പ്രദീപന്‍ പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാന്‍ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ ഈ നോവല്‍ കൂടി വേണം എന്നതിലെനിക്കു സന്ദേഹമില്ല. അത് പ്രദീപനാഗ്രഹിച്ച വിധം പൂര്‍ത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കാം. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ? നല്ല ഏത് കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂര്‍ത്തിയായിട്ടുള്ളത്? ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന അസാധാരണമായ വാക്യത്തില്‍ അവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, അപൂര്‍ണ്ണവും ഗംഭീരവുമായ ഒരു അവസാനം, എനിക്കു സങ്കല്പിക്കാനുമാവുന്നില്ല-കല്‍പറ്റ നാരായണന്‍
അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന ഒരു കാലഘട്ടമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. മേൽ ജാതിക്കാരിയായ അമ്മയ്ക്കും പറയൻ ആയ അച്ഛനും ജനിച്ച മകനാണ് എരി. എരിക്ക് മന്ത്രവാദവും ചില കഴിവുകളും സ്വന്തമായിട്ടുണ്ട്.. അതിനാൽ തന്നെ ഒരു പ്രത്യേക സ്ഥാനം പറയൻ ആയിട്ടും അയാൾക്ക് ലഭിച്ചിരുന്നു.
ജാതിരഹിത പൊതുസമൂഹം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി അങ്ങേയറ്റം ജാതീയമായ അടിമത്തം അനുഭവിച്ച ഒരു ജനവിഭാഗത്തിൽ നിന്നും ആത്മാഭിമാനത്തോടെ ഉയർന്നുവന്ന കഥാപാത്രമാണ് എരി. വടക്കൻ കേരളത്തിലെ പഴയ കുറുബ്രനാട് താലൂക്കിലെ പറയനാർ പൂരം എന്ന സാങ്കല്പിക ദേശമാണ് എരിയുടെ നാട്.
ഈ പുതിയ നൂറ്റാണ്ടിൽ മലയാളം ഗവേഷകനായ ഒരു യുവാവ് ആ നാട്ടിലെത്തി.കുറുബ്രനാട്ടിലേ ഒരു നൂറ്റാണ്ടിലെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുമെന്ന് കരുതിയാണ് അയാൾ വന്നിരിക്കുന്നത്.
1920കളിലെ പ്രളയം കഴിഞ്ഞു മൂന്നുവർഷം കഴിഞ്ഞാണ് എരി മരിച്ചത്. ഐതിഹാസികമായ എരിയുടെ ജീവിതം ഐതിഹ്യങ്ങളുടെയും ഓർമ്മകളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റു രേഖകളിലൂടെയും ഒരു കീഴാള ഭാഷ ഗവേഷകൻ പുനസൃഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ ആഖ്യാനമാണ് ഈ നോവൽ.
പ്രദീപൻ പാമ്പിരിക്കുന്നിന്റെ ആദ്യ നോവലാണിത്. ദൗർഭാഗ്യവശാൽ അവസാനത്തേതും. ആധുനിക കേരളം രൂപപ്പെട്ടതിനെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപാടുകൾ തന്നെയാണ് ഈ നോവലിന്റെയും അടിസ്ഥാനം. നവാത്ഥാനത്തിന്റെ ചരിത്രം വീണ്ടും പഠിക്കാൻ ഞാൻ തീരുമാനിച്ചു. പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീർത്തുള്ളികളിൽ നിന്നാണ് യഥാർത്ഥ ചരിത്രം തുടങ്ങുന്നതെന്ന് ഞാൻ തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്. എരിയുടെ ആത്മാവ് ഒരു കണ്ണീർത്തുള്ളിയായി എന്റെ നെറുകയിൽ ഇറ്റു വീഴുന്നതായി എനിക്കു തോന്നി. ... Dr സജിത കിഴിനിപ്പുറത്ത്.
പ്രദീപൻ പാമ്പിരിക്കുന്നിന്റ എരി എന്ന ഈ നോവൽ എരി എന്ന പറയന്റെ കഥയാണ്. നാരായണ ഗുരുവിന്റെ സമകാലികനെന്നു തോന്നിപ്പിക്കുന്ന എരിയുടെ ജീവിതത്തിലൂടെ പറയരുടേയും കീഴാളരുടേയും കഥ പറയുകയാണ്.