ചപലവും അസ്ഥിരവുമെങ്കിലും ഭ്രദമെന്നു കരുതപ്പെടുന്ന ജീവിതങ്ങളിലേക്ക് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും നൈരാശ്യങ്ങളും ഒപ്പം ഇത്തിരി സന്തോഷങ്ങളും അനാവരണം ചെയ്യുന്ന നോവൽ. ചെറിയ ആനന്ദങ്ങളും നീരസങ്ങളുമൊക്കെയായി സ്വച്ഛമായൊഴുകുന്ന ഓളപ്പരപ്പുകളിൽനിന്ന് ആകസ്മികമായി നിലയില്ലാത്ത ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ജീവിതങ്ങൾ. പത്തു വർഷമായി കിടപ്പുരോഗിയായ വിനോദിനിയുടെയും അവരെ ശുശ്രൂഷിക്കുന്ന രത്നമേഖലയുടെയും അവളുമായടുക്കുന്നവരുടെയും അനുഭവങ്ങളിൽ പ്രണയവും, അധികാരവും മരണവും കവിതയും കാമവും വേർതിരിച്ചെടുക്കാനാവാത്തവിധം കൂടിക്കലരുന്നു. ജീവിതത്തിലെ അല്പമാത്രമായ ആനന്ദമൂർച്ഛകളുടെ ഭാരം ചിലപ്പോഴൊക്കെ അവർക്ക് താങ്ങാനാവാത്തതാവുന്നു. എല്ലാം അസ്ഥിരമാണെന്നറിഞ്ഞിട്ടും ആസക്തിയോടെ ലോകത്തിൽ അള്ളിപ്പിടിക്കാൻ വെമ്പുന്ന മനുഷ്യരുടെ വേവലാതികളെ ദാർശനികമായി നോക്കിക്കാണാനുള്ള ശ്രമവും ഈ കൃതിയിൽ കാണാം. ജിസ ജോസിന്റെ പുതിയ നോവൽ
മുദ്രിത വായിച്ചപ്പോഴും ഇത് വായിച്ചപ്പോഴും എനിക്ക് കൗതുകകരമായി തോന്നിയത് ,കഥാപാത്രങ്ങളുടെ പേരാണ്.ഈ പേരുകളിലൂടെയാണോ കഥാപാത്രങ്ങളെ രൂപികരിക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചതന്നോ അതോ ആ രൂപത്തില്‍ അവരെ വായിക്കണോ എന്ന് ചിന്തിച്ചാണ് വായന മുന്നോട്ട് കൊണ്ട് പോയത്. മനഃപ്പൂര്‍വ്വം ആണോ എന്നറിയില്ല, ഇതില്‍ അജയനോട് അയാളുടെ അമ്മ അവരുടെ പേര് വിശാലത എന്നായതും തുടര്‍ന്ന് വി യില്‍ തുടങ്ങുന്ന പേരുകളാണ് തറവാട്ടിലെന്നും പറയുന്നുണ്ട്. പക്ഷേ , അവരുടെ ഒരനിയത്തിയുടെ പേര് പ്രമോദിനി എന്നാണ്.ആ വാചകം നോവലിന്‍റെ ഗതിയില്‍ യാതൊരു ചലനവും സൃഷ്ടിക്കാത്തതാണ്.ഒഴിവാക്കാനാകുമായിരുന്ന ഒരു തെറ്റ്.
തിരിച്ച് നോവലിലേക്കെത്തിയാല്‍ , സംഘര്‍ഷങ്ങളനുഭവിക്കുന്ന മനുഷ്യരുടെ കഥ നന്നായി ആഖ്യാനം ചെയ്തിട്ടുണ്ട്.രത്നയും പരിമളവും തിരസ്കാരങ്ങള്‍ക്കിടയിലും മറ്റെങ്ങും പോകാനിഷ്ടപ്പെടാതെ ആ അന്തരീക്ഷത്തില്‍ തന്നെ ഭ്രമണം ചെയ്യുന്നു.അവരെ ആ രീതിയില്‍ എത്തിച്ച സ്ത്രീകളായ(വിനോദിനിയും, മരതകവും) അതെ കാലഘട്ടത്തിലൂടെ കടന്നു വന്നവരാണ്.അവര്‍ ഇവരെക്കാളും നിസ്സഹയാരായിരുന്നു എന്ന ന്യായമെങ്കിലുമുണ്ട്. അവരുടെ അവസ്ഥയ്ക്ക് കാരണമായ പുരുഷന്‍മാര്‍(വിപിനനും ജ്ഞാനശേഖറും) തീര്‍ത്തും ദുര്‍ബ്ബലരും ആയിരുന്നു. പരിമളത്തിന് വീട്ടുകാരുടെ താങ്ങും രത്നത്തിന് വിദ്യാഭ്യാസവും ഉണ്ടായിട്ടും അവര്‍ ചങ്ങലകള്‍ പൊട്ടിച്ചെറിയാതെ വീര്‍പ്പുമുട്ടി.
നോവലിന്‍റെ പേര് പോലെ തന്നെ സ്വയം കണ്ടെത്തിയാല്‍ കിട്ടുന്ന ആനന്ദം ഭാരമാണെന്ന ഭയം കൊണ്ടാവുമോ?
മുദ്രിത എന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിൽ ഇടം നേടിയ ജിസ ജോസിൻ്റെ ആനന്ദ ഭാരം എന്ന നോവൽ ഏറെ വായിക്കപ്പെട്ട കൃതിയാണ്. എന്താണ് ജീവിതത്തിലെ ആനന്ദം? ആനന്ദം എന്നത് ഒരു ഭാരമാണോ തുടങ്ങിയ ദാർശനിക ചോദ്യങ്ങളാണ് എഴുത്തുകാരി ചർച്ച ചെയ്യുന്നത്. വിവാഹപ്പിറ്റേന്നു മുതൽ അപരിചതമായ അമ്മായിഅമ്മയെ പരിചരിക്കാൻ നിയോഗിക്കപ്പെടുന്ന രത്നമേഖല. ഭർത്താവിനാൽ പരിത്യജിക്കപ്പെട്ട് തറവാട്ടിൽ വേലക്കാരി ക്കു തുല്യം ജീവിക്കുന്ന വിനോദിനി, അവരുടെ മകൻ അനാഥ ബാല്യത്തിൻ്റെ പരുക്കൻ സ്വഭാവമുള്ള വിപിനൽ ' വിപിനൻ്റെ റെയിൽവേ ക്വോർട്ടേഴ്സിലെ അയൽക്കാർ മരതകവും ജ്ഞാനശേഖരനും പരിമളവും. വിനോദിനിക്കാവശ്യമായ സഹായം നൽകുന്ന സ്വന്ത്വന യുടെ ഉടമ നിത്യസഹായവും അയാളുടെ ഭാര്യയായിരുന്ന മേരി പ്രീത' ജീവിതത്തിൻ്റെ കെട്ടുപാടുകളിൽ നിസ്സഹായരായി ഉഴലുന്ന ഇവർക്കിടയിൽ പോസിറ്റീവ് എനർജിയുമായി കടന്നു വരുന്ന വിപിനൻ്റ കസിൻ അജയൻ.
ഇവരൊക്കെയാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. എല്ലാവരും ജീവിതത്തിൻ്റെ ആനന്ദം തിരയുന്നവരാണ്. എന്നാൽ കെട്ടുപാട്ടുകൾ അവരെ വലിഞ്ഞു മുറുക്കുന്നു. ഈ കെട്ടുപാടുകൾക്കപ്പുറത്ത് ഒരു ആനന്ദമുണ്ടോ?
തികച്ചും നാടകീയവും ആകസ്മികവുമായ സംഭവപരമ്പരകളിലൂടെയാണ് നോവൽ കടന്നു പോകുന്നത്. തങ്ങളെ കെട്ടിമുറുക്കിയ പാശങ്ങൾ പറിച്ച് പുറത്തിറങ്ങാൻ കഴിയാത്ത മനുഷ്യാവസ്ഥയുടെ നേർചിത്രം നോവലിസ്റ്റ് വരച്ചിടുന്നു നല്ലൊരു വായനാനുഭവം സമ്മാനിക്കുന്ന ഈ നോവൽ അടുത്ത കാലത്തിറങ്ങിയ മികച്ച നോവലുകളിൽ ഒന്നായി തിളങ്ങി നിൽക്കുന്നു