. കഥ വിവരിച്ചു രസം കളയുന്നില്ല. ഡിസി അപ്മാർക്കറ്റ് പുറത്തിറക്കിയ പുസ്തകത്തിന് 206 പേജുകളുണ്ട്
പേജുകൾ മറിക്കും തോറും വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നോവൽ. അഡ്വക്കേറ്റ് അനന്ദനുണ്ണ���യുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ നിന്ന് അന്വേഷണം ആരംഭിക്കുമ്പോൾ കിട്ടുന്നത് മരണങ്ങളുടെ ചങ്ങല തന്നെയാണ്. അതിനു മുൻപ് നടന്ന കൊലപാതകങ്ങളും നടക്കാൻ പോകുന്ന കൊലപാതകങ്ങളും വായനക്കാരനെ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്നു. ഹർഷൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണ രീതി മടുപ്പിക്കാത്തതും രസകരമായതുമാണ്. ക്രൈം ത്രില്ലർ ആയതുകൊണ്ട് തന്നെ വായിച്ചു, അതിന്റെ രസം അറിയുന്നത് ആയിരിക്കും നല്ലത്.
കുറച്ചു കാലം മുൻപ് വായിച്ചിരുന്നെങ്കിൽ ഇതിലും നല്ല റേറ്റിങ്ങ് കൊടുത്തേനെ. ഒരുപാട് വലിച്ചു നീട്ടിയിട്ടുണ്ട്. അവസാന ഭാഗമെത്തുമ്പോഴേക്കും ഒട്ടും വിശ്വസനീയമല്ലാതാകുന്ന പ്ലോട്ട്.
മായാ കിരൺ എഴുതിയ ഈ പുസ്തകം നമുക്ക് സാമൂഹ്യമാധ്യമങ്ങളിൽ ഒളിച്ചിരിക്കുന്ന ഒരു ചതിക്കുഴിയുടെ സാധ്യതയെ കുറിച്ച് വിവരിക്കുന്നുണ്ട്.
വളരെ വ്യത്യസ്‌തമായ ഒരു കൊലപാതക രീതിയാണ് ഇവിടെ കൊലയാളി സ്വീകരിച്ചിരിക്കുന്നത് . അതും സാങ്കേതിക വിദ്യകളെ കൂട്ട് പിടിച്ചു കൊണ്ടും .
കൊലയാളിയും കൊലയുടെ കാരണങ്ങളും എനിക്ക് അത്രയ്ക്ക് വിശ്വാസയോഗ്യമല്ലാത്തത് പോലെ അനുഭവപെട്ടു. ചില അച്ചടിപ്പിശകുകൾ കടന്നു കൂടിയത് പോലെ എന്റെ ശ്രദ്ധയിൽപെട്ടു . ഉദാ: ജാഹ്നവി കൊല്ലപ്പെട്ട ദിവസം പേജ് നമ്പർ 70,73, 77 എന്നുള്ളവയിൽ വ്യത്യസ്ത തീയതികളാണ് പറഞ്ഞിരിക്കുന്നത് .
എഴുത്തുകാരിയുടെ വരും പുസ്തകങ്ങൾക്കായി കാത്തിരിക്കുന്നു .
സാധാരണ മൂന്നു ദിവസമാണ് ഒരു ബുക്ക് വായിക്കാൻ ഞാൻ എടുക്കുന്ന സമയം. വളരെ ആസ്വദിച്, പതുക്കെ ആണ് വായന. സംശയം വരുന്ന ഭാഗം പിന്നെയും വായിക്കും… എന്നാൽ, അടുത്തിടെ വായിച്ച ഒരു ഡീറ്റെക്റ്റീവ് നോവൽ, The Brain Game… അത് വായിച്ച് തീർക്കാൻ ഇരട്ടി സമയം എടുത്തു. ഓരോ അദ്ധ്യായത്തിന്റെ അവസാനം എത്തുമ്പോഴേക്കും നെഞ്ചിടിപ്പും ആകംക്ഷയും കാരണം തുടർന്ന് വായിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതിലെ കഥാപാത്രമായ ഹർഷന്റെ കൂടെ ആയിരുന്നു എന്റെ യാത്ര. ശെരിക്കും ഒരു ബ്രെയിൻ ഗെയിം തന്നെ ആയിരുന്നു… നോവലിന്റെ അവസാനം എത്തിയപ്പോൾ, ഒന്നുകൂടി വായിക്കാൻ തോന്നി… ഞാൻ എന്തേലും ലൂപ് ഹോൾ വിട്ടുപോയോ എന്നായിരുന്നു സംശയം…🤔🤔😃😃 ആദ്യമായി രണ്ടാമതും വായിച്ച നോവൽ… അതും ആദ്യത്തെക്കാൾ ആകംഷയോടും നെഞ്ചിടിപ്പോടുംകൂടി…🥰
“നമ്മളൊക്കെ സമൂഹമാധ്യമങ്ങളൊക്കെ ഉപയോഗിക്കുന്നതും അതിലൊക്കെ നിരന്തരമായി ഇടപെടുന്നതുമൊക്കെ നമ്മുടെ സന്തോഷത്തിനായല്ലേ? ആ സ്ഥാനത്തു അതേ മീഡിയത്തിൽ തന്നെ ഒരു ഭീഷണി വരികയെന്ന് വെച്ചാലോ?”
ഒരു പുസ്തകം വായിക്കുവാൻ തുടങ്ങിയാൽ പിന്നെ വായിച്ചുതീർക്കാതെ അടച്ചുവെയ്ക്കാൻ പറ്റാതെയിരിക്കുക എന്നത് തീർച്ചയായും ഒരു എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ വിജയം തന്നെയാണ്. അത്തരത്തിലൊരു പുസ്തകം തന്നെയാണ് ‘ദി ബ്രെയിൻ ഗെയിം’. ഒരു perfect crime thriller എന്ന് വിശേഷിപ്പിക്കാൻ എന്നിലെ വായനക്കാരിയ്ക്ക് സാധിക്കില്ലെങ്കിലും ഉദ്വേഗവും ആകാംഷയും നിറയ്ക്കുന്നതിൽ ഒട്ടും പിന്നിലല്ല ഈ കഥയും എഴുത്തുരീതിയും.
സമൂഹമാധ്യമങ്ങളും അതിനുള്ളിലെ ചതിക്കുഴികളും എഴുത്തുകാരി നമുക്ക് കാണിച്ചുതരുന്നു. ഒന്നിന് പുറകെ മറ്റൊന്നായി ഉണ്ടാവുന്ന മരണങ്ങൾ. ആ മരണം സംഭവിയ്ക്കുന്നതിന് മുന്നേ ചില ഫേസ്ബുക്ക് പേജുകളിൽ ചിലർക്ക് മാത്രം കാണുവാൻ സാധിക്കുന്ന രീതിയിൽ മരണപ്പെടുവാൻ പോകുന്നയാൾക്കായി പോസ്റ്റ് ചെയ്യുന്ന ആദരാഞ്ജലി. അന്വോഷണോദ്യോഗസ്ഥരെ കുഴക്കുന്ന ഈ കൊലപാതകപരമ്പരയ്ക്ക് പിന്നിലെ brain & hands ആരുടേതാണെന്ന് തിരിച്ചറിയാനാവാതെ ഞാനും കുഴങ്ങി.
climax ൽ രണ്ട് വഴിത്തിരിവുകളുമായി മുൾമുനയിൽ നിർത്തി നോവൽ അവസാനിച്ചപ്പോൾ പേര് പോലെ തന്നെ ശരിക്കും ഒരു ‘ദി ബ്രെയിൻ ഗെയിം’ ൽ അകപ്പെട്ട് പുറത്തുവരാനാവാതെ ഇരിക്കുന്നത് പോലെയായിരുന്നു.
മായാ കിരണിൻ്റെ ദി ബ്രെയിൻ ഗെയിം, An absolute page turner. ഒരു ചെറിയ ഇടവേള കഴിഞ്ഞ് കയ്യിലെടുത്ത പുസ്തകം, എന്നൽ അതിൻ്റെ ഓരോ താളുകളും അധ്യായവും അടുതത്തിലേക്ക് ചൂണ്ടുന്ന ഒരു മുനയുണ്ടു, അതിനാൽ തന്നെ വായനയുടെ full ഗിയറിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാനും 2 ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കുവാനും സാധിച്ചു.
Favorite lines from the book 📖 👇
മനസ്സാണ് ആദ്യത്തെ വിധിതാവ്, അതിൽ ആദ്യം തോന്നുന്ന തോന്നൽ അബോധമനസ്സിൻ്റെ മുന്നറിയിപ്പാണ്, അതിനെ പിന്തുടരണം.
Absolute page turner. An exceptionally exciting crime thriller. ആദ്യത്തെ അധ്യായം മുതൽ ഇനിയെന്ത് എന്നറിയാനുള്ള ആകാംക്ഷ ഉണർത്തുന്ന, പുസ്തകം താഴെ വെക്കാൻ അനുവദിക്കാത്ത എന്തോ ഒന്ന് ഈ പുസ്തകത്തിൽ ഉണ്ട്.