ബ്രാം സ്റ്റോക്കറിൻെറ അതിപ്രസിദ്ധമായ ഡ്രാക്കുള എന്ന വിഭാവനത്തിന് ഈ നൂറ്റാണ്ടിൽ അൻവർ അബ്ദുള്ള നടത്തുന്ന രാഷ്ട്രീയപാരഡിയാണ് ഈ നോവൽ. റാപ്പഗുണ്ടോം എന്ന സ്ഥലത്ത് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രഫെസറായി ജോലികിട്ടിപ്പോകുന്ന ചെറി ജോസഫ് കെ. എന്ന യുവാവിന് അവിടെ നേരിടേണ്ടിവരുന്ന ഭീത്യനുഭവങ്ങളുടെ വിവരണമാണീ നവഡ്രാക്കുള. ഭീതിയും കാമവും അധികാരവും രതിയും ഇടകലർന്നാടുന്ന വിഹാരകേളികളുടെ ഭയാനകസങ്കീർണ്ണമായ ആഖ്യാനം ഫാസിസത്തെക്കുറിച്ചുള്ള പാഠപുസ്തമായിത്തീരുന്നു. രാജേഷ് ഭോയർ എന്ന പുതുകാലഡ്രാക്കുള വലിയൊരു രക്തചിത്രമായി വളരുമ്പോൾ സമകാലികരാഷ്ട്രീയലോകത്തിൻെറ തേറ്റപ്പല്ലുകൾ തെളിയുന്നു. ഉത്തരാധുനികഡ്രാക്കുളയുടെ ഉരുവമതിൽ ഉടലാളുകയായി. രൂപത്തിലും ഭാഷയിലും പരീക്ഷണത്തിൻെറ പലപ്രകാരപ്പെരുമകൂടിയാണ് ഡ്രാക്കുള. ലോകസാഹിത്യത്തിൽ ഞാൻ തേഡ് പേഴ്സണാകുന്ന ഏകനോവലെന്ന് ഒരുപക്ഷേ, അവകാശമുന്നയിക്കാനാകും തൻെറയീ നോവലിനെന്ന് എഴുത്തുകാരൻ പറയുന്നു.
ഈ ഡ്രാക്കുളന്‍മാരെ നാമെല്ലാം അറിയും. ഇവര്‍ നമ്മെ പ്രലോഭിപ്പിക്കും, അമ്പരപ്പിക്കും, നടുക്കും, ഭയപ്പെടുത്തും. അവസരം കിട്ടിയാല്‍ കൂര്‍ത്ത പല്ലുകള്‍ ആഴ്ത്തിയിറക്കി ചോരയൂറ്റി ചണ്ടിയാക്കും. തിരിച്ചറിയണം ഭയക്കണം അകലം പാലിക്കണം ഇവരില്‍നിന്നു നാം.
അന്‍വര്‍ ഈ കുഴമറി എത്ര ലളിതമായി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. പരിചയമില്ലാത്ത ശൈലിയിയാല്‍, വ്യതസ്ത പദപ്രയോഗങ്ങളാല്‍, ബുദ്ധിയുടെയും ചിന്തയുടെയും വേലിറ്റത്തിലൂടെ.....
എന്തേ ഇത്തരം നല്ല രചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു!