📖സിംഹത്തിൻ്റെ കഥ
✍🏻അഖിൽ കെ
തെയ്യം പ്രമേയമായിക്കൊണ്ട് ഞാൻ ഇതിന് മുമ്പ് വായിച്ചിട്ടുള്ളത് "മാക്കം എന്ന പെൺതെയ്യം" എന്ന നോവലാണ്. വടക്കൻ കേരളത്തിലെ ദൈവികമായ ഒരു കലാരൂപം എന്ന നിലയ്ക്ക് തെയ്യം പ്രസിദ്ധമാണ്, അവിടത്തെ ആളുകൾ കുട്ടിക്കാലം മുതലേ തെയ്യം കണ്ടും അറിഞ്ഞും വളരുന്നു. എന്നാൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ആളുകളെ സംബന്ധിച്ചിടത്തോളം തെയ്യത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയെന്ന നിലയ്ക്ക് രചയിതാവായ അഖിൽ.കെ ക്ക് തെയ്യം സുപരിചിതമാണ്. നീലച്ചടയൻ എന്ന അദ്ദേഹത്തിൻ്റെ ആദ്യ കഥാസമാഹാരത്തിലും തെയ്യം പ്രമേയമായി പല കഥകളും ഉണ്ട്.
തെയ്യം പ്രമേയമായി ഒരു നോവൽ എന്നതിനപ്പുറം മറ്റൊന്നും കൂടുതലറിയാതെയാണ് ഞാനീ നോവൽ വായിക്കുന്നത്. തീച്ചാമുണ്ഡിത്തെയ്യം എന്ന സാഹസികവും അപകടകരവുമായ തെയ്യം പ്രമേയമായി ഒരു നോവലാണ് ഇതെന്ന് ആമുഖത്തിൽ വായിച്ചെങ്കിലും നോവലിൻ്റെ വായനാനന്തരം അക്ഷരാർത്ഥത്തിൽ ഞാൻ അതിശയിച്ചുപോയി. ഭയം, പ്രതികാരം, ത്രില്ലർ, ഫാൻ്റസി എന്നിങ്ങനെ പല ഴോണറുകൾ കൂടിച്ചേർന്ന ഒരു വിസ്മയം എന്ന് തന്നെ ഞാനീ നോവലിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരു സിനിമയ്ക്കുള്ള pure material തന്നെയാണ് ഈ നോവൽ. അതുകൊണ്ട് തന്നെ, ഒരു സിനിമയായി ഈ നോവലിനെ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കയ്യടക്കത്തോടെ ഈ നോവലിൻ്റെ ഴോണറുകളെ അതിശയകരമാം വിധം സന്നിവേശിപ്പിച്ച എഴുത്തുകാരൻ്റെ കഴിവ് ഏറെ പ്രശംസനീയമാണ്.
തീച്ചാമുണ്ഡിത്തെയ്യം അവതരിപ്പിച്ചിരുന്ന ചിണ്ടച്ഛൻ ഒരു തെയ്യം കലാകാരൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു. ചിണ്ടച്ഛൻ്റെ കഥയും കൊലപാതകവും തുടർന്നുള്ള സംഭവവികാസങ്ങളും, എകർമല, എട്ടുനാട് എന്നിങ്ങനെ മലകൾക്ക് ഇടയിലുള്ള വനമേഖലയോട് ചേർന്ന് കിടക്കുന്ന നാട്ടിൻപ്രദേശങ്ങളും, ഫോർ.ഡി.എക്സ് ഏരിയാ ഇലവൻ എന്നിങ്ങനെ ഉള്ള ഭൂപ്രദേശങ്ങളും, ഐതിഹ്യങ്ങളും ചരിത്രവും വർത്തമാനകാലവും, ചിണ്ടച്ഛൻ്റെ മക്കളായ ആദിയും ശരവണനും, മോർഗൻ എന്ന സായിപ്പും, ജോർജ് എന്ന പോലീസ് ഉദ്യോഗസ്ഥനും എന്നിങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളും കഥാ പശ്ചാത്തലങ്ങളും നിറഞ്ഞ ഒരു നോവലാണ് സിംഹത്തിൻ്റെ കഥ. ഇതിൽ തന്നെ ഫോർ.ഡി.എക്സ് എന്ന അദ്ധ്യായം വായിച്ചപ്പോൾ മറ്റൊരു കഥയാണോ നോവലാണോ എന്ന സംശയം തോന്നിയെങ്കിലും ഈ അദ്ധ്യായത്തെ അതുവരെ വായിച്ചുവന്ന കഥയുമായി വളരെ അനായാസമായി സന്നിവേശിപ്പിച്ചതാണ് എന്നെ ഞെട്ടിച്ചു കളഞ്ഞത്.
തെയ്യം പ്രമേയമായി ഒരു നോവൽ പ്രതീക്ഷിച്ച് വായന തുടങ്ങിയ ഞാൻ കൺമുന്നിൽ കണ്ടത് കഥകളുടെ ഒരു പെരുങ്കളിയാട്ടം തന്നെയാണ്. വായനയിലൂടനീളം ഭയത്തിൻ്റെയും പ്രതികാരത്തിൻ്റെയും തണുപ്പും മരവിപ്പും ഐതീഹ്യത്തിൻ്റെയും തെയ്യങ്ങളുടെയും തോറ്റം പാട്ടുകളുടെയും രോമാഞ്ചവും ഒരുപോലെ അനുഭവപ്പെടുന്ന അത്യപൂർവ്വ വായനാനുഭവം നൽകുന്ന ഈ നോവൽ വായിക്കുമ്പോൾ വായനയിലുടനീളം ഒരു സിംഹഗർജനം നമുക്ക് ശ്രവിക്കാനാകും, അതിങ്ങനെ കേട്ടുകൊണ്ടേയിരിക്കും. ഈയടുത്ത് വായിച്ച പുസ്തകങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒരു നോവലായിരുന്നു "പൊനം". അത്രയും തന്നെ മികച്ച മറ്റൊരു നോവൽ എന്ന നിലയിൽ വായിക്കാവുന്ന "സിംഹത്തിൻ്റെ കഥ" വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തില്ല.
©Dr.Jeevan KY