അപ്രതീക്ഷിതം - ക്രൈം, മിസ്റ്ററി കഥകൾ --------------------------
രചന - ശ്രീ ശ്രീനി ഇളയൂർ Rating - 8.5/10
പിറകിൽ നിന്നുള്ള കാലടികൾ, അപ്രതീക്ഷിതം, ഗ്ലൂമി സൺഡേ, സഹയാത്രികൻ, താമര ഭരണി, ചുരത്തിലെ അഞ്ചാം വളവ്, സുഹൃത്ത്, കുടജാദ്രി, ആകസ്മികം, ഏഴിലംപാല, അപരലോകം... മനോഹരമായ പതിനൊന്നു ക്രൈം-മിസ്റ്ററി ചെറുകഥകളുടെ സമാഹാരം.
മനോഹരം എന്ന് പറഞ്ഞത് വെറുമൊരു ഭംഗിവാക്കല്ല. തീർച്ചയായും മനോഹരമായ കഥകൾ. ഒരു വരിയിലും വായനക്കാരനെ പിടിച്ചിരുത്താൻ ശ്രീനി ഇളയൂരിന് സാധിച്ചിട്ടുണ്ട്. തികച്ചും ലളിതവും എന്നാൽ ഉദ്വേകഭരിതവുമായ ആയ രചനാശൈലി. അവതാരികയിൽ പുതുകാല മലയാളസാഹിത്യത്തിന്റെ പ്രിയ എഴുത്തുകാരൻ 'ശ്രീ ജി. ആർ. ഇന്ദുഗോപൻ' പറയുന്നത് പോലെ, പുതിയ കാലത്ത് എങ്ങനെ കഥയെഴുതണം എന്ന് ശ്രീനി ഇളയൂരിന് അറിയാം. അത് ഓരോ കഥയിലും വായനക്കാരന് കാണാനാകും.
ഈ കഥകളുടെ മികവിനെ കുറിച്ച് പറയാൻ, ഈ പുസ്തകത്തിന്റെ കുറിപ്പ് തയ്യാറാക്കിയിട്ടുള്ള 'ശ്രീ മരിയ റോസിന്റെ' വാക്കുകൾ കടമെടുക്കാം...
"കഥ പറച്ചിലിൽ ഉള്ള നൈസർഗികമായ മികവിന് തെളിവുകളായി പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. വായിച്ചാൽ മറ്റൊരാളോട് പറഞ്ഞു കൊടുക്കാനാവുന്ന, പറയുമ്പോഴും കേൾക്കുമ്പോഴും ആസ്വാദനത്തിന് മുൻതൂക്കമുള്ള കഥ പറയുന്ന കഥകളാണ് ഈ കഥകൾ അത്രയും. ഒ. ഹെൻറി, സാകി, മോപ്പസാങ്ങ്, തുടങ്ങിയ ചെറുകഥയുടെ ചരിത്രത്തിലെ ക്ലാസ്സിക് പാരമ്പര്യത്തിലുള്ള കഥകളുടെ തുടർച്ചയാണ് ശ്രീ ശ്രീനി ഇളയൂരിന്റേത്. നമ്മുടെ അടുത്ത ചുറ്റുപാടുകൾ, നമുക്ക് ചിരപരിചിതർ എന്ന് തോന്നുന്ന കഥാപാത്രങ്ങൾ; തികച്ചും സാധാരണം എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ നിന്നാണ് ഉദ്വേഗജനവും ദുരൂഹവുമായ സന്ധികളിലേയ്ക്ക് കഥകൾ വികസിക്കുന്നത്. ക്രൈം കഥകൾക്ക് മാതൃക തിരയുമ്പോൾ എഴുത്തുകാർ പലപ്പോഴും വിദേശമാതൃകകളെ ആശ്രയിക്കുകയാണ് കണ്ട് വരാറ്. എന്നാൽ ഈ കഥകൾ കേരളത്തിലെ സാംസ്കാരികാന്തരീക്ഷത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു..."
തികച്ചും അപ്രതീക്ഷിതമായാണ് 'അപ്രതീക്ഷിതം' എന്റെ കയ്യിലെത്തുന്നത്. ഇതിന്റെ കവർ ഡിസൈൻ തന്നെയാണ് ആദ്യം ആകർഷിച്ചത്. ലളിതമെങ്കിലും ആകർഷണീയം. ഈ കഥകളുടെ എഴുത്തുശൈലി പോലെ.
കിട്ടിയ ഉടനെ ഒറ്റഇരുപ്പിന് വായിച്ചുതീർത്തു. ഓരോ കഥകൾ കഴിയുമ്പോഴും അടുത്ത കഥ വായിക്കാനുള്ള ആകാംക്ഷ നമുക്കുള്ളിൽ നിറയും...
അപ്രതീക്ഷിതവും, താമര ഭരണിയും അതിമനോഹരം. പിറകിൽ നിന്നുള്ള കാലടികൾ, സഹയാത്രികൻ എന്നീ കഥകൾ നമ്മളിൽ ഒരു ചോദ്യചിഹ്നം അവശേഷിപ്പിക്കുന്നു. ആകസ്മികവും ഗ്ലൂമി സൺഡേയും വേറിട്ട് നിൽക്കുന്നു. മറ്റു കഥകളും മികച്ചത് തന്നെ...
ഈ കഥകൾ അവസാനിച്ചു കഴിയുമ്പോൾ നമുക്കുള്ളിൽ ഒരു നിരാശ ഉടലെടുക്കുന്നു. പുസ്തകം ഇത്രപെട്ടെന്ന് തീർന്നുപോയല്ലോ എന്ന്...
എന്തുകൊണ്ടും മികച്ചൊരു ക്രൈം ത്രില്ലർ കഥാസമാഹാരം...