എനിക്കേറെ പ്രിയപ്പെട്ട എഴുത്തുക്കാരനാണ് സി. രാധാകൃഷ്ണൻ. ആ തൂലികയിൽ പിറന്ന പല കൃതികളും ഒന്നിലധികം തവണ വായിച്ചിട്ടുമുണ്ട്. കുറച്ചേറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന്റെ ഒരു നോവൽ പുറത്തുവരുന്നത്. എഴുത്തുക്കാരന്റെ ഏഴുപതിയഞ്ചമത്തെ പുസ്തകമാണെന്ന പ്രത്യേകതകൂടി 'കാലം കാത്തുവെക്കുന്നതി'ന് ഉണ്ട്. നോവൽ പുസ്തകം രൂപത്തിൽ പിറക്കും മുൻപെ, മാതൃഭൂമി ആഴ്ച്ചപതിപ്പിൽ ഖണ്ഡശയായി വന്നിടയ്ക്ക് തന്നെ ഏറെ അനുവാചക ശ്രദ്ധനേടിയിരുന്നു എന്ന് ശ്രുതിയുണ്ടായിരുന്നു. അതിനാൽ ഒട്ടും വൈകിക്കാതെ, നോവലിസ്റ്റിന്റെ കയ്യൊപ്പുള്ള പതിപ്പിനായി ഒരു മാസം മുൻപ്തന്നെ കണ്ണുംപൂട്ടി പ്രീ-ഓർഡർ കൊടുത്തു, നാളെണ്ണി കാത്തിരിപ്പായി.
പുസ്തകം കൈയിൽ കിട്ടി, ആദ്യത്തെ ഏതാനും അധ്യായങ്ങൾ പിന്നിട്ടപ്പോഴേ, എന്തോ ആവേശം തണുത്തു. മൊത്തം വായിച്ചു തീർന്നപ്പോൾ സമിശ്രഭാവങ്ങൾ, മനസ്സിൽ.
വായന മിക്കവാറും വറ്റിവരളുന്ന, ദൃശ്യമാധ്യമങ്ങളുടെ അതിപ്രരസരത്തിന്റെ കാലഘട്ടത്തിൽ, പുതിയതായി പുറത്തുവരുന്ന ഓരോ കൃതികളും നൂതന ആശയങ്ങളും സംവേദന സാധ്യതകളും ആവശ്യപ്പെടുന്നുണ്ട്. ആ തലത്തിലൂടെ നോക്കികാണുമ്പോൾ 'കാലം കാത്തുവെക്കുന്നത്' വളരെ പ്രത്യേകകൾ ഉള്ള സൃഷ്ടിയാണ്. കാലദേശാന്തരങ്ങൾ കടന്നുള്ള കഥാകഥനം മലയാളത്തിൽ ഇഥംപ്രഥമമായി പരിചയപ്പെടുകയാണ്. സയന്റിസറ്റ് കൂടിയായ എഴുത്തുക്കാരന്റെ ഭാവിലോകത്തിന്റെ കാഴ്ചപ്പാടുകളും കൗതുകമുണർത്തുന്നു. ക്വാന്റം എന്ടാങ്കിൽമെൻറ് മുതൽ ആർജിതബുദ്ധിയും റോബോട്ടിക്‌സും, ബയോടെക്നോളജിയും വരെയും ഇവിടെ കഥപാശ്ചാത്തലാത്തിനു പിന്തുണയായി ഉണ്ട് താനും. മലയാളസാഹിത്യത്തിൽ, വിശേഷിച്ചു നമ്മുടെ തലമൂത്ത എഴുത്തുക്കാരിൽ ഒരാളിൽ നിന്നും ഇങ്ങനെയൊരു സൃഷ്ടി ജനിക്കുന്നത് നമുക്ക് തെറ്റില്ലാതെ അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട്.
ഭൂമി മനുഷ്യരുടേത് മാത്രമല്ല എന്ന എഴുത്തുക്കാരന്റെ ദാർശനികതയാണ് നോവലിനു നിദാനം. ഒത്തവലിപ്പമുള്ള ഒരു സഞ്ചി കിട്ടിയാൽ ഭൂമിയെ തന്നെ കൈക്കലാക്കാൻ നടക്കുന്ന 'വലിയവരോടുള്ള' സംവാദമാണ് കൃതിയുടെ കാതൽ. 'നിൽക്കാൻ ഒരിടം തന്നാൽ ഭൂമിയെ തന്നെ തള്ളി നീക്കി തരാം' എന്ന് പണ്ടൊരു ശാസ്ത്രക്കാരൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ തൊണ്ടതൊടാതെ വിഴുങ്ങിയ, ഇരിക്കുംകൊമ്പ് മുറിക്കുന്ന പരിഷകളോടുള്ള പരിഭവവുമുണ്ടിവിടെ. ഈ വൈകിയവേളയിലും ഭൂമിയെയും മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെ രക്ഷിപ്പാൻ സയൻസിനെ സാധിക്കൂ എന്ന ശുഭാപ്തിവിശ്വാസവും ഗ്രന്ഥകർത്താവ് കൈകൊള്ളുന്നു. ആ ലക്ഷ്യത്തിലേക്കായി മുൻപെ പറക്കാൻ ദീർഘവീക്ഷണമുള്ള ചില പക്ഷികൾ വേണമെന്ന് ചിന്തക്ക് വീണ്ടും അടിവരയിട്ടാണ് പുസ്തകം അവസാനിക്കുന്നത്(ചോദ്യങ്ങളും പ്രശ്നങ്ങളും ഉയർത്തലാണ് പൊതുവായ സാഹിത്യ ധർമ്മമെങ്കിൽ, സി. രാധാകൃഷ്ണന്റെ കൃതികളിൽ പലതിലും, ഒരുപടികൂടെ കടന്നുച്ചെന്ന് പരിഹാരമാർഗങ്ങൾക്കും നടപടികൾക്കും ചിന്തിക്കുന്ന/അനുവർത്തിക്കുന്ന/നിർദേശിക്കുന്ന രീതിയുണ്ട്. 'മേലോട്ടവായനക്കാരെ' അദേഹത്തിന്റെ കൃതികളിൽ നിന്നുമകറ്റുന്നതിൽ ഇതൊരു കാരണമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. 'ഇന്ദുലേഖ' വായിച്ചു ആസ്വദിച്ചവർ പലരും, 18-ആം അദ്ധ്യായം വേഗത്തിൽ മറിച്ചുപോയവരാണ്. പ്രസാധകർപോലും പല പതിപ്പുകളിലും ആ ഭാഗം മുഴുവനായി നീക്കം ചെയ്തിരുന്നു എന്നതും ഇവിടെ പ്രസ്താവ്യമാണ്).
ഇത്രയും എഴുതിയത്കൊണ്ട് പോരായ്മകൾ ഇല്ലാത്ത കൃതിയാണ് 'കാലം കാത്തുവെക്കുന്നത്' എന്നർത്ഥമില്ല. ഒട്ടേറെ കഥാപാത്രങ്ങൾ കടന്നു വരുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രധാനപ്പെട്ട ന്യൂനത. വാർ ആൻഡ് പീസും, And Quiet Flows the Don-മും എല്ലാം ആസ്വദിച്ച സഹൃദയർക്ക് കഥാപാത്ര ബാഹുല്യം ഒരു കടമ്പയല്ല. എന്നാൽ ഓരോ കഥപാത്രങ്ങൾക്കുമായി പ്രത്യേകം പ്രത്യേകം അധ്യായങ്ങൾ നീക്കിയിരുപ്പുണ്ടായിട്ട് കൂടി, അവർക്ക് (പേജുകളിൽ മുക്കാലെ മുണ്ടാണിയും കഥാപാത്രങ്ങളെ പരിചയപ്പെടുന്നതിനു മാത്രമായി മാറ്റിവെച്ചിട്ടുണ്ട്), കഥാക്കാരന്റെ മറ്റു കൃതികളിലെ പോലെ, അനുവാചക ഹൃദയത്തിലേക്ക് മിഴിവോടെ കടന്നു ചെല്ലാൻ സാധിക്കുന്നില്ല. മലയാളത്തിലെ ഒരു ശരാശരി നോവലിനേക്കാൾ വലുപ്പമുണ്ടായിട്ടും കഥാതന്തുക്കൾ പലതിനും പൂർണത അനുഭപ്പെട്ടില്ല എന്നതത്രെ മറ്റൊരു കല്ലുകടി. ആഖ്യാനത്തിൽ ഇതിവൃത്തെ പുഷ്ടിപെടുത്താൻ പാകത്തിന്, വേണ്ടയിടത്തു വാക്കുകൾക്ക് മാന്ദ്യവും, അത്രക്കണ്ടു പ്രധാന്യമർഹിക്കാത്തയിടത്ത് അതിപ്രസരവും!
520-ഓളം താളുകളിലായി പരന്നു കിടക്കുന്ന പുസ്തകത്തെ മൊത്തത്തിൽ, നോവലിസ്റ്റിന്റെ മറ്റു പുസ്തകങ്ങളെ താരതമ്യം ചെയ്ത് കൊണ്ട് ഇങ്ങനെ സംഗ്രഹിക്കാം:
കാലം കാത്തുവെക്കുന്നത്
=
ഇവിടെ എല്ലാവർക്കും സുഖം തന്നെ
(ആഖ്യാനം) +
ഉള്ളിൽ ഉള്ളത്
ഒപ്പം ക്വാന്റം എന്ടാങ്കിൽമെൻറ് ഉൾപ്പടെയുള്ള ഒരുപാട് ഗവേഷണം(രംഗപശ്ചാത്തലം) +
മുൻപേ പറക്കുന്ന പക്ഷികൾ
(ആശയം)