നിത്യജീവിതമുണ്ടാക്കുന്ന അനേകം അടിമ വ്യവസ്ഥകളുടെ തടവറയിൽ അകപ്പെട്ട മനുഷ്യൻ പൂർണ്ണതയെ തിരയുന്നതിന്റെ ചരിത്രമാണ് 'സർഗോന്മാദം'. മനുഷ്യൻ ഒരു പൂർണ്ണ ജീവിയാകുന്നത് ഭാവനയുടെയും യുക്തിയുടെയും അടിസ്ഥാന പ്രേരണകളെ തുല്യപ്രാധാന്യത്തോടെ ജീവിതത്തിലേക്ക് കൂട്ടിയിണക്കുമ്പോഴാണ് എന്ന തത്വചിന്തയെ സൂക്ഷ്മവും സമഗ്രവുമായി പഠനവിധേയമാക്കുകയാണ് ഇവിടെ. കുട്ടിക്കാലത്തെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ അടിമത്വത്തിന്റെ തടവറകളിലേക്ക് മനുഷ്യർ തളയ്ക്കപ്പെടുന്നതിൽ തുടങ്ങി സർഗാത്മകതയുടെ അനന്തസാധ്യതകൾ കൊണ്ട് ആ തടവറകളെ ഭേദിക്കുന്നതിന്റെ വഴികളെ കണ്ടെത്തുന്നതിലേക്ക് അത് സഞ്ചരിക്കുന്നു. സർഗാത്മകതയുടെ പൂർണ്ണതകൊണ്ട് അനശ്വരരായ ലിയനാർഡോ ഡാവിഞ്ചി, അൽഹസൻ അൽ ഹാഷം, ഗെയ്‌ഥേ, ആൽബർട്ട് ഐൻസ്‌റ്റൈൻ, ജോർജ് മെലിയസ്, ജയിംസ് കാമറൂൺ തുടങ്ങിയ പ്രതിഭകളുടെ ജീവിതത്തെ പഠനവിധേയമാക്കി കൊണ്ട് മസ്തിഷ്‌കത്തിന്റെ ഏറ്റവും സൂക്ഷ്മതലങ്ങളിൽ നിന്നും സർഗാത്മകതയുടെ സാധ്യതകൾ എങ്ങനെയാണ് ഉരുവം കൊള്ളുന്നത് എന്ന് കണ്ടെത്തുന്നു. ഭാവനയുടെയും കഥയുടേയും ചിത്രകലയുടെയും ആധുനികശാസ്ത്രാന്വേഷണങ്ങളുടെയും വൈകാരികാനുഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് സർഗാത്മകജീവിതത്തിന്റെ പുതിയ സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള ഒരു മാനിഫസ്‌റ്റോ നിർമ്മിക്കുകയാണ് 'സർഗോന്മാദ'ത്തിലൂടെ ജീവൻ ജോബ് തോമസ്.
1979-ല്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ ജനിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, ഡോ. സി.പി. മേനോന്‍ സ്മാരക അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചു.