സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ഗൗരി എന്ന പെൺകുട്ടി രാത്രി പതിനൊന്നര മണിക്ക് തിരുവനന്തപുരത്തെ കവടിയാർ ജങ്ഷനിൽ ബസ്സിറങ്ങി ഏകയായി നടന്നുപോകുന്നു. വിജനമായ ആ തെരുവില്‍ വെച്ചുണ്ടായ ഭീതിജനകമായൊരു അനുഭവം അവളുടെ മാനസികനിലയാകെ തെറ്റിക്കുന്നു. ബോധരഹിതയായ ഗൗരിയെ പട്രോൾ പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നു. പിറ്റേദിവസം രാത്രി ഗൗരി വേറൊരു മുറിയിലേക്ക് മാറിക്കിടന്നതിനാൽ അവൾ കിടന്നിരുന്ന ബെഡ്ഡിൽ കിടന്ന മറ്റൊരു രോഗി ഭീകരമായി വധിക്കപ്പെടുന്നു. പോലീസ് അന്വേഷണത്തിനിടെ മണം പിടിച്ചുപോയ പോലീസ്നായ മോർച്ചറിക്കു മുന്നിൽ പോയിനിന്ന് ദയനീയമായി ഓരിയിടുന്നു.
ഗൗരി പഴയ തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരു സ്ത്രീയുടെ ശബ്ദത്തില്‍ സംസാരിക്കാൻ തുടങ്ങുന്നു. മന:ശാസ്ത്ര വിദഗ്ദ്ധര്‍ ഗൗരിയിലെ അപരവ്യക്തിത്വം സി വി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികയായ ‘മാര്‍ത്താണ്ഡവര്‍മ്മ’യിലെ സുഭദ്ര എന്ന കഥാപാത്രമാണ് എന്ന് കണ്ടെത്തുന്നു. ഗൗരിയുടെ പ്രൊഫസ്സറായ വിജയാനന്ദ് ഈ സംഭവങ്ങളുടെ കുരുക്കഴിക്കാൻ ശ്രമിക്കുമ്പോൾ നൂറ്റാണ്ടുകൾ നീളുന്ന പ്രതികാരത്തിന്റെ കഥകളാണ് അനാവരണം ചെയ്യപ്പെടുന്നത്.
ഒരേസമയം ഒരു മനശ്ശാസ്ത്രനോവലായും ഒരു സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ നോവലായും വായനക്കാരനെ ഭീതിയുടെ വലയത്തിൽ കുരുക്കിയിടുന്ന അസാമാന്യ രചനയാണ് അശ്വതിതിരുനാളിന്റെ വിജനവീഥി. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിച്ചിത്രത്താഴ് എന്ന സിനിമ രൂപപ്പെടുത്തിയത് എന്നൊരു വിവാദം മുമ്പ് ഉണ്ടായിരുന്നു.
ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും ആകാംഷയോടെ ഒരു പുസ്തകവും വായിച്ചു തീർത്തിട്ടില്ല. ഓരോ അധ്യായം കഴിയുമ്പോഴും മനസ്സിൽ നിറയുന്ന ആകാംഷ കൊണ്ട് പുസ്തകം അടച്ചു വെക്കാനുള്ള മടിയായിരുന്നു ഏറ്റവും വലിയ പ്രശ്നം.. മറ്റെന്തു ജോലി ചെയ്യുമ്പോഴും വീട്ടിൽ ചെന്ന് 'വിജനവീതി' യുടെ ബാക്കി ഭാഗം വായിക്കാനുള്ള ത്വര മനസ്സിനെയിങ്ങനെ ശല്യപ്പെടുത്തി കൊണ്ടെയിരുന്നു..
ഇതൊരു ഹൊറർ -സൈക്കോളജിക്കൽ-ക്രൈം നോവലാണ്. വർഷങ്ങൾക്കു മുൻപ്, അതായത് 1985 ൽ കുങ്കുമം വാരികയിൽ ഖണ്ഡശ്ശയായിയാണ് വിജനവീഥി പ്രസിദ്ധീകരിക്കപ്പെത്. 1987 ൽ ഇതിന്റെ ആദ്യഎഡിഷൻ പുറത്തിറങ്ങി.. പിന്നീട് നീണ്ട ഇടവേള... ഏകദേശംമുപ്പത് വർഷങ്ങൾക്കു ശേഷമാണ് രണ്ടാം പ്രിൻറ്റ് ഇറങ്ങുന്നത്. ഇതിനിടയിൽ പലരും ഈ പുസ്തകത്തെ പറ്റി പാടെ വിസ്മരിച്ചു.. വായിക്കപ്പെടാതെ ആഘോഷിക്കപ്പെടാതെ വിജനവീഥി അങ്ങനെ തന്നെ നിലനിന്നു..
മലയാള സിനിമയായ 'മണിച്ചിത്രത്താഴിന്റെ മൂല കഥ ഈ പുസ്തകത്തിന്റെ സ്വാധീനത്തിൽ പിറന്നതാണ് എന്ന രീതിയിൽ നിരവധി വിവാദങ്ങൾ ആക്കാലത്തും ഇന്നും പുറത്ത് വരുന്നുണ്ട്.
പുസ്തകം രചിച്ച 'അശ്വതി തിരുനാൾ' ഒരു സ്ത്രീയാണെന്നാണ് ഞാൻ കരുതിയിരുന്നത്.. എന്നാൽ എഴുത്തുകാരൻ മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിൽ ടെക്നിഷ്യൻ ആയി പ്രവർത്തിച്ച ഒരാളായിരുന്നു.. പിന്നീട് അദ്ദേഹം ആത്മീയതയിൽ ജീവിതലക്ഷ്യം തേടി ഒരു സന്യാസി വര്യനായി മാറി..
ചരിത്രവും യാഥാർഥ്യവും കൂടി കലരുന്ന ത്രെഡ് ആണ് പുസ്തകത്തിന്റേത്...കവടിയാർ നഗരത്തിലൂടെ അർധരാത്രി പന്ത്രണ്ടു മണിക്ക് ബസിറങ്ങി നടന്നു വരുന്ന ഗൗരി എന്ന സൈക്കോളജി വിദ്യാർത്ഥിയായ പെൺകുട്ടിയിലൂടെയാണ് വിജനവീഥി തുടങ്ങുന്നത്. നഗരത്തിന്റെ കറുത്ത ഏകാന്തതയിലൂടെ അവൾ ഒറ്റയ്ക്ക് നടക്കുന്നു... ഏറെ മനോബലം ഉള്ളവളെങ്കിലും അവളിൽ മെല്ലെ ഭീതി നിറയുന്നു.. ആ സമയത്ത് തെരുവിൽ ഒരു കപ്പലണ്ടി വില്പനക്കാരിയെ അവൾ കണ്ടെത്തുന്നു. അവൾ അവരുടെ അടുത്തേക്ക് ചെല്ലുമ്പോൾ അതൊരു പുരുഷനാണെന്നും അയാൾക്ക് വൈരൂപ്യമുള്ള മുഖവും രോമ നിബിഡമായ കൈകളുമുണ്ടെന്ന് അവൾ മനസ്സിലാക്കുന്നു.. ആ ഭയത്തിൽ നിന്നും അവൾ ഓടിയെത്തുന്നത് ഒരു ഓട്ടോക്കാരന്റെ മുന്നിൽ... അവിടെയും ഭയത്തിന്റെ ഭീകര അവസ്ഥ അവൾക്കുണ്ടാകുന്നു. ഇതിനിടയിൽ കഥ നടക്കുന്ന കാലത്തു നിന്നും ഗൗരി ചരിത്രത്തിന്റെ രാജവീഥികളിലൂടെ മണിക്കൂറുകൾ നടക്കുന്നുണ്ട്. അതോടു കൂടി ഗൗരിയുടെ ജീവിതം ഒരിക്കലും പഴയതു പോലെയായില്ല...
ഇനി നിങ്ങൾ വായിക്കൂ... വായിച്ച് അത്ഭുതപ്പെടു.. വായനയുടെ ആഹ്ലാദം കണ്ടെത്തു. . .
വളരെ നാളുകൾക്കു ശേഷമാണ് ഞാൻ ഒരു നോവൽ ഇത്ര ആകാംഷയോടെ വായിക്കുന്നത്. ഗൗരി എന്ന യുവതിക്ക് ഒരു രാത്രി ഉണ്ടാകുന്ന ഭീതിജനകമായ അനുഭവവും തുടർന്ന് അത് അവളുടെയും അവളുടെ പരിചിതരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന അശുഭകരമായ സംഭവങ്ങളുടെയും കഥ. ചരിത്രവും മനോശാസ്ത്രവും കുറ്റാന്വേഷണവും ഒന്നിക്കുന്ന ഒരപൂർവ്വ നോവൽ. ലിമിറ്റഡ് എഡിഷനുകളായി മാത്രം ഇറക്കുന്ന ഈ നോവൽ കൂടുതൽ ആളുകളിലേക്ക് എത്തണമെന്നും ഞാൻ അനുഭവിച്ച ഉദ്വേഗജനകമായ വായനാനുഭവും എല്ലാർക്കും ലഭിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആകെയുള്ള ഒരു നിരാശ നോവൽ അവസാനിപ്പിച്ച രീതി മാത്രമാണ്, അത് തീർത്തും സ്വാമി അശ്വതി തിരുനാളിന്റെ അവകാശമാണെങ്കിലും ഒരു വായനക്കാരനെന്ന നിലയിൽ മറ്റെല്ലാ അധ്യായങ്ങളിലും വായിച്ചു പോകവേ ഞാൻ ആഗ്രഹിച്ച തലത്തിൽ ഉള്ള, മറ്റു അധ്യായങ്ങൾ എന്നിൽ ജനിപ്പിച്ച പ്രതീക്ഷയെ തൃപ്തിപ്പെടുത്തുമാറുള്ള ഒരു അവസാനം അല്ലായിരുന്നു.
വിജനവീഥിയുമായുള്ള മണിച്ചിത്രത്താഴിന്റെ സാമ്യത അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടും വളരെ വ്യത്യസ്തമെങ്കിൽ പോലും അവയുടെ അന്തർധാര ഏകമെന്നു സരസമായെങ്കിലും പറയാതെ എനിക്ക് നിവൃത്തിയില്ല. മണിച്ചിത്രത്താഴിനു വർഷങ്ങൾ മുൻപേ ഇറങ്ങിയ നോവൽ എന്ന നിലക്ക് വിജനവീഥിയെ രൂപം മാറ്റി ഇറക്കിയതാണോ മണിച്ചിത്രതാഴെന്ന് ഒരു വായനക്കാരൻ സംശയിച്ചെന്നു വരാം. സംവിധായകൻ ഫാസിൽ പറഞ്ഞത്, ഇങ്ങനെ ഒരു നോവലിനെക്കുറിച്ച് അവർ കേട്ടിട്ടെ ഇല്ലായിരുന്നു എന്നാണ് . എന്നാൽ അതെ സമയം അദ്ദേഹം തന്നെ പറയുന്നു, ഈ ത്രെഡ് കിട്ടിയത് അഹ്‌ദേഹത്തിന്റെ ഭാര്യയിൽ നിന്നുമാണെന്ന്. അന്ന് സമൂഹമാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിൽ മണിച്ചിത്രത്താഴിനു തീർച്ചയായും അത് ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു. എന്നിരുന്നാലും വിജനവീഥി സിനിമയാക്കുവാൻ ഇന്നും പ്രസക്തമായി നിൽക്കുന്ന കഥയാണ്. ഉറപ്പായും നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ തീർത്തും ഇന്നത്തെ പ്രേക്ഷകരെ ഞെട്ടിക്കാവുന്ന കഥ. ഈ നോവൽ വായിക്കുവാൻ ഇത്രയും വൈകിപ്പോയതെന്തേ എന്നാണു എന്റെ വിഷമം!
മലയാള സാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരധ്യായമാണ് മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായിക. വാൾട്ടർ സ്കോട്ടിന്റെ ഐവാൻഹോയുടെ ചുവട് പിടിച്ച് സിവി രാമൻപിള്ള രചിച്ച ഈ നോവൽ ഇന്നും ജനഹൃദയങ്ങളെ ആകർഷിക്കുന്നതാണ്. അതിലെ സുഭദ്രയുടെ കഥ ചേർത്തുവച്ചു രചിച്ച ഹൊറർ നോവലാണ് സ്വാമി അശ്വതി തിരുന്നാളിന്റെ വിജനവീഥി. ഇപ്പോൾ എകദേശം മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം രണ്ടാം പതിപ്പ് ഇറങ്ങിയതാണ് ഞാൻ വായിച്ചത്.
പാതിരാ നേരത്ത് തിരുവനന്തപുരത്ത് ബസ്സിറങ്ങുന്ന ഗൗരി അനുഭവിക്കുന്ന വിചിത്രസംഭവങ്ങളിലൂടെയാണ് നോവൽ തുടങ്ങുന്നത്. ചരിത്രവും ശാസ്ത്രവും മന്ത്രവാദവും പാരാ സൈക്കൊളജിയും അതീന്ദ്രിയതയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന രചനാരീതി.
സാധാരണ ഹൊറർ രചനകളിൽ ആമാനുഷികതയുടെ മൂടുപടം ശാസ്ത്രിയത അഴിച്ചു വപ്പിക്കാറാണ് പതിവ്. എന്നാൽ അത്തരം പതിവുകളെയും സാധാരണ രീതിയിലുള്ള കഥനങ്ങളെയും കാറ്റിൽ പറത്തി പുതുരീതീകളിലൂടെ ഈ നോവൽ സഞ്ചരിക്കുന്നു. വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ നോവൽ. മലയാളത്തിലെ ഹൊറർ രചനകളിൽ ഒരു സവിശേഷ സ്ഥാനം ഇ നോവലിന് അവകാശപ്പെടാവുന്നതാണ്.
നോവൽ ഉയർത്തി വിട്ട വിവാദങ്ങൾ, നിരവധി പേരുടെ പുസ്തക പരിചയങ്ങളും പഠനങ്ങളും ചിത്രങ്ങളും ചേർന്നതാണീ പുസ്തകം. അത് കൊണ്ട് തന്നെ 54 അധ്യായങ്ങളും അഞ്ഞുറിൽ താഴെ പേജുകളേ നോവലിനുള്ളെങ്കിലും പുസ്തകത്തിന് 596 പേജുകളുണ്ട്. നല്ല രീതിയിൽ പ്രിന്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു പേജ് അടുത്തടുത്ത പേജു നമ്പറുകളിൽ രണ്ട് തവണ അച്ചടിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച , ധ്വനിയും എകലവ്യയും ചേർന്നാണ്.എഴുത്തുകാരന്റെ കൈയ്യോപ്പോടു കൂടിയ പുസ്തകമാണ് എനിക്ക് ലഭിച്ചത്
വിജനവീഥി ഒരു ബോറടിപ്പിക്കാത്ത വായന തരും .മണിച്ചിത്രത്താഴുമായുള്ള ഇതിന്റെ ബന്ധം എങ്ങനെ വന്നു എന്ന് പറയാൻ ഞാൻ ആളല്ല .പക്ഷെ രണ്ടിലും കഥയുടെ ബീജബിന്ദു ഒരേ സംഗതിയാണ് .പക്ഷെ മണിച്ചിത്രത്താഴിനെക്കാളും ചരിത്രം നിറഞ്ഞ ഒരു കഥയാണ് വിജനവീഥി എന്ന് മാത്രമല്ല ഒരേ പ്രശ്നത്തെ രണ്ടാഖ്യാനങ്ങളും കൈകാര്യം ചെയ്ത രീതിയും വളരെ വ്യത്യസ്തമാണ് . എമ്പതി തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു എഴുത്തല്ല അശ്വതി തിരുനാളിന്റെ .ഖണ്ഡശഃ എഴുതുമ്പോൾ ഓരോ എപ്പിസോഡും ഒരു ക്ലിഫ് ഹാങ്ങറിൽ നിർത്തേണ്ട ആവശ്യമുള്ളത് കൊണ്ട് ,അത്തരം ഒരു രീതിയിൽ ആണ് ഇതിന്റെ രചന . നിങ്ങൾ ഒരു സൈക്കളോജിക്കൽ ത്രില്ലർ വായിക്കാനുള്ള മൂഡിൽ ആണെങ്കിൽ നിസംശയം ഇത് തിരഞ്ഞെടുക്കാം .ഒരു സീരീസ് ആക്കി മാറ്റാനുള്ള സർവ സ്‌കോപ്പും ഇതിലുണ്ട് താനും .അങ്ങനെ ചെയ്താൽ ഇപ്പോൾ ഈ ആഖ്യാനത്തിൽ മിസ്സിംഗ് ആയ എമ്പതി ചിലപ്പോ അനുഭവവേദ്യമാക്കാൻ പറ്റുമെന്ന് തോന്നുന്നു . കൂടുതൽ പേർ വായിക്കേണ്ട ഒരു കൃതിയാണിത് .പറ്റുമെങ്കിൽ കുറച്ചൂടെ വിലയും അക്ഷരത്തെറ്റും കുറച്ചിറക്കിയാൽ ചിലപ്പോ ഇതൊരു പബ്ലിഷിങ് സെൻസേഷൻ ആയി മാറിയേക്കാം എന്നാണെന്റെ തോന്നൽ .
“Never judge a book by it’s cover” എന്നാണല്ലോ നമ്മൾ പൊതുവേ പറയാറ്! എന്നാൽ ഈ പുസ്തകം എന്റെ കൈയ്യിലേക്ക് വന്നത് അതിന്റെ കവർ പേജിന്റെ ആകർഷണീയത കൊണ്ട് മാത്രമാണ്. തികച്ചും യാദൃശ്ചികമായി ലൈബ്രറി ഷെൽഫിൽ നിന്ന് കിട്ടിയ പുസ്തകമാണിത്. ആദ്യമായി “വിജനവീഥി” പ്രസിദ്ധീകരിച്ചത് 1987 ൽ “കുങ്കുമം” വാരികയായിരുന്നു.
അശ്വതി തിരുനാൾ “വിജനവീഥി”യിലൂടെ തിരുവിതാംകൂർ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താധ്യായത്തെ അതിന്റെ എല്ലാ തീക്ഷണതയോടും കൂടെ അവതരിപ്പിച്ചിട്ടുണ്ട്. യുക്തിയും മനഃശാസ്ത്രവും ഇഴച്ചേർന്ന ഈ കഥ വായനക്കാർക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭൂതി നൽക്കുന്ന ഒരു കൃതിയാണ്.
“മാർത്താണ്ഡവർമ” യിൽ സി. വി. വിട്ടുകളഞ്ഞ പലതും അശ്വതി തിരുനാൾ “വിജനവീഥി”യിൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വായനക്കാരെ തുടക്കം മുതലേ കഥയിലേക്ക് പിടിച്ചിരുത്തുന്ന ഒരു കാന്തികശക്തി ഓരോ വരിയിലും നമുക്ക് കാണാൻ സാധിക്കും.
സൈക്കോളജി ഗവേഷണ വിദ്യാർത്ഥിനിയായ ഗൗരിയ്ക്ക് കവടിയാർ റോഡിൽ വെച്ച് സംഭവിക്കുന്ന ഭീകരാനുഭവത്തിലൂടെയാണ് കഥാകൃത്ത് നമ്മളെ നോവലിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ശേഷം ഗൗരിയിൽ ഉണ്ടാവുന്ന മാറ്റങ്ങളും മാനസിക പ്രശ്നങ്ങളും, തുടർന്ന് ഗൗരിയുടെ പ്രൊഫസർ വിജയാനന്ദ് ഈ സംഭവങ്ങളുടെ കുരുക്കഴിക്കാൻ ശ്രമിക്കുമ്പോൾ പുറത്തു വരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രതികാര കഥകളുമൊക്കെയാണ് കഥാപ്രമേയം.
തിരുവിതാംകൂർ ചരിത്രം, മാർത്താണ്ഡവർമ്മ, കവടിയാർ റോഡ്, എട്ടുവീട്ടിൽ പിള്ളമാർ, സുഭദ്ര, പ്രൊഫസർ വിജയാനന്ദ്, സി.ഐ. മോഹൻ, വേണു, ഗൗരി തുടങ്ങി മനസ്സിൽ തറച്ചു നിൽക്കുന്ന കഥാപാത്രങ്ങൾ!
ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് “മണിച്ചിത്രത്താഴ്” എന്ന സിനിമ രൂപപ്പെടുത്തിയത് എന്നൊരു വിവാദവും അക്കാലത്തുണ്ടായിരുന്നു.
എന്തു തന്നെ ആയാലും ഒത്തിരി നാളുകൾക്ക് ശേഷം 600 പേജുകൾ ഉള്ള ഈ പുസ്‌തകം ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ സാധിച്ചു എന്നത് ഒരു അത്ഭുതം തന്നെയാണ്!
നീണ്ട 34 വർഷങ്ങൾക്കു ശേഷം “വിജനവീഥി” യുടെ രണ്ടാം പതിപ്പ് വായനക്കാരിലേക്ക് എത്തിച്ച ശ്രീ. ദിനേശ് കുമാർ സർ നു ഈ അവസരത്തിൽ പ്രത്യേകം നന്ദി അറിയിച്ചുകൊള്ളുന്നു! ❤️✨
1985 ൽ പുറത്ത് വന്ന "വിജനവീഥി" മലയാളത്തിലെ സൈക്കോളജിക്കൽ ഹൊറർ നോവലുകളുടെ ശ്രേണിയിൽ അതിൻ്റെ രചനാചാതുരി കൊണ്ടും യുക്തിഭദ്രത കൊണ്ടും മുന്നിട്ട് നിൽക്കും. കുറ്റാന്വേഷണം,ഭയം, പ്രണയം, മനഃശാസ്ത്രം,ചരിത്രം, ആത്മീയത ഈ ചേരുവകൾ എല്ലാം വേണ്ട അളവിൽ ചേർത്ത് തയാറാക്കിയ ഈ നോവൽ ഉറപ്പായും മലയാള വായനാലോകത്ത് ഇനിയങ്ങോട്ട് ഒരു തരംഗം തന്നെ സൃഷ്ടിക്കാനുള്ള സാധ്യത കാണുന്നു. 596 - ഓളം പേജുകൾ (2022 എഡിഷൻ - പഠനകുറിപ്പുകൾ, ആസ്വാദനങ്ങൾ അടക്കം) ഉള്ള സാമാന്യം വലിയ നോവലിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തെ ഉപജാപങ്ങളും, എട്ടുവീട്ടിൽ പിള്ളമാരുമൊക്കെ കടന്നു വരുന്നുണ്ട്. ചുരുക്കത്തിൽ ഒരു ക്ലാസിക്ക് സിനിമാറ്റിക് വായനാനുഭവം.! 👌👌👌
The author takes us into a psychic world through his writing. the book began well. the first half was intriguing and full of suspense. but I felt the author somehow lost touch in the second half of the book..the love life projected in the book was lost somewhere and the ending was abrupt. the psychic mode which the author attempted to create in the book succeeded only until the mythical character description. the later chapters were vague and unsettled.
A really stupid and silly novel. Climax is the worst part of the book. After testing the reader's patience for around 500 pages, here comes the stupid climax wherein the main character commits suicide by jumping from the 9th floor of the hospital.
Spine chilling and unputdownable. Such a gripping plot and memorable characters. The whole controversy surrounding the movie Manichithrathaazhu made it all the more interesting to read. A delightful reading experience. Not sure if I am a fan of the climax though.
A narrative that intricately explores every detail in an engaging manner, avoiding any challenge to the readers' overall intelligence. A nice novel. But I felt that it ends abruptly.