”കര്‍ണാടകത്തിലെ തലക്കാവേരി മുതല്‍ തമിഴ്‌നാട്ടിലെ പുംപുഹാര്‍ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ ഈ യാത്ര. ഒരു അലസയാത്രികന് കാണാന്‍ കഴിയാത്ത മറ്റൊരു ലോകത്തെ ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നു. കാവേരിയൊഴുകുന്ന ദേശങ്ങളുടെ നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച ചരിത്രപ്പഴമയും സാംസ്‌കാരികപ്പെരുമയുമാണ് ജോണി വരച്ചുവെക്കുന്നത്. യാത്രാവിവരണത്തെ സാംസ്‌കാരിക ചരിത്രത്തിന്റെ തലത്തിലേക്കുയര്‍ത്തുന്ന സാര്‍ഥകമായ ഒരു രചനാരീതിയാണിത്.”
The author describes the history, politics, myth and culture which have evolved by the banks of the river. Carefully crafted and to splendid narration.
രാജീവ് മൽഹോത്ര രചിച്ച Breaking India - Western Interventions in Dravidian and Dalit Fault lines എന്ന പുസ്തകം മുൻപൊരിക്കൽ എന്റെ ബ്ലോഗിൽ പരിശോധിച്ചിരുന്നു (നിരൂപണം ഇവിടെ വായിക്കുക). ഭാരതീയ സമൂഹത്തിലെ വിള്ളലുകൾ പ്രത്യക്ഷമാക്കുന്ന ഭ്രംശരേഖകളിൽ (fault lines) വിദേശ പണ്ഡിതന്മാരും അവരുടെ ആജ്ഞാനുവർത്തികളായ തദ്ദേശീയരും കുത്തിക്കത്തി മുറിവ് വലുതാക്കാൻ ശ്രമിക്കുന്നതിനെ തുറന്നുകാണിക്കുന്ന ഒരു മഹത്തായ കൃതിയാണത്. 'ദ്രാവിഡം' എന്ന പദം പോലും ഒരു ഭാഷാസമുച്ചയത്തെ സൂചിപ്പിക്കുന്നതാണെന്ന ശാസ്ത്രീയ നിഗമനത്തെ അവഗണിച്ച് അതിനെ വക്രീകരിച്ച് ആര്യ-ദ്രാവിഡ സംഘട്ടനമാക്കി മാറ്റുന്നവർ ചരിത്രത്തിലില്ലാത്ത ഉത്തര-ദക്ഷിണഭാരത സംഘട്ടനത്തെ വ്യാജ ചരിത്ര നിർമ്മിതിയാക്കി മാറ്റുകയാണ്. സത്യത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ആക്രമണം 1308-ൽ അലാവുദ്ദീൻ ഖിൽജിയുടെ പടനായകനായ മാലിക് കാഫർ നടത്തിയതാണ്. എന്നാൽ ഈ ചരിത്ര വസ്തുതയെ പരവതാനിക്കടിയിലേക്ക് താഴ്ത്തിക്കൊണ്ട് പുരാണകഥകളിലെ ഫാന്റസി ചരിത്രമാക്കിക്കാണിക്കുന്ന ഇത്തരം അഞ്ചാം പത്തികളുടെ ദുരുദ്ദേശം നാം വ്യക്തമായി കാണേണ്ടതുണ്ട്. 'കാവേരീതീരങ്ങളിലുടനീളമുള്ള പലകാലങ്ങളിൽ ഉദിച്ചസ്തമിച്ച പരിഷ്കൃതികളുടെയും സാമൂഹ്യവ്യവസ്ഥയുടെയും രാഷ്ട്രീയരൂപങ്ങളുടെയും ചരിത്രവും പുരാവൃത്തവും വർത്തമാനവും തേടുന്ന യാത്രകൾ' എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം മേൽപ്പറഞ്ഞ 'തുരപ്പൻ' പണിയാണ്. മാധ്യമപ്രവർത്തകൻ, ചലച്ചിത്രവിമർശകൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ഒ.കെ. ജോണിയാണ് ഈ സഞ്ചാരകൃതിയുടെ രചയിതാവ്.
ഭാരതീയ സംസ്കാരത്തിലും സമൂഹത്തിലും ജാതി മേൽക്കോയ്മ, സതി മുതലായ അനഭിലഷണീയമായ അംശങ്ങൾ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിന് എട്ടു പതിറ്റാണ്ടുകൾക്കു ശേഷവും ഇതൊക്കെയാണ് ഇന്നത്തേയും പ്രശ്നങ്ങൾ എന്നു വാദിക്കുന്നത് സ്ഥാപിതതാല്പര്യക്കാരാണ്. ദക്ഷിണേന്ത്യയുടെ ആധുനികകാലത്തെ വൈജ്ഞാനികപാരമ്പര്യം തുടങ്ങുന്നതും ബ്രിട്ടീഷുകാരുടെ പത്തൊൻപതാം നൂറ്റാണ്ടിലെ കൃതികളോടെയാണ്. കോളനിവൽക്കരണത്തെ നിലനിർത്തുന്നതിനായി ഉദ്ദേശിച്ചുകൊണ്ടും വെള്ളക്കാരുടെ വംശപരമായ ഔന്നത്യത്തെ സ്ഥാപകവൽക്കരിക്കാനുമായി രചിച്ച ഈ കൃതികളെ ഇക്കാലത്ത് വളരെ വിമർശനബുദ്ധിയോടെയേ ബൗദ്ധികസമൂഹം കൈകാര്യം ചെയ്യുന്നുള്ളൂ. എന്നാൽ ജോണിക്കാകട്ടെ ബ്രിട്ടീഷുകാരുടെ 200 വർഷം മുൻപുള്ള ഈ കൃതികളാണ് വേദവാക്യവും പരമമായ സത്യവും. അവരിൽ പലരും ക്രിസ്തീയ മിഷണറിമാർ ആയിരുന്നുവെന്നുകൂടി ഓർക്കണം. സ്വന്തം മതം പ്രചരിപ്പിക്കാൻ ഏതു നീചമാർഗ്ഗവും സ്വീകരിക്കാൻ ഒരു മടിയുമില്ലാത്ത ഇക്കൂട്ടരുടെ പടപ്പുകളെ ആശ്രയിച്ചെഴുതിയ ഈ കൃതിയുടെ വസ്തുനിഷ്ഠത ഊഹിച്ചാൽ മതിി. ഹിന്ദുമതം പിശാചുക്കളെ ആരാധിക്കുന്നുവെന്നൊക്കെയുള്ള പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം കൃതികളെ പുച്ഛത്തോടെ തള്ളിക്കളയുന്നതിനു പകരം അവയെ തൊണ്ടതൊടാതെ വിഴുങ്ങുന്ന ലേഖകന്റെ അവസ്ഥ പരിതാപകരമാണ്. വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടെന്ന് വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. യാത്രക്കിടെ കുടകിലെ ഒരു ക്ഷേത്രത്തിലെത്തുന്ന ജോണിയും സുഹൃത്തും ഭയചകിതരാവുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കുടകിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ നരബലി നടന്നിരുന്നു എന്ന് ഹെൻറി വൈറ്റ് ഹെഡ് എന്ന ഇംഗ്ലീഷ് മിഷണറിയുടെ പുസ്തകത്തിലെ പരാമർശം ഓർമ്മയിലെത്തിയതുകൊണ്ടാണത്രെ ജോണി പേടിക്കാനിടയായത്. ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയ ചിക്കവീരരാജേന്ദ്ര എന്ന കുടക് രാജാവ് ഇംഗ്ലണ്ടിലെത്തി സ്വന്തം മകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് വിക്ടോറിയ ഗൗരമ്മ എന്ന പേര് സ്വീകരിച്ച് വിക്ടോറിയ രാജ്ഞിയുടെ സംരക്ഷണയിലാക്കി. രാജ്യം തിരിച്ചു കിട്ടിയില്ലെങ്കിലും ഈ മകൾക്ക് രാജ്ഞിയുടെ വാത്സല്യവും സംരക്ഷണവും കിട്ടിയത് രാജാവിന്റെ വിജയമാണെന്നാണ് ജോണിയുടെ പക്ഷം. മാത്രവുമല്ല, ഒരിക്കലും കുടക് സന്ദർശിച്ചിട്ടില്ലാത്ത ഈ രാജകുമാരി കുടകിന്റെ ദുഃഖപുത്രിയാണത്രെ. ഗ്രന്ഥകർത്താവിന്റെ രാഷ്ട്രീയതാല്പര്യങ്ങളും ഈ കൃതിയിലുടനീളം കാണാം. ചൈനീസ് 'അധിനിവേശത്തിൽ' പ്രതിഷേധിച്ച് 1959-ൽ തിബത്തിൽ നിന്ന് പലായനം ചെയ്ത അഭയാർത്ഥികളെ ബൈലക്കുപ്പയിൽ കുടിയിരുത്തിയിരിക്കുന്നു (പേജ് 98) എന്ന വാചകത്തിൽ അധിനിവേശത്തിനു മുകളിലുള്ള ഉദ്ധാരണചിഹ്നങ്ങൾ ശ്രദ്ധിക്കുക.
പ്രാദേശികമായ എല്ലാ സനാതന പൊരുളുകളോടും അവജ്ഞ കലർന്ന പുച്ഛം പ്രകടിപ്പിക്കുന്ന ഈ ഗ്രന്ഥം നിറഞ്ഞ ബഹുമാനവും ആദരവും പുലർത്തുന്നത് ടിപ്പു സുൽത്താന്റെ നേർക്കു മാത്രമാണ്. 'ടിപ്പു സുൽത്താനെ അറിയുമ്പോൾ' എന്ന ശീർഷകത്തിൽ ഒരദ്ധ്യായം തന്നെ ഇതിലുണ്ട്. ഹിന്ദുരാജവംശങ്ങൾക്കെതിരെ ബ്രിട്ടീഷ് മിഷനറികൾ രേഖപ്പെടുത്തിയതെല്ലാം അതേപടി വിശ്വസിക്കുന്ന ഗ്രന്ഥകാരൻ അവർ ഹൈദരാലിയേയും ടിപ്പുവിനെയും കുറിച്ചെഴുതിയതു മാത്രം അസത്യവും ഏകപക്ഷീയവുമാണെന്നു കാണുന്നു. കുടക്, മൈസൂർ, ചോള രാജാക്കന്മാരെയെല്ലാം 'അയാൾ' എന്നു സംബോധന ചെയ്യുമ്പോൾ ടിപ്പുവിന്റെ കാര്യത്തിൽ മാത്രമാണ് 'അദ്ദേഹം' എന്ന് ജോണി ഉപയോഗിക്കുന്നത്. ടിപ്പുവിനെതിരെയുള്ള പ്രധാന ആരോപണങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ നിർബന്ധിത മതംമാറ്റങ്ങളായിരുന്നു. എന്നാൽ ജോണി പറയുന്നത് യുദ്ധക്കുറ്റവാളികൾക്കുള്ള അക്കാലത്തെ പലതരം ശിക്ഷകളിൽ ഒന്നായിരുന്നു മതംമാറ്റം എന്നാണ് (പേജ് 205). പക്ഷേ ടിപ്പുവിന്റെ സ്വന്തം സദസ്യനായ മീർ ഹുസൈൻ അലിഖാൻ കിർമാനി ടിപ്പുവിനെ പ്രകീർത്തിക്കുന്നത് 'ഇസ്ലാമിന്റെ പോരാളി' (പേജ് 217) എന്നാണ്. ടിപ്പുവിന്റെ അതിക്രമങ്ങളെയെല്ലാം ജോണി ന്യായീകരിച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്നു. 'തീർത്തും സ്വാഭാവികം' എന്ന് അവസാനിക്കുന്ന നിരവധി നാണംകെട്ട ന്യായീകരണങ്ങൾ ഇതിൽ കാണാം. കൊടവസമുദായത്തിൽ നിലവിലുണ്ടായിരുന്ന പ്രാകൃതമായ ബഹുഭർതൃത്വം അവസാനിപ്പിക്കാൻ വിസമ്മതിച്ചവരെ ടിപ്പു കൂട്ടത്തോടെ മതപരിവർത്തനത്തിന് വിധേയമാക്കിയത്രെ. എന്നാൽ അതേസമയം ടിപ്പു പിന്തുടർന്ന ബഹുഭാര്യത്വം പ്രാകൃതമാണോ എന്ന കാര്യത്തിൽ ജോണി മൗനമാണ് അവലംബിക്കുന്നത്. തലക്കാവേരി ആക്രമിച്ചു കീഴടക്കി ആ സ്ഥലത്തിനെ അഫ്സലാബാദ് എന്ന് പുനർനാമകരണം ചെയ്ത് ആ പ്രദേശത്തെത്തന്നെ മതം മാറ്റാൻ ശ്രമിച്ച ഈ മതഭ്രാന്തൻ അവിടുത്തെ പൂജാരിക്ക് ദക്ഷിണ നൽകിയാണ് മടങ്ങിയതെന്നാണ് ജോണിയുടെ കണ്ടെത്തൽ. എന്നാൽ ടിപ്പു തച്ചുതകർത്ത തുമ്പിക്കൈ ഇല്ലാത്ത രണ്ട് ഗജശില്പങ്ങൾ ഇപ്പോഴും ഭാഗമണ്ഡലയിൽ ഉണ്ട്. അത് യുദ്ധത്തിൽ തകർക്കപ്പെട്ടതാണെന്നാണ് ഗ്രന്ഥകർത്താവിന് ഊഹിക്കാൻ സാധിക്കുന്നത്. രാജവംശങ്ങളെ താരതമ്യം ചെയ്യുമ്പോഴും ടിപ്പുവിനോടുള്ള വിധേയത്വം ഇദ്ദേഹം സൂക്ഷിക്കുന്നു. 'പ്രാകൃതമായ രാജനീതി പിന്തുടർന്ന ഹാലേരി രാജാക്കന്മാരുടെ സഹജമായ ക്രൂരത നിശബ്ദം സഹിക്കാൻ ജനങ്ങൾ നിർബന്ധിതരായി. എന്നാൽ ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടുള്ള ആദരം അടിസ്ഥാനമില്ലാത്ത വൈകാരികതയല്ല' (പേജ് 68) എന്നാണ് ജോണി മൊഴിയുന്നത്. ഈ നഗ്നമായ പ്രീണനത്തിന്റെ പിന്നിലെ വികാരമെന്തെന്ന് എല്ലാവർക്കും അറിയാമെങ്കിലും മിണ്ടാതിരിക്കുക എന്നതാണ് കേരള മോഡൽ മതേതരത്വത്തിന്റെ അടിസ്ഥാനശില.
കാവേരി തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ ജോണി തന്റെ ടൂൾകിറ്റിൽ നിന്ന് ദ്രാവിഡസ്വത്വം എന്ന കട്ടപ്പാര പുറത്തെടുക്കുന്നു. ശൈവ-വൈഷ്ണവമതങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് ആര്യന്മാർ ഇറക്കുമതി ചെയ്തതാണ്. എന്നാൽ ഗ്രന്ഥകാരൻ മുട്ടിനുമുട്ടിന് പുകഴ്ത്തുന്ന ബുദ്ധ-ജൈനമതങ്ങളും അതേവഴി തന്നെയല്ലേ എത്തിയത് എന്ന ചോദ്യത്തിന് മറുപടി നൽകുന്നില്ല. അവൈദികമതങ്ങളെക്കുറിച്ചും കൊളോണിയൽ ചരിത്രകാരന്മാരെഴുതിയ വസ്തുതകളേ ഗ്രന്ഥകാരനറിയാവൂ എന്ന് തോന്നുന്നു. ബുദ്ധ-ജൈനമതങ്ങളിൽ ഈശ്വരസങ്കല്പം ഇല്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ശൈവ-വൈഷ്ണവമതങ്ങൾ തമ്മിൽ തമ്മിലും ബുദ്ധ-ജൈനമതങ്ങളുടെ മേലും ആക്രമണം നടത്തിയിരുന്നു എന്നും വാദിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാമാനുജാചാര്യന്റെ നേതൃത്വത്തിൽ വൈഷ്ണവർ ജൈനരെ ആക്രമിച്ച് അവരുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചു എന്ന കഥയാണ് നിരത്തുന്നത്. ഇതുപോലും ടിപ്പുവിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനുള്ള അടവായി മാത്രമേ കാണാനാകൂ. ശൈവ-വൈഷ്ണവമതങ്ങളോടുള്ള ഗ്രന്ഥകാരന്റെ കടുത്ത വിദ്വേഷം വെളിവാക്കുന്ന ഒരു ഭാഗം ഈ പുസ്തകത്തിലുണ്ട്. ജൈനവിശ്വാസിയായിരുന്ന തിരുനാവുക്കരശ് നായനാർ ശൈവമതാവലംബിയായതിനെ തുടർന്ന് പല്ലവരാജാവിന്റെ സഹായത്തോടെ ജൈനസന്യാസിമാർ അദ്ദേഹത്തെ ശാരീരിക പീഡനങ്ങൾക്കു വിധേയമാക്കിയതായി പെരിയപുരാണത്തിൽ പരാമർശിക്കുന്നത് ജോണി അംഗീകരിക്കുന്നില്ല. അഹിംസാവാദികളായ ജൈനർ അങ്ങിനെ ചെയ്യില്ലെന്നാണ് ഇദ്ദേഹം പറയുന്നത്! മാത്രവുമല്ല, ശൈവർക്ക് ജൈനരോടുണ്ടായിരുന്ന കടുത്ത അസഹിഷ്ണുത മൂലമാണത്രേ ഈ ആരോപണം ഉന്നയിക്കുന്നതുപോലും. അതായത് ഇരയെ കുറ്റവാളിയാക്കി ശിക്ഷ വിധിക്കുന്നു. വിഷം ചീറ്റുന്ന നൂറുകണക്കിന് താളുകൾ എഴുതി നിറച്ചിരിക്കുന്ന ഈ പുസ്തകം സാഹിത്യപരമായോ ചരിത്രപരമായോ യാതൊരു മൂല്യവും പുലർത്തുന്നില്ല. ഗ്രന്ഥകാരന്റെ വികലമായ ചിന്തകൾ പല ഉദാഹരണങ്ങളിലൂടെ വെളിവാകുന്നു. തലക്കാട് എന്ന ഗ്രാമം മണലിനടിയിലായത് ശ്രീരംഗപട്ടണം ഭരിച്ചിരുന്ന തിരുമലരായരുടെ പത്നി അലമേലമ്മയുടെ ശാപത്തെത്തുടർന്നാണെന്നാണ് ഐതിഹ്യം. മൈസൂർ രാജാവായി മാറിയ രാജവൊഡയാർ തിരുമലരായരുടെ അസാന്നിധ്യം മുതലെടുത്ത് ശ്രീരംഗപട്ടണം പിടിച്ചടക്കി. തുടർന്ന് അലമേലമ്മയുടെ വിലപിടിച്ച പവിഴമൂക്കുത്തി പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ആ സ്ത്രീ ഒരു ശാപത്തോടെ കാവേരിയിൽ ചാടി ആത്മാഹുതി ചെയ്തു. തലക്കാട് മണലിനടിയിലായത് ഈ ശാപഫലമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. എന്നാൽ ജോണി പറയുന്നത് ഇങ്ങനെ: "അലമേലമ്മയെ ആത്മഹത്യയിലേക്ക് നയിച്ച വസ്തുതകളെക്കുറിച്ച് മൈസൂരിന്റെ ചരിത്രകാരന്മാരെല്ലാം മൗനം പാലിക്കുകയാണെന്നതാണ് വിചിത്രം" (പേജ് 264). വ്യക്തമായും ഒരു ഉൾനാടൻ നാടോടിക്കഥയാണെന്നു മനസ്സിലാക്കാവുന്ന ഈ മിത്തിനെക്കുറിച്ച് ചരിത്രകാരന്മാർ എങ്ങനെ വിവരിക്കും? ഇത്തരം വിഡ്ഢിത്തങ്ങളും ഉൾക്കാഴ്ചയില്ലായ്മയും നിറഞ്ഞതാണ് ഈ പുസ്തകം.
മാതൃഭൂമി പത്രാധിപർ എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഈ ഗ്രന്ഥത്തിന്റെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് തുടക്കത്തിലേതന്നെ വായനക്കാരിൽ സംശയം ജനിപ്പിക്കേണ്ടതാണ്. ഭാരതീയ സമൂഹത്തിലെ ചരിത്രപരമായ ചില വിഭാഗീയതകളെ പർവതവൽക്കരിച്ചും സ്ഥാപനവൽക്കരിച്ചും ഈ രാജ്യത്തെ ഉള്ളിൽ നിന്ന് തകർക്കുവാൻ തിരക്കുകൂട്ടുന്ന ഒരു ട്രോജൻ കുതിരയാണ് ഈ കൃതി. കാതറിൻ മേയോയുടെ 'മദർ ഇന്ത്യ' എന്ന ഇതുപോലൊരു പുസ്തകത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് 'അഴുക്കുചാൽ പരിശോധകന്റെ റിപ്പോർട്ട്' എന്നാണ്. അതുതന്നെയാണ് ഈ കൃതിയും അർഹിക്കുന്ന വിശേഷണം. പലകുറി ആവർത്തിക്കുന്ന ചരിത്രവസ്തുതകൾ ഏതോ കൈപ്പുസ്തകത്തിൽ നിന്ന് പകർത്തിവെച്ചിരിക്കുകയാണ് പലയിടങ്ങളിലും. അതിൽ ജോണിയുടെ കരവിരുത് പ്രകടമാകുന്നത് ഹിന്ദുരാജാക്കന്മാർ ജൈനമതാനുയായികളുടെ മേൽ നടത്തിയതായി പറയപ്പെടുന്ന അതിക്രമങ്ങൾ കൂട്ടിച്ചേർക്കുന്നതിലാണ്.
എല്ലാ തരത്തിലും മൂന്നാംകിട നിലവാരം പുലർത്തുന്ന ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
It's a boring book and the author is clearly not good at writing travelogues. He repeats the same lines about oppression of women and lower castes every few pages that it's quite tedious.
The only reason I read it till the end was only for learning South Indian history. His descriptions about the landscapes and temples failed to invoke any enthusiasm in my mind and I don't think I will be visiting the banks of Cauvery anytime soon.