സ്മൃതിയും ചരിത്രവും ഒരുമിച്ചു പ്രസരിക്കുന്ന ജീവിതസഞ്ചരണമാണ് ഈ പുസ്തകം. അധികാരക്കണ്ണുകളിൽ കരടായി നിലകൊണ്ട ഈച്ചരവാരിയർ എന്ന പിതാവ്, അറിവിന്റെ മഹാമേരുവായിരുന്ന പൂമുള്ളി ആറാംതമ്പുരാൻ, വിപ്ലവപ്രസ്ഥാനങ്ങളോട് കലഹിച്ച് ഹരിതപോരാളിയായി മാറിയ അബ്രഹാം ബെൻഹർ, അധികാരക്കുഴമറിച്ചിലുകളുടെ അകംപുറമറിയുന്ന രാഷ്ട്രീയജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർ, എരിയുന്ന പെരുവയറുമായി തൃശൂരിന്റെ ചുറ്റുപാതയിലൂടെ അലഞ്ഞ തീറ്ററപ്പായി, മനുഷ്യമനസ്സിന്റെ അജ്ഞാത വഴികളിലൂടെ സഞ്ചരിക്കുന്ന സൈക്കോ മുഹമ്മദ്, സ്നേഹത്തിന്റെ നിറം പച്ചയാണെന്ന് വിശ്വസിക്കുന്ന ശോഭീന്ദ്രൻ മാഷ്, കത്തോലിക്ക സഭയിലെ അനാചാരങ്ങളോട് സമരസപ്പെടാനാവാതെ ഗാർഹസ്ഥ്യം സ്വീകരിച്ച ഫാദർ താമരക്കാട്... ഇങ്ങനെയിങ്ങനെ സ്വന്തം ജന്മനിയോഗങ്ങളെ, കർമപഥങ്ങളെ എത്രയും സാർഥകമാക്കിയ ഇരുപത്തിയഞ്ച് വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജൻ ചുങ്കത്തിന്റെ ഏകായനങ്ങളുടെ ഓർമക്കൂട്ടാണ്.
പലമേഖലകളിൽ കഴിവ് തെളിയിച്ചവരും സ്വന്തം ജീവിതനിയോഗങ്ങളുടെ മുന്നിൽ അടിപതറാതെ പൊരുതിയവരുമായ ഇരുപത്തഞ്ചോളം വ്യക്തിത്വങ്ങളുടെ ഓർമ്മയും ചരിത്രവും ഉൾക്കൊള്ളുന്ന കൃതിയാണിത്. ഡോ. രാജൻ ചുങ്കത്തു അവരോടു നടത്തിയ അഭിമുഖങ്ങളിലൂടെയും നേരിട്ടുള്ള പരിചയത്തിലൂടെയും മറ്റു ചരിത്ര വസ്തുതകളും വാർത്തകളും ചേർന്നുള്ള ഒരു ജീവിതരേഖയാണിത്.
തൻ്റെ മകന് വേണ്ടി ഒരു സംസ്ഥാനത്തിന് എതിരെ പോരാടിയ ഈച്ചരവാരിയർ, രാജന് എന്ത് സംഭവിച്ചു എന്ന് വെളുപ്പെടുത്തിയ ഹരിതപോരാളിയായ അബ്രഹാം ബെൻഹർ, രാഷ്ട്രീയക്കാർക്ക് പ്രിയപ്പെട്ട ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർ, രണ്ടര പതിറ്റാണ്ടുകാലം കേരളത്തിൽ നടന്ന എല്ലാ തീറ്റ മത്സരങ്ങളിൽ വിജയിച്ച തൃശൂരിന്റെ പ്രിയങ്കരനായ തീറ്ററപ്പായി, മലബാർ കലാപത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് നമ്പൂതിരി സമുദായം ഭ്രഷ്ട് കൽപ്പിച്ചു പുറത്താക്കിയ മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂതിരി, ശിവഗംഗയിലെ റാണിയായ മധുരാന്തകി നാച്ചിയാർ, മലബാറിലെ ആദ്യത്തെ മനഃശാസ്ത്രജ്ഞനായ സൈക്കോ മുഹമ്മദ്, പൂമുള്ളി ആറാം തമ്പുരാൻ അങ്ങനെ ഇരുപത്തഞ്ചോളം വ്യക്തിത്വങ്ങളുടെ ചരിത്രരേഖയാണിത്