പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.
അതെ. അനാവശ്യമായി കൊട്ടിഘോഷിക്കപ്പെട്ട ഒരു അവിഹിതം! അങ്ങനെ മാത്രമാണ് ബിനീഷ് പുതുപ്പണം എന്ന നവാഗത എഴുത്തുകാരന്റെ പ്രേമ നഗരം എന്ന നോവലിനെപ്പറ്റി എനിക്ക് തോന്നിയത്. ഒരുപാട് ഇൻസ്റ്റാഗ്രാം പോസ്റ്റുകളും മറ്റും ഈ പുസ്തകത്തെപ്പറ്റിയുള്ള പരാമർശങ്ങളും സ്തുതികളും കണ്ടതാണ് ഞാൻ പ്രേമ നഗരത്തിലേക്ക് എത്താനിടയായത്. ഒന്നാമത്തെ പേജ് തൊട്ടേ cringe feeling അടിക്കുക എന്നൊക്കെ പറയാറില്ലേ, ആ അവസ്ഥയിൽ ആണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ആ ഒരു തോന്നൽ അവസാന പേജ് വരെയും അനുഭവപ്പെട്ടു എന്നത് നിരാശയായി.
നോവലിന്റെ ആശയത്തെപ്പറ്റി പറയട്ടെ. അവിവാഹിതനായ ഒരു ചെറുപ്പക്കാരൻ. അയാളേക്കാൾ വയസ്സിൽ മുതിർന്നതും വിവാഹിതയും അമ്മയുമായ ഒരു സ്ത്രീ. ഇവർ തമ്മിലുള്ള സൗഹൃദം, അതിൽനിന്നുമുടലെടുത്ത പ്രണയം, പ്രണയത്തിന്റെ തീയിൽ കുരുത്ത രതി. ഒരുപാട് കണ്ടും കേട്ടും പഴകിയ കഥാപശ്ചാത്തലം. ഇവിടെ പത്രപ്രവർത്തകനായ മാധവ് ആണ് 33 വയസ്സുകാരനായ ചെറുപ്പക്കാരൻ. വിവാഹിതയും പ്ലസ് ടുവിനു പഠിക്കുന്നൊരു മകളുടെ അമ്മയുമായ, 43 വയസ്സ് കഴിഞ്ഞ നീലു ആണ് കഥാനായിക. മാധവും നീലുവും തമ്മിൽ ആകസ്മികമായി കണ്ടുമുട്ടുകയും തികച്ചും ആകസ്മികങ്ങളായ മറ്റു അവസരങ്ങളിലൂടെ സുഹൃത്തുക്കളാവുകയും കൂടുതൽ അടുക്കുകയും ചെയ്യുന്നു. ഈ അടുപ്പത്തിന്റെ വാതിൽ അവരെ പ്രണയമെന്ന നഗരത്തിലും, അവിടെ നിന്നും മനപ്പൂർവ്വം സൃഷ്ടിച്ചെടുത്ത അവസരങ്ങളിലൂടെ, വായനയെ അലോസരപ്പെടുത്തുന്ന ഏകപക്ഷീയമായ വിശകലനങ്ങളിലൂടെ, മടുപ്പിക്കുന്ന വിശദീകരണങ്ങളിലൂടെ രതിയിലുമെത്തിക്കുന്നു. പലപ്പോഴും കഥയെന്ന സ്വഭാവം വിട്ട് സിദ്ധാന്തങ്ങളും അനാവശ്യമായ രാഷ്ട്രീയവും കയറിവരുന്നു. ഒട്ടുമിക്ക കാര്യങ്ങളും ബുള്ളറ്റ് പോയിന്റുകൾ കൊണ്ട് നിറച്ച് സമർത്ഥിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുന്നു. എന്റെ വായനയുടെ ആകെത്തുക നിരാശ മാത്രം!
സാധാരണ ഞാൻ വായിച്ചു ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ ആണ് മറ്റുള്ളവർക്ക് നിർദ്ദേശിക്കാറുള്ളത്. എന്നാൽ തികച്ചും ഹൈപ്പ് കൊണ്ട് മാത്രം ഞാൻ ഈ പുസ്തകം വാങ്ങുകയും, വായിക്കുന്നതിനു മുന്നേ എന്റെ പുസ്തകപ്രേമിയായ ഭാര്യക്ക്, കല്യാണത്തിന് മുൻപ്, ഒരു പിറന്നാൾ സമ്മാനം എന്ന നിലയിൽ (മറ്റു പുസ്തകങ്ങളുടെ കൂട്ടത്തിൽ) കൊടുക്കുകയും ചെയ്തു. അവൾക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, ഞാൻ നിർബന്ധമായും വായിക്കണമെന്ന്, ഒരുതരത്തിൽ പറഞ്ഞാൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഞാൻ ഇതാ പ്രേമ നഗരത്തിൽ നിന്നും ആനവണ്ടിയും പിടിച്ചു ഈ കുറിപ്പെഴുതാൻ ഇവിടെ വന്നിരിക്കുന്നു.
പതിനെട്ടാം പതിപ്പ് എന്നൊക്കെ കണ്ട് ഏറെ പ്രതീക്ഷയോടെ വാങ്ങി വായിച്ച പുസ്തകം അമ്പേ നിരാശനാക്കി. നിരാശ എന്നല്ല പറയേണ്ടത്, പലപ്പോഴും അരിശം ഉണ്ടാക്കി.
ആധുനിക പമ്മൻ ആകാൻ വേണ്ടി ശ്രമിച്ചിട്ട് മുത്തുച്ചിപ്പിയിൽ കഥ എഴുതുന്ന ആളുടെ നിലവാരത്തിൽ ആണ് ബിനീഷ് എത്തി ചേർന്നിരിക്കുന്നത് എന്ന് തോന്നി പലപ്പോഴും. അവിഹിതത്തെ പുണ്യവൽക്കരിച്ചെങ്കിലും ചില പേജുകൾ ഒക്കെ വായിക്കുമ്പോ ഛർദിക്കാൻ ആണ് തോന്നിയത്.
എഴുത്തുകാരൻ ബുദ്ധിജീവി ആണെന്ന് കാണിക്കാൻ ചുംബന സമരവും ഒരു അധ്യായം നിറയെ ഒരു ബന്ധവും ഇല്ലാതെ ശബരിമല സമരവും ഒക്കെ കുത്തി നിറച്ചിട്ടും ഉണ്ട്.
എനിക്ക് തീരെ ദഹിച്ചില്ല, നിങ്ങൾക്ക് ദഹിക്കും ആയിരിക്കും, പക്ഷേ ഒരു അവസരം ഉണ്ടെങ്കിൽ ഇതിൽ നിന്നും മാറി നിൽക്കുക. അമ്മാതിരി ദുരന്തം!
ഡിസിയുടെ ഒരു ബുക്ക് വൗച്ചർ ഉപയോഗിച്ചു വാങ്ങി എന്റെ ഷെൽഫിൽ രിക്കുവാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായിരുന്നു. പതിപ്പുകളുടെ എണ്ണം കണ്ടു വാങ്ങിയതാണ്. പിന്നീട് ഇതിന്റെ റിവ്യൂ പലയിടങ്ങളിലായി കണ്ടിരുന്നതിനാൽ വായനക്ക് എടുക്കുവാൻ തോന്നിയില്ല. പൾപ്പ് ഫിക്ഷൻ എന്നതിന്റെ ഉദാഹരണമായി പറയാൻ പറ്റും ( പക്ഷെ 199rs വിലയിട്ടു വിൽക്കുന്ന പുസ്തകമാണ്). എന്തായാലും എനിക്ക് വർക്കായില്ല, ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ എന്ന പ്രസാധക നാമം കണ്ടാൽ നല്ലപോലെ ആലോചിച്ചു റിവ്യൂ നോക്കിയിട്ടു മാത്രമേ പുസ്തകം മേടിക്കൂ എന്ന തീരുമാനത്തിലെത്തിക്കാൻ ഈ പുസ്തകം സഹായിച്ചു.
വായന📖 - 7/2022 പുസ്തകം📖 - പ്രേമനഗരം രചയിതാവ്✍🏻 - ബിനീഷ് പുതുപ്പണം പ്രസാധകർ📚 - ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ(An imprint of DC Books) തരം📖 - റൊമാൻസ്, നോവൽ പതിപ്പ്📚 - 1 പ്രസിദ്ധീകരിച്ചത്📅📚 - നവംബർ 2021 താളുകൾ📄 - 152 വില - ₹170/-
"ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോൽ നാം പരസ്പരം തൊട്ടമാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ"
📍ഡി.സി ബുക്സിൻ്റെ അപ്മാർക്കറ്റ് ഫിക്ഷൻ വിഭാഗത്തിൽ ഈയടുത്ത് ഇറങ്ങിയ കുറച്ച് നോവലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും വായിക്കപ്പെട്ടതുമായ നോവലുകളിൽ ഒന്നാണ് "പ്രേമനഗരം". അനേകം വായനാക്കുറിപ്പുകൾ ഇതിനോടകം തന്നെ ഈ പുസ്തകത്തെക്കുറിച്ച് വന്നുകഴിഞ്ഞു. ആ ഒരു ആകാംക്ഷയുടെ പുറത്ത് തന്നെയാണ് ഞാനും ഈ നോവൽ വാങ്ങുന്നതും വായിക്കുന്നതും. ഇത്രനാളും ഞാൻ വായിച്ച പ്രണയകാവ്യങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടവയാണ് യക്ഷി, മഞ്ഞ്, അബീശഗിൻ, പ്രേമലേഖനം, ഒരിക്കൽ എന്നിവ. അക്കൂട്ടത്തിലേക്ക്, എൻ്റെ ഇഷ്ടപ്രണയകാവ്യങ്ങളുടെ കൂട്ടത്തിലേക്കാണ് ഈ പുസ്തകവും ഞാൻ ഇപ്പോൾ ചേർത്തിട്ടുള്ളത്.
📍ഒരു നവാഗത എഴുത്തുകാരനിൽ നിന്നും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് ഈ നോവൽ എന്ന് തന്നെ പറയാം. അത്രമേൽ പ്രണയത്തെക്കുറിച്ച് വിശദമായ ഒരു പഠനം തന്നെ എഴുത്തുകാരൻ നടത്തിയിട്ടുണ്ടെന്ന് തോന്നും ഈ നോവൽ വായിക്കുമ്പോൾ. നോവലിൽ പലയിടങ്ങളിലും പോയിൻ്റ് ബൈ പോയിൻ്റ് ആയി തിരിച്ച് പ്രണയത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ഓരോ വസ്തുതകൾ ചേർത്തത് പുതുമയായി തോന്നി. ഇതുവരെ മറ്റൊരു നോവലിലും കാണാത്ത ഒരു പുതുമയുള്ള സമീപനം. അത് അഭിനന്ദനാർഹമാണ്.
📍പ്രേമനഗരത്തിൻ്റെ പ്രമോഷന് വേണ്ടി ഇറക്കിയ "ആനവണ്ടിയിലന്ന് നമ്മൾ" എന്ന് തുടങ്ങുന്ന ഗാനം ഞാൻ നേരത്തെ തന്നെ കേട്ടിരുന്നു. അതിനുശേഷം ഈ നോവൽ വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വ്യത്യസ്ത അനുഭൂതിയാണ് എനിക്ക് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ നോവൽ ഇനി വായിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ആ പാട്ട് കേട്ടതിനു ശേഷം നോവൽ വായിക്കുകയാണെങ്കിൽ വായന കുറച്ചുകൂടി ആസ്വാദ്യകരമാകുമെന്നതിൽ സംശയമില്ല എന്നാണ്.
📍പ്രണയം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ വരുന്ന ഒരു ചിത്രം സമപ്രായക്കാരായവർ തമ്മിലോ അല്ലെങ്കിൽ ഒരു സ്ത്രീയും ആ സ്ത്രീയേക്കാൾ പ്രായത്തിൽ കുറച്ചെങ്കിലും മുതിർന്ന ഒരു പുരുഷനും തമ്മിലോ ഉള്ള പ്രണയമായിരിക്കും. രണ്ടു പുരുഷന്മാർ തമ്മിലോ രണ്ടു സ്ത്രീകൾ തമ്മിലോ അല്ലെങ്കിൽ ഒരു പുരുഷനും പ്രായത്തിൽ പുരുഷനേക്കാൾ മുതിർന്ന ഒരു സ്ത്രീയും തമ്മിലോ ഉള്ള പ്രണയങ്ങൾ എന്നും മലയാളികൾക്കും ���ദാചാരവാദികൾക്കും സ്വീകാര്യമായവയായിരുന്നില്ല ചരിത്രത്തിലും അതുപോലെ തന്നെ വർത്തമാനകാലത്തും.
📍അവിടെയാണ് ഈ നോവൽ പ്രസക്തമാകുന്നത്. അവിവാഹിതനായ ഒരു ചെറുപ്പക്കാരനും വിവാഹിതയും മുതിർന്ന ഒരു പെൺകുട്ടിയുടെ അമ്മയുമായ ഒരു സ്ത്രീയും തമ്മിലുള്ള പ്രണയമാണ് ഈ നോവലിൻ്റെ ഇതിവൃത്തം. പ്രായത്തിലും ഇവർ തമ്മിൽ ഏകദേശം പത്ത് വയസ്സ് വ്യത്യാസം ഉണ്ട്. മാധവിനേക്കാൾ പത്ത് വയസ്സ് കൂടുതലാണ് നീലുവിന്. അന്തരങ്ങൾ പരസ്പരം ഏറെയുണ്ടെങ്കിലും അവയൊന്നും പ്രണയത്തിൽ തടസ്സമാകുന്നില്ലെന്ന് തെളിയിക്കുകയാണ് മാധവും നീലുവും.
📍പ്രണയവും രതിയും മാത്രമല്ലാതെ മനസ്സുകൊണ്ടും ശരീരം കൊണ്ടും അതിനുമപ്പുറം ആത്മാവ് കൊണ്ടും അവർ പ്രണയം എന്താണെന്ന് തിരിച്ചറിയുകയാണ്, നിസ്വാർത്ഥവും നിരുപാധികവും ആയ സ്നേഹം എന്തെന്നറിയുകയാണ്. പരസ്പരം ഒന്നാകുമ്പോൾ, അവരുടെ ഉള്ളിൽ പ്രണയിക്കുന്ന ആൾ എല്ലാ അർത്ഥത്തിലും നിറയുമ്പോൾ മാധവും നീലുവും പ്രണയത്താൽ മുക്തരാക്കപ്പെടുകയാണ്. പ്രകൃതി പ്രണയത്തിന് വേണ്ടി പ്രണയിതാക്കളിൽ നിശ്ചയിച്ചിട്ടുള്ള എല്ലാം തന്നെ അവർ ഓരോന്നോരോന്നായി അനുഭവിച്ചറിയുകയാണ്. പ്രണയത്താൽ വിശുദ്ധരാക്കപ്പെടുകയാണ്. അവിടെയാണ് പ്രണയം സമ്പൂർണമാകുന്നത്. ഉപാധികളില്ലാതെ പ്രണയിക്കാൻ സാധിക്കുന്നത്.
📍വായനാനന്തരം നാമോരോരുത്തരും ഒന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.. എപ്പോഴെങ്കിലും എന്നെങ്കിലും നിരുപാധികസ്നേഹം എന്നത് അറിഞ്ഞിട്ടുണ്ടോ എന്ന്, ഉപാധികളില്ലാതെ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന്, ആരെങ്കിലും നമ്മളെ അങ്ങനെ സ്നേഹിക്കുന്നുണ്ടോ എന്ന്.. ഇല്ല എന്നാണ് ഉത്തരമെങ്കിൽ പ്രണയം എന്തെന്ന് നമ്മൾ അറിഞ്ഞിട്ടില്ല എന്ന് അനുമാനിക്കാം. പ്രണയം എന്തെന്നറിയാതെ മരിച്ചുപോകുന്നതിൽ പരം ദൗർഭാഗ്യകരമായ ഒരവസ്ഥ മറ്റെന്തുണ്ട്..? എന്തെന്നാൽ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ സസ്യജന്തുജീവജാലങ്ങളെല്ലാം തന്നെ പ്രണയിക്കുകയല്ലേ.. "കെട്ടിയോളാണെൻ്റെ മാലാഖ" എന്ന സിനിമയിൽ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രണയത്തെക്കുറിച്ച് പറയുന്ന ഒരു രംഗമുണ്ട്. നമുക്ക് ചുറ്റുമുള്ള ഈ പ്രകൃതി തന്നെ പ്രണയത്തിൽ അധിഷ്ഠിതമാണ്.
📍നോവലിൻ്റെ അവസാനം എന്തെന്നില്ലാത്ത ഒരു വിങ്ങലാണ് എനിക്കനുഭവപ്പെട്ടത്. ശരീരത്തിലും മനസ്സിലും എന്തെന്നില്ലാത്ത ഒരനുഭൂതി ഞാൻ ശരിക്കും അനുഭവിച്ചു. വായനക്ക് ശേഷം കുറെ നേരം ഒന്നും ചെയ്യാതെ വെറുതേയിരുന്നു. മാധവിൻ്റെയും നീലുവിൻ്റെയും ഇടയിലായിരുന്നു ഞാൻ കുറെ നിമിഷങ്ങളോളം.
വായനയിലുടനീളവും വായനാനന്തരവും വായനയ്ക്ക് ശേഷവും എന്തിനേറെ.. ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോൾ പോലും ആ വരികൾ മാത്രമാണ് മനസ്സിൽ..
മറ്റുള്ളവർക്ക് പൈങ്കിളി എന്ന് തോന്നുന്ന ഒരു സംഭവത്തിനിടയിൽ വളരെ subtle ആയുള്ള അർത്ഥങ്ങൾ തിരയുന്നവർക്ക്, ചോക്കലേറ്റ്,റോസാപ്പൂ,സ്വർണ്ണമോതിരം ഇവയെക്കാളും ജീവനുള്ള സമ്മാനം ഉമ്മയാണെന്ന അറിവുള്ളവർക്ക് ,ഞാനിന്നും അപൂർണ്ണമാണ് എന്ന തിരിച്ചറിവുള്ളവർക്ക് - ഈ പുസ്തകത്തിലെ വരികൾ അത്ഭുതങ്ങൾ ആയി തോന്നിയേക്കാം. 💖'പ്രേമനഗരം' അടിമുടി പ്രണയമാണ്..! Definitely not for those cold and timid souls.
അതിര് വരമ്പുകളോ വേലിക്കെട്ടുകളോ ഇല്ലാതെ നിരുപാധികം സ്നേഹിക്കുക എന്നത് എത്രമാത്രം സാധ്യമാണ്?
പലയിടങ്ങളിലും പലതിന്റെയും ചങ്ങലക്കെട്ടുകളിൽ നമ്മൾ സ്നേഹത്തെ പിടിച്ചു വെക്കാറുണ്ട്. പല ഉപാധികൾ നാം പറയാറുണ്ട് പല മാനദണ്ഡങ്ങൾ നാം വെക്കാറുണ്ട്. എന്നാൽ സ്നേഹത്തിൻ്റെ എല്ലാ വശങ്ങളും തൊട്ടും തലോടിയും കണ്ടും 'മണത്തും രുചിച്ചും' അനുഭവിച്ചും ആസ്വദിച്ചും നിരുപാധികം സ്നേഹിച്ച നീലുവിന്റെയും മാധവിൻ്റെയും കഥ പറയുകയാണ് ബിനീഷ് പുതുപ്പണം എഴുതിയ 'പ്രേമനഗരം'. കേവലം ത്രസിപ്പിക്കുന്നതോ രതി ചോടിപ്പിക്കുന്നതോ ആയ കഥയല്ല. പ്രണയത്തിന് ചില ഉൾക്കാഴ്ച നൽകിയും ചില തിരുത്തലുകൾ സമ്മാനിച്ചും, സ്നേഹത്തിൻ്റെ, ആത്മ സംയോജനത്തിൻ്റെ, അനുകമ്പയുടെ, പ്രണയ മഴയിൽ കുളിരണിഞ്ഞ് കിടക്കുകയാണ് പ്രേമനഗരം. ഓരോ നിമിഷവും ആ മഴ നനയാൻ ആഗ്രഹിച്ചു പോകും, വിരലുകൾ കോർത്ത് വഴിയരികിലൂടെ നടക്കാൻ വെമ്പൽ കൊള്ളും. മുടി ഇഴകളിലൂടെ മഴ നീർ തുള്ളികൾ വെള്ളി പൊട്ട് കൊണ്ട് മാറിടത്ത് ചിത്ര കല പണിയുമ്പോൾ വാരി പുണർന്ന് ദീർഘ നേരം ആ ചൂട് പറ്റാൻ കൊതിച്ച് പോകും. അനർഘമീ പ്രണയം..
നീലുവിനെയും മാധവിനെയും എന്നും ഹൃദ്ദയത്തോടെ ചേർക്കുന്നു. അനുഭവിക്കുകയായിരുന്നു ഓരോ വരികളും.
PS: അപരിഷ്കൃത കേരളത്തിന് ഇത് വെറും പൈങ്കിളി കഥ മാത്രം.
ഒരുപാടു റിവ്യൂസ് ഞാൻ ഈ പുസ്തകത്തെ പറ്റി വായിച്ചിരുന്നു. അങ്ങനെ എന്റെ റീഡിങ് ലിസ്റ്റിൽ ഉണ്ടായിരുന്ന പുസ്തകമായിരുന്നു പ്രേമനഗരം. മദ്ധ്യവയസ്കയും വിവാഹിതയുമായ ഒരു യുവതിയുടെയും അവളെ പ്രണയിക്കുന്ന അവിവാഹിതനായ ഒരു പത്രപ്രവർത്തകന്റെയും കഥയാണ് ഇത്. അവരുടെ പ്രണയ യാത്രയാണ് നോവലിനെ മുന്നോട്ട് കൊണ്ട് പോകുന്നത്
പൊതുവെ റൊമാന്റിക് നോവലുകളുടെ ആരാധിക അല്ലാത്തത് കൊണ്ടാവാം എനിക്ക് ഈ പുസ്തകം ഒട്ടും interesting ആയി തോന്നിയില്ല. കഥയ്ക്ക് യാതൊരു പുതുമ ഉണ്ടെന്നും തോന്നിയില്ല. . . . 📚Book -പ്രേമനഗരം ✒️Writer- ബിനീഷ് പുതുപ്പണം 📍publisher- dcbooks
"സ്നേഹത്തിൽ ഭയം പാടില്ല. സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്. എല്ലാ കാലവും അത് ലഭിച്ചെന്നുവരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കൈയും നീട്ടി അതിനെ സ്വീകരിക്കുക."
ആദ്യാവസാനം വരെ രസകരമായും ആവേശകരമായും പൊയ്ക്കൊണ്ടിരിക്കുന്ന നോവലാണ് പ്രേമനഗരം. മാധവിന്റെയും നീലൂന്റെയും പ്രണയമാണിതിന്റെ ഇതിവൃത്തം. ഇതിലെ പ്രണയത്തിന്റെ ഭാഷകളും പല സാഹചര്യങ്ങളും സൗന്ദര്യത്തിന്റെ കൊടുമുടിയിലാണ് ബിനീഷ് പുതുപ്പണം എന്ന എഴുത്തുകാരൻ സ്ഥാപിച്ചിരിക്കുന്നത്.
സദാചാര വീക്ഷണങ്ങളുടെ വിലങ്ങുകളില്ലാതെ അവർ രണ്ടാളുടെയും പ്രണയം മുന്നോട്ട് മുന്നിട്ട് പോകുന്നത് വായിക്കുമ്പോൾ തന്നെ ഉള്ളിലൊരു കുളിർമ്മ അനുഭവിക്കുന്നുണ്ട്. അവർ പോകുന്ന നടവഴികളിൽ അവരും അവരുടെ പ്രണയവും മാത്രമേയുള്ളൂ എന്ന് തോന്നുന്ന അവസ്ഥ. ആനവണ്ടിയിലെ അവരുടെ യാത്രയും ആ കാലാവസ്ഥയും അതിനെ വിവരിക്കുന്ന വരികളിൽ വായിച്ചെടുക്കാൻ കഴിയുന്ന പ്രണയവും ഉന്നതിയിലാണ്. ചില ഭാഗങ്ങളിൽ ആണിങ്ങനെയാണ് പെണ്ണിങ്ങനെയാണ് എന്നുള്ളതിനോട് പൂർണ്ണമായും യോജിക്കാൻ കഴിയുന്നില്ലെങ്കിലും, ചില വാചകങ്ങൾക്ക് അതിലെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കാൻ സാധിക്കും എന്നുള്ളത് വാസ്തവമാണ്. എന്നാൽ നോവൽ അങ്ങനെയുള്ള വചനങ്ങളിലല്ല എന്നുള്ളതുകൊണ്ട് അതൊക്കെ വേണേൽ കണ്ടില്ലെന്നു വെക്കാം.
പുരോഗമനത്തിന്റെ അത്യുന്നതിയിൽ കേരളമെന്ന നമ്മുടെ നാട് എത്തിയെന്നു ഊക്കം കൊള്ളാറുണ്ട്. അപ്പോളും സദാചാരത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകൾ എങ്ങും പോകുന്നില്ല. അതെല്ലാം അവിടെത്തന്നെ പിന്നെയും ആഴത്തിൽ സ്ഥാപിക്കാൻ ഈ നാടിനും ഇവിടുത്തെ ജനതയ്ക്ക് കഴിയുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. പുരോഗമനം പറയുമ്പോളും ഉള്ളിന്റെയുള്ളിൽ കപടത കാത്തുസൂക്ഷിക്കുന്നവരാണ് നമ്മൾ പലരും എന്നുള്ളതും വാസ്തവമാണ്.
"പുരുഷന്മാർ പ്രത്യക്ഷത്തിൽ എല്ലാ പുരോഗമനവും പറയും. പക്ഷേ, അവനവന്റെ കാര്യം വരുമ്പോൾ തനി പുരുഷവാദികളാവുകയും ചെയ്യും."
പുസ്തകത്തെ പറ്റി ഒരുപാട് പറയാൻ ഉണ്ടെങ്കിലും വാക്കുകളില്ലാതെ നീലൂനെയും മാധവിനെയും ചുറ്റിപറ്റി മാത്രം മനസ്സ് നിന്നുഴറുന്നു. അവരുടെ പ്രണയവും യാത്രയും ഒരുമിച്ചുള്ള ദിവസങ്ങളും അതിലവർ പങ്കുവെച്ച ചുംബനകളും രതിയും നിരുപാധിക സ്നേഹത്തിന്റെ പൊരുളറിയുന്നതുമൊക്കെ എത്ര സുന്ദരമായാണ് ഈ പുസ്തകം വർണ്ണിച്ചിരിക്കുന്നത്.
എന്തുകൊണ്ടാവണം ഈ നോവൽ പുസ്തകമാക്കാൻ പ്രസാധകർ തിരഞ്ഞെടുത്തത് എന്നൊരു ചോദ്യം പ്രേമനഗരം വായിച്ചുകൊണ്ടിരിക്കുന്നപ്പോഴും ശേഷവും ഉള്ളിലേക്ക് കടന്നുവന്നിരുന്നു. അതിനുത്തരം തന്നത് പുസ്തകത്തിന്റെ പുറം ചട്ടയിൽ ഉണ്ടായിരുന്ന ഇരുപത്തിയൊന്നാം പതിപ്പ് എന്ന രേഖപ്പെടുത്തലായിരുന്നു. അത്രയും പതിപ്പുകൾ പിന്നിടുക എന്നത് ഒരു പുസ്‌തകത്തിനെ സംബന്ധിച്ച് ചെറിയൊരു കാര്യമല്ല. ആ കച്ചവട സാധ്യത തന്നെയാവാം പ്രസാധകർ ഉപയോഗിച്ച തിരഞ്ഞെടുപ്പ് മാനദണ്ഡവുമെന്നതിനൊപ്പം, കൃതിയുടെ മികവിനെ സൂചിപ്പിക്കുന്നതിൽ പതിപ്പുകളുടെ എണ്ണത്തിനുണ്ടായിരുന്ന പങ്ക് കൈമോശം വന്നിരിക്കുന്നുവെന്നുള്ള തിരിച്ചറിവ് കൂടിയായിരുന്നു എനിക്കത്.
നീലവും മാധവും തമ്മിലുള്ള അനശ്വര പ്രണയത്തിന്റെ ആവിഷ്കാരം. സ്ത്രീ പുരുഷ ബന്ധത്തിന്റെ മറ്റൊരു തലം കാണിച്ചു തരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായ നീലവും അവിവാഹിതനായ മാധവനും തമ്മിലാണ് പ്രണയബന്ധം ഉടലെടുക്കുന്നത്.
ബഷീറി ന്റെ അനുരാഗത്തി ന്റെ ദിനങ്ങൾ വായിച്ചിട്ട് വളരെ നാൾ കഴിഞ്ഞ് വായിക്കുന്ന ഒരു ഹൃദ്യപ്രേമപുസ്തകം. ഏറെ പ്രതീക്‌ഷകളൊന്നും ഇല്ലാതെ എടുത്ത് വായിച്ചതുകൊണ്ട് സാമാന്യം മികച്ച ഒരു വായനാനുഭവം തന്നെയായി. മിക്ക പരീക്ഷണവായനകളും പാളിപ്പോകാറുള്ളതുകൊണ്ട് പുതിയ എഴുത്തുകാരെ വായിക്കൽ താരതമ്യേന കുറവാണ്. പ്രേമനഗരം നല്ലൊരു വായനയായിരുന്നു. വളരെ നാൾകൂടിയാണ് വായിച്ചുതുടങ്ങിയ പുസ്തകം ഇടവേളകളില്ലാതെ തീർക്കുന്നത്.
പ്രേമ നഗരം.. (Clearing the left out popular reads)
30 വയസുള്ള ഒരു ചെറുപ്പക്കാരനും... 18 വയസുള്ള മകൾ ഉള്ള ഒരു വിവാഹിതയും തമ്മിൽ ഉള്ള പ്രണയം..മലയാളിക്ക് സദാചാര കുരു പൊട്ടൻ ഇതിലും കൂടുതൽ എന്ത് വേണം? അല്ലെ.. ? ക്ലിഷേ ആകുമായിരുന്നോ ? ആകാമായിരുന്നു .. ഇല്ല.. "അവിഹിതം" എന്നാണല്ലോ വാക്. അവർക്കതു ശുദ്ധമായ പ്രണയം ആയിരുന്നു.. എങ്ങിനെ ഒരാളെ പ്രണയിക്കണം എന്ന് മാതാവിനെ പഠിപ്പിച്ചു കൊടുത്ത നീലു.
പ്രണയം, അസൂയ, കാമം, രതി ...ഇവയ്‌യെല്ലാം കവിതകളിലേ വാക്കുകൾ ഉപയോഗിച്ച് എഴുതിയ ഒരു സിംഗിൾ സിറ്റിംഗ് റീഡ്. പ്രകൃതിയും.. മഴ.. കിളികൾ.. ഇവയെല്ലാം നൈസ് ആയിട്ടു ഇൻട്രൊഡ്യൂസ് ചെയ്തിട്ടുമുണ്ട്..
ഒരു ബോർഡർ ലൈൻ എഴുത്താകുമെന്നു വിചാരിച്ചു.. എന്നാലും അവസാനം പ്രണയം തന്നെ വിജയിച്ചു...
Language and the way of writing is splendid. But all in all it's a book that puts men and women into specific boxes and tries to prove that all men behave a certain way and all women in a certain way and it's genuinely frustrating to read.
പുതുവർഷത്തിലെ ആദ്യവായന.. രണ്ടു വരിയെങ്കിലും എഴുതാതെ പോയാൽ ശരിയാകില്ലന്ന് തോന്നി.. പുതിയ വർഷം ആദ്യം ഗിഫ്റ്റ് ആയി കയ്യിലേക്ക് വന്ന പുസ്തകം ബിനിഷ് പുതുപ്പണം എന്ന എഴുത്തുകാരന്റ "പ്രേമനഗരം" ആയിരുന്നു. കവർ പേജിന്റെ ഭംഗി കൊണ്ട് തന്നെ ആരായാലും താളുകൾ മറിച്ചു നോക്കാൻ ആഗ്രഹിച്ചു പോകും.. അതുകൊണ്ട് തന്നെ പുസ്തകത്തിന്റെ ഉള്ളടക്കത്തിനും മുന്നേ തന്നെ കവർ ഡിസൈൻ ചെയ്ത കലാകാരൻ ആരായാലും അഭിനന്ദനങ്ങൾ..
ഇനി പുസ്തകത്തിലേക്കു വരാം.. പ്രണയവും രതിയും സമർപ്പണവും ഒപ്പം പേരെടുത്ത് പറയാനാകാത്ത എന്തെല്ലാമോ ബന്ധങ്ങളും.. കാരണം പലപ്പോഴും കഥാസന്ദർഭങ്ങളിൽ ഞാനെന്നോട് തന്നെ ചോദിച്ചിട്ടുണ്ട് ഇതിനെ പ്രണയമെന്നോ, സൗഹൃദമെന്നോ വിളിക്കാനാകുമോ.. അങ്ങനെ വിളിച്ചാൽ അത് കുറഞ്ഞു പോകില്ലേ എന്ന്.. ഇവിടെ രണ്ടാത്മാക്കൾ ആണ്.. നീലുവും മാധവും.. അവരുടെ പ്രണയമാണ് രംഗം.. പക്ഷെ വായിച്ചു മറന്നു പോയ പ്രണയകഥകളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്. അനുഭവങ്ങളിലൂടെ സഞ്ചരിക്കാതെ ഇത്രയധികം ആഴത്തിൽ സാഹചര്യങ്ങൾ ഒരാൾക്ക് എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അസാധ്യമെന്നു പറയുന്നില്ലെങ്കിലും അസാധാരണമാണ് കഥയും സന്ദർഭങ്ങളും.. വായനക്കാരനെ കഥാപാത്രമാക്കി മാറ്റുന്ന.. കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളും സ്വന്തം ജീവിതത്തിൽ എന്നവണ്ണം ഉൾക്കൊണ്ട് അതിലേക്കു ആഴ്ന്നിറങ്ങാൻ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് എഴുത്തുകാരൻ വരികളിൽ ഒളിപ്പിക്കുന്നുണ്ട്.. സദാചാരത്തിന്റെ രഹസ്യ അജണ്ടകൾ ഇല്ലതെ, പ്രണയവും, വിരഹവും, രതിയും, രസവുമൊരുപോലെ ചാലിച്ച ഒരു നല്ല പുസ്തകം..
പുസ്തകം വായനകൊണ്ട് മാത്രം പൂർത്തീകരിക്കാൻ നമുക്കാവില്ല.. കാരണം ഇതിന്റെ എല്ലാ ഫീലും അറിയണമെങ്കിൽ എല്ലാത്തിനുമൊടുവിൽ ഈ പാട്ട് കൂടി നമ്മൾ കേൾക്കണം.. നീലുവും മാധവും നമുക്ക് ���േണ്ടി ബാക്കി വയ്ച്ചിട്ടു പോകുന്ന ഒരു പാട്ട്..
ആനവണ്ടിയിലന്ന് നമ്മള് ആളൊഴിഞ്ഞൊരു നേരമാകെ ആർത്തുവന്നൊരു മഴയുമായി ചേർന്നു പോയത് ഓർമ്മയുണ്ടോ.?
The Demarcation Between Vernacular Expression and Literary Craftsmanship: A Critical Perspective on Contemporary Malayalam Fiction --- A distinct and unequivocal boundary must be drawn between colloquial lingo and the disciplined linguistic conventions of literature. Without such a demarcation, literature risks losing its essence—its capacity to elevate thought, refine expression, and endure beyond transient trends.
Regrettably, much of modern popular fiction in Malayalam suffers from a glaring deficiency in craftsmanship. Many of these works exhibit a troubling superficiality, relying on contrived themes and linguistically lax narratives that cater to fleeting sensibilities rather than substantive literary merit. The prose often lacks rigor, substituting genuine artistry with facile gimmickry designed to appeal to specific demographics—often targeting particular age groups or gendered readerships with shallow emotional hooks rather than intellectual or aesthetic depth.
While accessibility in literature is not inherently objectionable, the compromise of linguistic precision and structural integrity for mass appeal is a disservice to the Malayalam literary tradition. True literary excellence demands more than mere relatability; it requires a conscientious engagement with language, narrative complexity, and thematic resonance. The current trend, however, suggests a troubling prioritization of marketability over mastery—a shift that, if left unchecked, may erode the very foundations of meaningful storytelling.
Premanagaram is a love story, but not your usual love story. Although one can call this adultery in a glorious way or guilty pleasure it’s a love story, nevertheless. Just that the love is not your usually accepted or agreed form of love.
Madhav is a 30+bachelor who is a sub editor with a newspaper in a town and during one of his usual walks he happens to bump or collide into a lady at an alleyway. They both apologize and move on but for Madhav the lady has left an impression. And unexpectedly he meets her at a bookstore and understands that she works there. Neelu is a 43-year-old married woman and a mother of an 18-year-old girl. This friendship between Madhav and Neelu turns into love and definitely there is immense lust too.
I am not here to go into the moral side of this love or anything, but I liked their love. Neelu and Madhav loved each other with no limitations and no restrictions.
The book is basically "പൈങ്കിളി സാഹിത്യം" (read as Painkilli Literature) and can have any of these meanings: cringe, lovey dovey, flirtatious etc. etc. A Mills & Boon kind of love story!
The story tries to present itself as a bold, philosophical take on forbidden love, but the execution is incredibly immature. The romance between Madhav and Neelu lacks the depth or complexity you expect from adult fiction. Instead, it reads like the kind of exaggerated, sentimental crush stories you read in teen magazines like “Muthuchippi” —full of high drama but lacking real substance. Unfortunately, The author tries to cover up a weak plot with heavy, flowery words, but it doesn't work. It felt like the characters were just quoting WhatsApp forwards or cheesy romantic lines rather than having genuine, deep conversations. There is a distinct lack of "serious reading" quality. It relies on cheap sentimentality rather than genuine emotion. If you are looking for serious literature, this isn't it. It feels like a pulp magazine romance trying too hard to be an intellectual novel. It lacks the maturity and grounding required to handle such a complex theme.
പ്രണയമെന്നത് ഒരു വൻ ക്ളീഷേ ആണ് .ജീവിതമെന്നത് തന്നെ ഒരു വൻ ക്ളീഷേ ആയതു കൊണ്ട് അവയങ്ങു സമരസപ്പെട്ടുപോയേക്കും അല്ലെ ?പ്രേമ നഗരം ഒരു ഉദാത്തമായ പൈങ്കിളി കഥയാണ് .എനിക്ക് പൈങ്കിളി കഥകൾ വളരെ ഇഷ്ടമായത് കൊണ്ട് തന്നെ നല്ലോണം ആസ്വദിക്കാനും പറ്റി .നല്ല ഭാഷ ,ലോഡ് കണക്കിന് പ്രണയം ,ഇഷ്ടം പോലെ രതി ,പിന്നെ ഹെഡ്‌ഫോൺസ് ഇൽ ഭീംസെൻജോഷി ആലാപവും .ആഹാ ,അന്തസ്സ് .
കിളിമഞ്ചാരോ ബുക്ക് സ്റ്റാൾ ലേതു പോലെ ഇവിടെയും ഇടക്കിടക്ക് കവിതകൾ വരും .അതെല്ലാം നന്നായിട്ടുണ്ട് താനും .പുതിയതായി ഒന്നും ഇവിടെയില്ല .പക്ഷെ പഴയ മലകൾ പോലെ ,പഴയ പുഴകൾ പോലെ ,പഴയ വായു പോലെ ഇതിലെല്ലാം നിർമ്മലമാണ് ,പ്രേമത്തിന്റെ മഞ്ഞു മൂടിയ നഗരം .
ആകെ ഒരു കല്ല് കടിയായി തോന്നിയത് ഇതിലെ രാഷ്ട്രീയ പരാമർശങ്ങളാണ് .അത് ഒഴിവാക്കാമായിരുന്നു എന്നെനിക്ക് തോന്നി ..ഉപാധികളില്ലാത്ത പ്രണയത്തേക്കാൾ വലിയ രാഷ്ട്രീയമെന്ത് ?
പ്രേമവും രതിയും ദർശനവും ആത്മബോധവും എല്ലാം ഇഴ ചേർന്ന നോവലാണ് പ്രേമ നഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമ കഥയാണിത്.
മാധവിന് തന്നെക്കാൾ 10 വയസ്സിനു മുതിർന്നതും വിവാഹിതയും അമ്മയുമായ നീലുവിനോടുള്ള പ്രണയമാണ് ഈ കഥ. സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ഈ നോവൽ നന്നായി ആവിഷ്കരിക്കുന്നു. ഒരുഭാഗത്ത് പുരോഗമന വാദവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റേ ഇരട്ട മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്.
"പ്രേമം രതി കൂടിയാണ്. പൊള്ളുന്ന പ്രേമാഗ്നിയിലെ നെയ്യഭിഷേകമാണ് രതി. അത് ശരീരത്തെ കത്തിച്ചു കളയുന്ന ചിതയിലെ വെളിച്ചമാണ്. ഒരു മനുഷ്യൻ പ്രേമത്തിലാണ് എന്നതിന് അർത്ഥം രതിയിലാണ് എന്നതുമാണ്. രതിയകന്ന പ്രേമത്തിനോ പ്രേമം അകന്ന രതിക്കോ നിലനിൽപ്പില്ല."
“Prananagaram” by Vineesh Puthuppanam is a deeply emotional and exploration of love, longing, and human vulnerability. The story follows the intense adulterous relationship between Neelu and Madhav, two individuals whose bond defies conventional definitions. The narrative is soaked in nostalgia and philosophical undertones, offering a slow but meaningful dive into the complexities of companionship, separation, and soul-level connections.
What stands out in this novel is the author’s poetic language and ability to portray internal landscapes with emotional clarity. The story does not shy away from physical intimacy or spiritual yearning, and it constantly walks the line between love and desire, freedom and attachment. While some may find the pace meditative, it allows the characters and their dilemmas to breathe, creating a sense of realism that is rare in mainstream romance.
That said, Prananagaram may not resonate with everyone. Readers expecting a plot-heavy narrative may find it too introspective or sentimental. However, for those who enjoy literature that blends philosophy with romance, and emotion with introspection, this book can be a beautiful and moving experience. It’s not just a love story—it’s a reflection on how love shapes, breaks, and ultimately transforms us.
ചെറുപ്പക്കാരനായ മാധവും, തന്നെക്കാൾ പത്ത് വയസ്സിന് മുതിർന്നതും വിവാഹിതയുമായ നീലുവിനെ യാദൃച്ഛികമായി പരിചയപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവന്റെ ലോകം മുഴുവൻ നീലുവിനെ ചുറ്റിപ്പറ്റി മാറിമറിയുന്നു. അവളെ കാണാനുള്ള വഴികൾ തേടിയവൻ, ഒഴിവുകൾ കണ്ടെത്തി അവളുടെ സമീപത്തേക്ക് എത്തുന്നു. അങ്ങനെ അവർ തമ്മിൽ ഒരാത്മബന്ധം, പിറവിയെടുക്കുന്നു. പിന്നീട് ആ ബന്ധം അതിരുകൾ കടന്ന് പോകുന്നു.
തമ്മിൽ പങ്കിടുന്ന പ്രണയത്തിന്റെയും ആഗ്രഹത്തിന്റെയും തീവ്ര രതിയുടെയും കഥയാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
മഹത്വവൽക്കരിക്കപ്പെട്ട ഒരു വ്യഭിചാരകഥയായി തോന്നിച്ചാലും, വായനക്കാരനെ ആഴങ്ങളിൽ സ്പർശിക്കുന്ന വികാരാനുഭവമാണ് ഇതിലൂടെ സമ്മാനിക്കുന്നത്.
എന്തിനാണ് ഹൃദയം ഇങ്ങനെ പെട്ടെന്ന് വഴങ്ങുന്നത്? പ്രണയം വന്നാൽ പ്രായവും വിവാഹസ്ഥിതിയും പോലും തടസ്സമല്ലല്ലോ
" ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ നാം പരസ്പരം തൊട്ടമാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപ്പോൾ "
ഇൻസ്റ്റാഗ്രാം പോസ്റ്റ്‌കളിലൂടെയും റീൽസ്കളിലൂടെയും വായിക്കാതെ തന്നെ സുപരിചിതമായ ബുക്കുകളിൽ ഒന്ന്. അവതരണത്തിലെ വ്യത്യസ്തതയും, കഥയിലെ പുതുമയും എനിക്ക് ഇഷ്ടപ്പെട്ടു എന്നു പറയാം. വിവാഹിതയായ നീലുവിന്റെയും അവിവാഹിതനായ മാധവിന്റെയും നിരുപാധിക സ്നേഹത്തിന്റെ നാളുകളിലൂടെയുള്ള ഒരു യാത്ര അതാണ് പ്രേമനഗരം. ഒരിക്കലും ഒന്നിക്കുകയില്ല എന്ന തിരിച്ചറിവോടുകൂടി, സദാചാരത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന അവരുടെ സ്നേഹം ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് കഥാകാരൻ പറഞ്ഞുപോകുന്നു.
പ്രേമനഗരം കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന, 30 വയസ്സുള്ളൊരു അവിവാഹിതനും 43 വയസ്സുള്ളൊരു വിവാഹിതയായ സ്ത്രീയും തമ്മിലുള്ള അതുല്യവും ആഴമുള്ളതുമായ പ്രണയകഥയാണ്.
ചുംബന സമരം, സ്ത്രീകളുടെ ശബരിമല പ്രവേശനം തുടങ്ങിയ സാമൂഹിക വിഷയങ്ങൾ എഴുത്തുകാരൻ വളരെ സൂക്ഷ്മമായും സ്വാഭാവികമായും കഥയിൽ ചാർത്തിയിരിക്കുന്നു.
എഴുത്ത് ശൈലി ലളിതവും ആകർഷകവുമാണ്; ഒരേ ഇരിപ്പിൽ വായിച്ചുതീരുന്നെങ്കിലും വായനക്കാരന്റെ മനസ്സിൽ ദീർഘകാലം പതിയുന്ന തരത്തിലുള്ളതാണ്. ഭയപ്പെടുന്നവർക്കോ തണുത്ത മനസ്സുള്ളവർക്കോ വേണ്ടിയുള്ള നോവലല്ല ഇത്. ജീവിതത്തിലെ സങ്കീർണ്ണ സത്യങ്ങളെ കരുണയോടെയും തുറന്ന ഹൃദയത്തോടെയും അനുഭവിക്കുവാൻ ധൈര്യമുള്ളവർക്കായാണ് ഈ കൃതി.