Jump to ratings and reviews
Rate this book

മൃത്യുഞ്ജയം കാവ്യജീവിതം | Mruthyunjayam Kavyajeevitham

Rate this book

291 pages, Paperback

Published November 1, 1996

2 people want to read

About the author

1928-ൽ ആലപ്പുഴയിൽ ജനിച്ചു. നാലു വർഷത്തോളം സ്‌കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവ. കോളജുകളിൽ. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളം പ്രൊഫസറായി റിട്ടയർ ചെയ്തു. 1987-ൽ എറണാകുളത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരള സാഹിത്യഅക്കാദമി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, സഹോദരൻ കെ. അയ്യപ്പൻ, അവധാരണം, മൃത്യുഞ്ജയം കാവ്യജീവിതം, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം. ഗോവിന്ദൻ, എത്ര ശോകമയം ലോകം, യുക്തിവാദി എം.സി. ജോസഫ് തുടങ്ങിയവയാണ് മുഖ്യ കൃതികൾ. വയലാർ അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ. പരമേശ്വരൻനായർ സ്മാരകപുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

M. K. Sanu was an Indian Malayalam-language writer, critic, academic, biographer, journalist, orator, social activist and human rights activist. He authored at least 36 books.
Sanu was a permanent member of the International Body for Human Rights, as well as the founding member of the Mithram, a school for the mentally handicapped, in Mulanthuruthy, Ernakulam district, Kerala. He was a member of the award selection committee of the Vayalar Ramavarma Literary Award; however, he resigned in September 2019. In 2011, he won the Padmaprabha Literary Award.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (50%)
3 stars
1 (50%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Sajith Kumar.
720 reviews141 followers
November 1, 2022
മലയാള കാവ്യരംഗത്ത് നവോത്ഥാനപാത വെട്ടിത്തുറന്ന മഹാകവിയാണ് കുമാരനാശാൻ. അദ്ദേഹം തെരഞ്ഞെടുത്ത നായകബിംബങ്ങളും ആഖ്യാനശൈലിയും യാഥാസ്ഥിതിക മസ്തിഷ്കത്തിന്റെ ആസ്വാദനസീമകൾക്കു പുറത്തായിരുന്നു. എന്നാൽ ആ കാവ്യങ്ങളുടെ കാലികപ്രസക്തിയും പ്രതിപാദ്യഗരിമയും വലിയ പരിവർത്തനങ്ങൾക്ക് കാരണമാകാൻ തക്ക ശേഷിയുള്ളതായിരുന്നു. കേരളീയസമൂഹം വലിയൊരു മാറ്റത്തിന് തയ്യാറെടുത്തുനിന്നിരുന്ന സന്ദർഭവുമായിരുന്നു. നവോത്ഥാനമെന്ന ശിശുവിന് ആശാൻ കവിത പോഷകവും പ്രാണജലവും നൽകി. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് ആശാൻ. പക്ഷേ ആ സ്ഥാനലബ്ധി സാമുദായികസംവരണത്തിലൂടെ മാറ്റിവെച്ച ഒരു കസേരയായിരുന്നില്ല എന്നതിനു സാക്ഷി ഇരുപതാം നൂറ്റാണ്ടാണ്. ആശാൻ കവിത ഇന്നും കൈരളിയുടെ ആത്മാവിന്റെ ഭാഗമായി നിലനിൽക്കുന്നു. ആശാന്റെ ജീവചരിത്രങ്ങൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രൊഫ: എം. കെ സാനു ഇങ്ങനെയൊരു ഉദ്യമത്തിനു മുതിർന്നത് അവസരോചിതമായി. മഹാകവിയുടെ ഡയറിക്കുറിപ്പുകളടക്കം നിരവധി രേഖകൾ ഈ കൃതിക്കുവേണ്ടി ഗ്രന്ഥകാരൻ പരിശോധിച്ചിട്ടുണ്ട്. തോന്നയ്ക്കലുള്ള ആശാൻ ഭവനത്തിന്റെ വരാന്തയിലിരുന്ന് ജീവചരിത്രത്തിന്റെ ആദ്യവരികൾ എഴുതിക്കൊണ്ടാണ് സാനുമാഷ് ഈ പ്രയത്നം തുടങ്ങിവെക്കുന്നത്.

ആശാന്റെ ബാല്യ-കൗമാരങ്ങൾ പരിശോധിക്കുമ്പോൾ അന്തർമുഖനായ ഒരു കുട്ടിയെയാണ് നാം കാണുന്നത്. അത്തരമൊരു വ്യക്തി മലയാളസാഹിത്യത്തിലെ ഉജ്വലതേജസ്സാർന്ന ഒരു നക്ഷത്രമായി മാറിയെന്നത് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതോടൊപ്പം തന്നെ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) എന്ന സാമുദായിക സംഘടനയെ ശൂന്യതയിൽനിന്ന് പടുത്തുയർത്തിയെന്നത് വിസ്മയകരമാണ്. അടിമകൾക്കുതുല്യം നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഒരു സമുദായത്തിലെ അംഗങ്ങളുമായാണ് ഇടപഴകേണ്ടത്. അത്ഭുതസിദ്ധികളുടെ മുൻപിലല്ലാതെ ആലോചനാശീലത്തിന്റേയോ ആദർശത്തിന്റേയോ മുന്നിൽ തലകുനിക്കാൻ അവർക്കറിഞ്ഞുകൂടാ. യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിൽ അരുവിപ്പുറത്ത് താമസിച്ചതോടുകൂടി വ്യക്തികളെന്ന നിലയ്ക്കല്ല, ജാതിവ്യവസ്ഥയാൽ പീഡിതമായ സമൂഹമെന്ന നിലയ്ക്കാണ് ആശാൻ ബാഹ്യയാഥാർഥ്യം ഉൾക്കൊണ്ടത്. അന്തർമുഖമായിരുന്ന പ്രകൃതം ക്രമേണ ബഹിർമുഖമാകാൻ തുടങ്ങി. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാന സംഭാവന ആശാനെക്കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തലാണ്. ആശാന്റെ ആദ്യകാലകവിതകൾ പരിശോധിച്ച നാരായണഗുരു ശൃംഗാരപദ്യങ്ങൾ എഴുതരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായി നാം കേട്ടിട്ടുണ്ട്. ആദ്യകാലകവിതകളിൽ മുറ്റിനിന്നിരുന്നത് ശൃംഗാരമാണെന്ന ധ്വനി ഇതിലുണ്ട്. മറ്റൊരു ജീവചരിത്രകാരനായ ഹരിശർമ്മ ഉദാഹരണസഹിതം ഇത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർമ്മ ഉദ്ധരിക്കുന്ന ശ്ലോകം 'പ്രബോധചന്ദ്രോദയം' എന്ന സംസ്കൃതനാടകം ആശാൻ ഭാഷാന്തരം ചെയ്തപ്പോൾ മൂലത്തിലെ ആശയം അതേപടി പ്രതിഫലിപ്പിച്ചതുമാത്രമാണ്. കാവ്യാസ്വാദനസംബന്ധിയായ ഒരു വിവരണത്തിൽപ്പോലും പച്ചശൃംഗാരം കടന്നുവരുന്നത് പൊറുക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ ഉപദേശം പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നു എന്ന് സാനു സ്ഥാപിക്കുന്നു.

ഒരു കവിയുടെ ജീവിതകഥ പറയേണ്ടതുപോലെതന്നെയാണ് ഈ രചനയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സന്ദർഭോചിതമായ കവിതാശകലങ്ങളും കവിയെ അവയിലേക്കുനയിച്ച ചുറ്റുപാടുകളും അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവുമെല്ലാം അളവും പ്രസക്തിയും തെറ്റാതെ ഇതിൽ എടുത്തുചേർത്തിരിക്കുന്നു. ആശാന്റെ വ്യക്തിപരവും സാഹിത്യപരവും സാമൂഹ്യപ്രവർത്തനപരവുമായ ജീവിതങ്ങൾ ഒന്നൊന്നായി പരിശോധിക്കപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന മഹാകവി ഒരിക്കൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയുമുണ്ടായി. സഭയിൽ രാജാവിനേയും ദിവാനേയും കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. അതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടപ്പോൾ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണുണ്ടായത്. ടി. കെ. മാധവനുമായുള്ള രാഷ്ട്രീയശത്രുത ഇക്കാലത്തുണ്ടായതാണ്. സവർണ്ണപ്രമാണികളെ പരാമർശിക്കുമ്പോൾ അക്കാലത്ത് സ്വാഭാവികമായിരുന്ന അതിവിനയം നിറഞ്ഞ, ആദരപൂർവ്വമായ ശൈലിയാണ് ആശാൻ സ്വീകരിച്ചിരുന്നതെങ്കിലും സ്വന്തം അനുഭവം ആധാരമാക്കി ജാതിയെപ്പറ്റി പരാതി പറയേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന് വ്യാപകമായി അറിയപ്പെടുന്ന സംഘടന അക്കാലത്ത് അതിന്റെ മലയാള ആദ്യാക്ഷരങ്ങളായ ശ്രീ.നാ.ധ.പ യോഗം എന്നാണ് അറിയപ്പെട്ടിരുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. അതുപോലൊന്നാണ് ആശാൻ ഇംഗ്ലീഷിലാണ് സ്വന്തം ഡയറി എഴുതിയിരുന്നതെന്നതും.

മഹാകവിയുടെ കാവ്യസപര്യയെ തൊട്ടറിഞ്ഞയാളാണ് ഗ്രന്ഥകാരൻ. എന്നാൽ ഒരു ജീവചരിത്രപുസ്തകത്തിൽ കവിതയുടെ ഘടനാപരവും ആഖ്യാനപരവുമായ ചർച്ചകൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. പഴയ ക്ലാസിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാകൗശലവും പ്രതിഭാദീപ്‌തിയും ഇടകലർത്തി കവിതയാക്കി വികസിപ്പിക്കലുമായിരുന്നു രീതി. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു സിംഹിണി പ്രസവിച്ചതിനെത്തുടർന്നെഴുതിയ 'സിംഹപ്രസവം' എന്ന കൃതിയും ആ ശേഖരത്തിലുണ്ട്. ഒട്ടുമിക്കപ്പോഴും ജീവിത-മരണങ്ങളുടെ അതിർത്തിദേശത്താണ് തന്റെ കാവ്യങ്ങളിലെ മൂർദ്ധന്യാവസ്ഥ ആശാൻ പ്രകടിപ്പിച്ചിട്ടുള്ളത്. ആ മുഹൂർത്തം അനുവാചകരെ ജീവിതത്തിന്റെ നേർക്ക് ഒരു പുതിയ മനോഭാവം അവലംബിക്കാൻ പ്രേരിപ്പിക്കുന്നു. ലൗകികമായ നേട്ടങ്ങൾ അവിടെ നിരർത്ഥകമായി മാറുന്നു, ക്ഷണികമായ ജീവിതം സ്നേഹത്തിന്റെ നിത്യവിശുദ്ധി നേടുന്നു. ആശാന്റെ കാവ്യലോകത്തിൽ സ്നേഹം ജീവിതത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് ജീവിതം സ്നേഹത്തിനുവേണ്ടിയുള്ളതാണ്. സ്നേഹിക്കുന്നവർ ഭാഗ്യശാലികളാണെന്നും അവർ എത്തിച്ചേരുന്നത് അമർത്യതയിലാണെന്നുമുള്ള അവാച്യലാവണ്യമാർന്ന ദർശനമാണ് ആശാൻ കവിത അനുവാചകഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്നത്. ശില്പപരമായ ഉൽകൃഷ്ടത നിമിത്തം ആശാന്റെ ഏറ്റവും ഉദാത്തമായ കൃതി 'കരുണ'യാണെന്നാണ് സാനു വിശ്വസിക്കുന്നത്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കുമ്പോൾതന്നെയാണ് അദ്ദേഹം കാവ്യമണ്ഡലത്തിലും വിഹരിച്ചിരുന്നത്. എന്നാൽ തന്റെ സമയത്തിന്റേയും ശക്തിയുടേയും അധികഭാഗവും തന്റെ ശ്രമങ്ങളെ സ്പർദ്ധാപൂർവ്വം തടയുന്ന എതിർശക്തികളോട് പോരാടിനിന്ന് നഷ്ടപ്പെട്ടുപോകുന്നതിനാൽ സെക്രട്ടറി സ്ഥാനം ആശാൻ ഒഴിഞ്ഞു.

ആയാസരഹിതമായി വായിച്ചുപോകാവുന്ന ഈ കൃതിയിൽ ഗ്രന്ഥകർത്താവ് വിമർശനബുദ്ധി തീരെ പ്രകടമാക്കുന്നില്ല എന്നതൊരു പോരായ്മയായി കാണണം. തന്റെ പ്രതിപാദ്യവിഷയമായ മഹാമനുഷ്യരെ നേരിൽ കണ്ടിട്ടില്ലാത്ത ജീവചരിത്രകാരന്മാരെല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. യോഗം സെക്രട്ടറിയെന്ന നിലയിൽ ആശാനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈഴവരിൽത്തന്നെ ഒരു താഴ്ന്ന ഉപജാതിയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിലാണ് ജനനമെന്നതും നിലപാടുകളിലെ കടുംപിടിത്തവുമായിരുന്നു എതിർപ്പിന്റെ പ്രധാനകാരണങ്ങൾ. അഹങ്കാരം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതോടൊപ്പം എതിർപ്പിന്റെ കാരണങ്ങൾ എതിരാളികളിൽത്തന്നെയാണ് കാണേണ്ടത് എന്നും സാനു പറഞ്ഞുവെക്കുന്നു. സാഹിത്യകാരന്മാരിലെ ബുദ്ധിജീവി നാട്യമൊന്���ും ആശാനുണ്ടായിരുന്നില്ല. അദ്ദേഹം കവിയായിരിക്കേ യോഗത്തിലൂടെ സമുദായപ്രവർത്തനം നടത്തി, ശ്രീമൂലം സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു, വെയ്ൽസ് രാജകുമാരനിൽനിന്ന് തന്റെ സാഹിത്യപരമായ കഴിവുകൾക്കുള്ള അംഗീകാരമായി പട്ടും വളയും സ്വീകരിച്ചു, വ്യാവസായികമായ അഭിവൃദ്ധിയെ ലാക്കാക്കി ഒരു ഓട്ടുകമ്പനിയും ഏറ്റെടുത്തുനടത്തി. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നിൽ ജീവൻ വെടിയുകയും ചെയ്തു. 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹളയും അതിനോടനുബന്ധിച്ചുനടന്ന ഹിന്ദു വംശഹത്യയും നിർബന്ധിതമതപരിവർത്തനവും 'ദുരവസ്ഥ' എന്ന കൃതിയിൽ ആശാൻ വിവരിക്കുന്നുണ്ട്. ഈ കാവ്യം ഇസ്‌ളാമികവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മുസ്ലീങ്ങൾ രംഗത്തിറങ്ങിയതിനെ ആശാൻ ധീരമായി പ്രതിരോധിച്ചത് ഇന്നത്തെ നട്ടെല്ലില്ലാത്ത സാംസ്കാരികനായകർ കണ്ടുപഠിക്കേണ്ടതാണ്. കലാപകാലത്ത് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനെഴുതിയത് അക്രമികളെക്കുറിച്ചാണെന്നും അക്രമികളോട് മാനസികൈക്യം ഇല്ലെന്നുവാദിക്കുന്ന സാധാരണ മുസ്ലീങ്ങൾക്ക് അതിൽ അപമാനകരമായി ഒന്നും കണ്ടെത്താനാവില്ല എന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വള്ളി-പുള്ളി-കുത്ത്-കോമ പോലും മാറ്റാൻ തയ്യാറായതുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.