Mithun Mithun’s Comments (group member since Dec 25, 2017)



Showing 1-1 of 1

401449 പരീക്ഷണങ്ങള്‍ക്ക് എന്നും വിളനിലമാണ് മലയാള നോവല്‍ സാഹിത്യം. പല കാലഘട്ടങ്ങളില്‍ പല പ്രമേയത്തിലുള്ള നോവലുകള്‍ മലയാളത്തിലുണ്ടായി. നാടുവാഴിത്തവും, കര്‍ഷകപ്രശ്‌നങ്ങളുമൊക്കെ പിന്നിട്ട് സൈബര്‍ ഇടങ്ങളില്‍വരെ മലയാള നോവല്‍ എത്തിനില്‍ക്കുന്നു. ഈ കൂട്ടത്തിലേക്ക് പിറന്നുവീണ പുതു സൃഷ്ടിയാണ് എം.എസ് ഫൈസല്‍ഖാന്റെ സ്വപ്‌ന വ്യാപാരം. മലയാളത്തിലെ ആദ്യ ബിസിനസ് നോവല്‍.

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് ജോലി തേടി മുംബയില്‍ എത്തുന്ന ഗീരീഷ് നാരായണന്‍ എന്ന യുവാവിലൂടെയാണ് സ്വപ്‌നവ്യപാരം വികസിക്കുന്നത്. പേര്‌പോലെ തന്നെ ഗിരീഷിന്റെ സ്വപ്‌നങ്ങളുടെ വ്യാപാരമാണ് ഈ നോവല്‍. മുംബൈ എന്ന മെട്രോ നഗരത്തില്‍ ദിവസവും വന്നുചേരുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളിലൊരാളായി അയാളും ജീവിതം ആരംഭിക്കുന്നു. ആര്‍ക്കും വേണ്ടാത്ത ജന്മമായി മാറേണ്ടിയിരുന്ന അയാളെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ ചില കരങ്ങളെത്തുന്നു.

മുംബൈയില്‍ പച്ചപിടിക്കുന്ന ഗീരീഷിന്റെ ജീവിതം പിന്നീട് മാറിമറിയുകയാണ്. ഒരു സാധാരണക്കാരനില്‍നിന്ന് കോര്‍പ്പറേറ്റ് ലോകത്തേക്ക് അയാളും അയാളുടെ സ്വപ്‌നങ്ങളും സഞ്ചരിക്കുകയാണ്. അഗസ്ത്യാലാന്‍ഡ് എന്ന് നാമകരണം ചെയ്യപ്പെടുന്ന നെയ്യാര്‍ഡാം പദ്ധതിയോടെ ഒരു യഥാര്‍ഥ വ്യവസായിയായി ഗിരീഷ് മാറുകയാണ്. വ്യവസായ സൗഹൃദസംസ്ഥാനമല്ല എന്ന് കുറ്റപ്പെടുത്തുന്ന കേരളത്തില്‍ എങ്ങനെ ഒരു വ്യവസായം സാധ്യമാക്കാം എന്നതിന്റെ വിശദവും വ്യക്തവുമായ നേര്‍ചിത്രമാണ് നോവല്‍.

എന്‍.ഡി.ടി.വിയുടെ ഐ പേഴ്‌സണാലിറ്റി എന്ന പരിപാടിയില്‍ നായകന്‍ ഗിരീഷ് നാരായണന്‍ തന്റെ വിജയകഥ വ്യക്തമാക്കുന്ന രീതിയിലാണ് നോവല്‍ ആരംഭിക്കുന്നത്. ബിസിനസ് ലോകത്ത് ഉദിച്ചുയരുന്ന ഇരുപത് യുവാക്കളില്‍ ഒരാളായ ഏകമലയാളിയായ ഗിരീഷ് ജീവിത വിജയത്തിലേക്ക് എത്തിപ്പെടാന്‍ താന്‍ പിന്നിട്ട വഴികള്‍ തുറന്നു പറയുമ്പോള്‍ വ്യാപാര മേഖലയുടെ കാണാപ്പുറങ്ങള്‍ വായനക്കാരന് സ്വന്തം ജീവിതത്തിലെന്നപോലെ അനുഭവത്തില്‍ കാണാന്‍ സാധിക്കും.

സ്വപ്‌ന വ്യാപാരം ഒരു ബിസിനസ് നോവല്‍ എന്ന ചട്ടക്കൂടിനുളളില്‍ ഒതുങ്ങിപ്പോകാതിരിക്കാനും ഫൈസല്‍ ഖാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഗിരീഷും ഭാര്യ ഹിമയുമായുള്ള ജീവിത മുഹൂര്‍ത്തങ്ങള്‍, ഇരുവരുടേയും ജീവിതത്തിലേക്ക് സ്വന്തം പേര് അര്‍ഥമാക്കി കടന്നുവരുന്ന അതിഥി. അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍, സങ്കടങ്ങള്‍ ഇവയെല്ലാം നോവലില്‍ ഫൈസല്‍ ഖാന്‍ ഇഴചേര്‍ത്തിരിക്കുന്നു.

ആരും കടന്നുചെന്നിട്ടില്ലാത്ത വ്യാവസായിക ലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് എം.എസ്. ഫൈസല്‍ഖാന്റെ സ്വപ്‌നവ്യാപാരം എന്ന് പറയാം. ഒരു നോവല്‍ നല്‍കുന്ന എല്ല ആസ്വാദനത്തിനുമൊപ്പം വ്യവസായ ലോകത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ചയും വായനക്കാരന് സ്വപ്‌നവ്യാപാരം പകര്‍ന്നുനല്‍കുന്നു.


source :
http://www.mathrubhumi.com/books/book...