Jayesh San's Blog
February 17, 2018
രാവിലായി വൈദ്യർ ഭയങ്കര നാഡിതൈലം മാഹാത്മ്യം

ദേവദേവൻ ഭവാനെന്നും ദേഹസൌഖ്യംവളർത്തേണംവഞ്ചിഭൂമി പതം ചിരംത്വൽചരിതം എങ്ങും ഭൂമി വിശ്രുതമായ്വിളങ്ങേണം
ശ്രീപത്മനാഭദാസ വഞ്ചിപാല മഹാരാജ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപെരുമാൾ തിരുവിതാംകൂർ വാണിരുന്ന കാലത്ത് ആലപ്പുഴയ്ക്കടുത്തുള്ള രാവിലായി ദേശം കിഴക്കുഭാഗത്തായി വൈദ്യവൃത്തിയിലേർപ്പെട്ട് ഉപജീവനം കഴിയ്ക്കുകയായിരുന്ന വേലുക്കുട്ടി വൈദ്യർ വഞ്ചീശമംഗളം തന്റെ വൈദ്യശാലയുടെ പുറംഭിത്തിയിൽ എഴുതിച്ചേർക്കുകയും ജീവൻ വെടിയും വരെ രാജഭക്തനായി നിലകൊള്ളുകയും ചെയ്തതിനു പിന്നിൽ മുല്ലയ്ക്കൽ ദേവിയുടെ അനുഗ്രഹവും വരപ്രസാദവും ആയിരുന്നെന്ന് അധികമാരും പ്രസ്താവിച്ചു കേട്ടിട്ടില്ല. വേലുക്കുട്ടി വൈദ്യരുടെ പിന്നീടു പ്രശസ്തമായിത്തീർന്നതും മഹാരാജാവിന്റെ പ്രീതിയ്ക്കു പാത്രമായിത്തീർന്നതുമായ ഭയങ്കര നാഡിതൈലം ഉണ്ടായതും ദേവിയുടെ അത്ഭുതപ്രവർത്തിയുടെ ഫലമാണെന്നതും ആരും നിഷേധിക്കാനിടയില്ല. രാവിലായി ദേശത്തെ പഴമക്കാർക്കു മാത്രം അറിയാനിടയുള്ള ആ ഐതിഹ്യമാണു അടിയൻ ഇവിടെ ദേവീ ഉപാസകരായ പൊതുജനങ്ങൾക്കായി പങ്കുവയ്ക്കാൻ പോകുന്നത്.
പാരമ്പര്യമായി വൈദ്യവൃത്തിയിൽ മുഴുകിവരുന്നവരായിരുന്നു വേലുക്കുട്ടി വൈദ്യരുടെ കുടുംബം. പേരുകേട്ട വൈദ്യന്മാരാരും ആ കുടുംബത്തിന്റേതായി ഇല്ലായിരുന്നെങ്കിലും അന്നാട്ടുകാർക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നവശം ആശ്രയം എന്ന നിലയിൽ താമസംവിനാ വിളിച്ചെത്തിക്കാൻ വേലുക്കുട്ടി വൈദ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അയാൾക്ക് ഉപജീവനത്തിനായുള്ള പരിഹാരം ഏർപ്പെടുത്തിക്കൊടുക്കുമായിരുന്നു. എന്നിരുന്നാലും ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ വിശപ്പടക്കാനുള്ള വകയൊന്നും ചികിത്സയിൽ നിന്നും ലഭ്യമായിരുന്നില്ല എന്നതും വാസ്തവമായിരുന്നു. മുല്ലയ്ക്കൽ ദേവിയോടു സങ്കടം പറയാമെന്നല്ലാതെ അയാൾക്കു വേറെ വഴിയൊന്നും തോന്നിയതുമില്ല.
അങ്ങിനെയിരിക്കേ, വൈദ്യവൃത്തി ഒട്ടുംതന്നെ വരുമാനം ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയും ദാരിദ്ര്യം മേൽക്കൂരയ്ക്കു മുകളിൽ കനത്തുനിൽക്കുകയും ചെയ്തു. സഹായത്തിനു വഴിയൊന്നും കാണാതെ വേലുക്കുട്ടി വൈദ്യരും കുടുംബവും ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തി. അതിനുമുമ്പ് ഈ കഷ്ടതകളൊക്കെ കണ്ടിട്ടും മുടങ്ങാതെ പ്രാർത്ഥിച്ചിട്ടും കാരുണ്യം തെളിയാത്ത മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ദേവിയോടു രണ്ടു വർത്തമാനം പറഞ്ഞ് അവിടത്തന്നെ ജീവനൊടുക്കാൺ എന്ന തീരുമാനവുമായി അവർ ആറുപേരും രായ്ക്കുരാമാനം ദേവീസന്നിധിയിലെത്തിച്ചേർന്നു. അതികഠിനമായിത്തന്നെ സങ്കടങ്ങളോരോന്നായി ഉണർത്തിച്ചു ജീവൻ വെടിയാനുള്ള ഒരുക്കം തുടങ്ങി വൈദ്യരും കുടുംബവും. ഏതാണ്ടു പുലർച്ചയോടെ ആദ്യമേ ആഹാരം കിട്ടാതെ മൃതപ്രായരായിരുന്ന അവരുടെ ശരീരത്തിൽ നിന്നും ജീവൻ ചോർന്നുപോകുന്നതിന്റെ ലക്ഷണങ്ങൾ കാണാനും തുടങ്ങി.
എത്രയൊക്കെയായാലും ഭക്തവത്സലയായ ദേവി തന്റെ കിടാങ്ങളെ ഉപേക്ഷിക്കുകയില്ലെന്ന് ആർക്കാണറിയാത്തത്. ശ്രീകോവിലിൽ നിന്നും ഇറങ്ങിവന്ന ദേവി വൈദ്യർക്കു ദർശനഭാഗ്യം അനുവദിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ദേവി കാതിലോതിക്കൊടുത്ത വിശേഷപ്പെട്ട മരുന്നുകൂട്ട് ഉരുവിട്ടു മനഃപ്പാഠമാക്കി വൈദ്യർ തിരികെ വീട്ടിലേയ്ക്കു പോകുകയും ചെയ്തു.
ദേവീദർശനം തരായി, വിശേഷ ഔഷധക്കൂട്ടും അറിഞ്ഞു. അതുകൊണ്ടായില്ലല്ലോ, മരുന്നു പ്രയോഗിക്കാൻ രോഗികളാരെങ്കിലും വന്നാലേ വയറു നിറയുകയുള്ളൂ എന്നായി കാര്യങ്ങൾ. ദേവിയുടെ വാത്സല്യത്തിനെ കുറച്ചുകാണുകയായിരുന്നു വൈദ്യർ എന്നും പറയാവുന്നതാണ്. അല്ലെങ്കിൽ ആ സമയത്തു തന്നെ മഹാരാജാവിന്റെ ദിവാനായ അറുമുഖംപിള്ള അമ്പലപ്പുഴ സന്ദർശിക്കാനെത്തുകയും എന്തോ മറിമായം കൊണ്ടു എങ്ങുനിന്നോ എത്തിപ്പെട്ട ഒരു ഉഗ്രസർപ്പത്തിന്റെ ദംശനമേറ്റു ശയ്യാവലംബനാകാനും ഹേതുവെന്ത്. കൊട്ടാരം വൈദ്യനും നാട്ടിലുള്ള എല്ലാ ചികിത്സാപ്രമാണിമാരും പഠിച്ചതെല്ലാം പ്രയോഗിച്ചിട്ടും പിള്ളയുടെ വിഷബാധ അതിഘോരമായതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. നീലിച്ചുപോയ ദേഹവുമായി വേദന സഹിക്കാനാകാതെയുള്ള പിള്ളയുടെ അലർച്ച ദേശമെങ്ങും മുഴങ്ങിക്കൊണ്ടിരുന്നു.
ആ സമയത്ത് എന്തോ ധൈര്യം ഓതിക്കിട്ടിയ വേലുക്കുട്ടി വൈദ്യർ തന്റെ ഔഷധക്കൂട്ട് പരീക്ഷിക്കാമെന്നു കരുതി അറുമുഖം പിള്ളയെ കാണാൻ ചെന്നു. ആരെന്തു വിദ്യയുമായി വന്നാലും പരീക്ഷിച്ചുനോക്കാമെന്നായിരുന്നു പിള്ളയുടെ നിലപാട്. ദേവിയുടെ അത്ഭുതം എന്നല്ലാതെ എന്തുപറവാൻ. ഔഷധം തൊട്ടയുടനെ അറുമുഖം പിള്ളയ്ക്കു വിഷമിറങ്ങുകയും മുമ്പത്തേക്കാൾ കേമത്തത്തോടെ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. ആഹ്ലാദം മറച്ചുവയ്ക്കാതെ വേലുക്കുട്ടിയോടുള്ള പ്രീതിയോടെ ഒരു പണക്കിഴി സമ്മാനിച്ചു പിള്ള. ഔഷധത്തിന്റെ പേര് ആരാഞ്ഞപ്പോൾ ദേവിയുടെ അനുഗ്രഹം എന്നുമാത്രമേ വൈദ്യർ പറഞ്ഞുള്ളൂ. ഭയങ്കരം എന്ന് കണ്ണുതള്ളിപ്പറഞ്ഞു അറുമുഖം പിള്ള. അതോടെ വേലുക്കുട്ടി വൈദ്യരുടെ ഔഷധം രാവിലായി വൈദ്യരുടെ ഭയങ്കര നാഡിതൈലം എന്ന പേരിൽ പ്രശസ്തമാകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. സർവ്വരോഗപരിഹാരത്തിനായി ഭയങ്കരനാഡിതൈലം ഉപയോഗിക്കാത്തവർ അന്നു തിരുവിതാംകൂറിൽ ഇല്ലമായിരുന്നെന്നു പറഞ്ഞാലും തരക്കേടില്ല.
ഉപ്പുമാങ്ങാഭരണിയും തകഴിയിലെ എണ്ണയും എല്ലാം തപ്പിയെടുത്തെഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി വേലുക്കുട്ടി വൈദ്യരുടെ ഭയങ്കര നാഡിതൈലത്തിനെ അറിയാതെ പോയതെങ്ങിനെ എന്നായിരുന്നു വിഷ്ണുദാസൻ വൈദ്യരുടെ സംശയം. പറഞ്ഞുവരുമ്പോൾ വേലുക്കുട്ടി വൈദ്യരുടെ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണിയാണു വിഷ്ണുദാസൻ. അയാളുടെ അച്ഛൻ കുമാരൻ വൈദ്യർ പാരമ്പര്യമായ തൊഴിലിനെ കൈവിടാതെ ഒരു വൈദ്യശാല നടത്തിപ്പോന്നിരുന്നു. കാലക്രമേണ തൈലത്തിന്റെ അത്ഭുതസിദ്ധിയെല്ലാം ലോപിച്ചു പോയിരുന്നെങ്കിലും രാവിലായി വൈദ്യന്റെ പിന്തുടർച്ചക്കാരൻ എന്ന നിലയിൽ അന്നാട്ടിലെ പഴമക്കാരായ ചിലരെങ്കിലും ഭയങ്കരതൈലത്തിൽ വിശ്വാസം അർപ്പിച്ചിരുന്നു. ജീവിച്ചു പോകാൻ അതുമതിയായില്ലെങ്കിലും വൈദ്യവൃത്തി ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിപ്പോകാൻ കുമാരൻ വൈദ്യർ തയ്യാറായില്ല. മകനായ വിഷ്ണുദാസിനേയും പച്ചമരുന്നുകൾ അരപ്പിച്ചും തിളപ്പിച്ചും കൂടെക്കൂട്ടി തന്റെ വഴിയ്ക്കെത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അയാൾ. അതിൽ പരിപൂർണ്ണവിജയം കൈവരിക്കുകയും ചെയ്തുവെന്നതിൽ സംശയവുമില്ല.
എന്നാൽ കാര്യങ്ങൾ അത്ര എളുപ്പത്തിലല്ലായിരുന്നുതാനും. ഇംഗ്ലീഷുവൈദ്യം വന്നതോടെ തൊഴിൽരഹിതരായിത്തീർന്നവരാണു തങ്ങളെന്നു കുമാരൻ വൈദ്യർ അവകാശപ്പെടുമായിരുന്നു. ഒന്നോർത്തപ്പോൾ അതു ശരിയാണെന്നു വിഷ്ണുദാസിനും തോന്നാതിരുന്നില്ല. പട്ടണത്തിലേയ്ക്കു പോകുന്ന വഴിയാണു ഇടിക്കുള ഡോക്ടറുടെ ക്ലിനിക്. എല്ലാ രോഗത്തിനും അവിടെ ചികിത്സയുണ്ടത്രേ. ഇനിയിപ്പോ ഇടിക്കുളയുടെ പഠിപ്പിനു മാറ്റാൻ പറ്റാത്ത രോഗമാണെങ്കിൽ പട്ടണത്തിലെ കൊട്ടാരം ആശുപത്രിയിലേയ്ക്ക് എഴുതിക്കൊടുക്കും. പോരാത്തതിനു ഫേസ്ബുക്കിലും വാട്ട്സാപ്പിലും എന്നുവേണ്ട സകലയിടത്തും അലോപ്പതിയുടെ വീരസ്യം കാണാനേ കിട്ടാനുള്ളൂ.
‘അലോപ്പതി ത്ഫൂ...’ വിഷ്ണുദാസൻ കാർക്കിച്ചു തുപ്പി. അപ്രതീക്ഷിതമായി ഉണ്ടായ ആ ആട്ടലിൽ അപ്പോൾ മാത്രം അവിടെയെത്തിച്ചേർന്ന വറീത് പകച്ചുപോയി.
“നോക്കണേ തോന്ന്യാസം... കാല് പഴ്ത്ത് മുറിഞ്ഞ് വീഴാനായിട്ടാണ് അച്ചൻകുഞ്ഞു ഇടിക്കുള ഡാക്കിട്ടറിനെ കാണാമ്പോയത്. അവടച്ചെന്നപ്പഴേ... അല്ലേ കേട്ടില്ലേ മരുന്ന് കൊടുക്കാൻ പറ്റത്തില്ലാന്ന്... കൊട്ടാരം ആശൂത്രീലേക്ക് പൊയ്ക്കോളാൻ ഉപദേശം... ഏത്? ആ കാലും വച്ച് പോകാനെക്കൊണ്ട് പറ്റ്വോന്ന് നോക്കണ്ടേ ഡാക്കിട്ടറ്?” ഉച്ചയ്ക്ക് കറച്ചുനേരം സൊറ പറഞ്ഞിരിക്കാനായി രാംദാസിന്റെ വൈദ്യശാലയിലെത്താറുള്ള വറീത് പരിഭവം പറഞ്ഞു. അതുകേട്ടപ്പോൾ രാംദാസിന് അരിശം തോന്നാതെയിരുന്നില്ല. പക്ഷേ, എന്തെങ്കിലും പറഞ്ഞാലും കുഴപ്പമാകും എന്ന പേടി കാരണം മിണ്ടാതിരുന്നതേയുള്ളൂ.
പ്രതികരണം തണുത്തതാണെന്നു കണ്ടപ്പോൾ വറീത് കുമാരൻ വൈദ്യരെ അന്വേഷിച്ചു. കഫക്കെട്ടിനുള്ള കഷായം കുടിച്ച് ഒന്നു മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. വറീതിന്റെ പരാതി കേട്ടപ്പോൾ ഉറങ്ങാനും കഴിഞ്ഞില്ല. വൈദ്യശാലയുടെ തിണ്ണയിൽ ഒരു സ്റ്റൂൾ വലിച്ചിട്ടിരുന്നു കുമാരൻ വൈദ്യർ.
‘പറയാനാണെങ്കി കൊറേയുണ്ടെന്നേ വറീതേ... ഇന്നാളില്ലേ പടിഞ്ഞാട്ടൊള്ള അമ്മിണിയമ്മ നെഞ്ചുവേദനയുമായി ഡാക്കിട്ടറെ കാണാൻ ചെന്നു. എന്തോ ഗുളികയും വാങ്ങി പോകുകേം ചെയ്തു. രണ്ടാം നാള് ആള് ഠിം! എന്ത് മര്ന്നാണോ അയാള് കൊട്ത്തത്... ആരന്വേഷിക്കാനാ...’
‘ഇംഗ്ളീഷ് മരുന്ന് വന്നേപ്പിന്നെ നാട്ടാർക്ക് ആയുസ്സ് കൊറഞ്ഞൂന്ന് പറേണത് വെർതാണോ വൈദ്യരേ? തിരുതാങ്കൂർ രാജാവിന്റെ പട്ടും വളേം മേടിച്ച പാരമ്പര്യല്ലേ നിങ്ങക്കുള്ളത്? അതിനേക്കാ വര്വോ ബിലാത്തിക്കാർടെ കുത്തും കൊഴലും?’
“മാർത്താണ്ഡവർമ്മ ഡച്ചുകാരെ ഓടിച്ചതൊക്കെ ശരി... എന്നാലോ ഇംഗ്ലീഷുകാർടെ സമ്പർക്കം വേണ്ടാത്തായിരുന്നേ... അവന്മാര് സൂത്രത്തിന് ഇംഗ്ലണ്ടീന്ന് വൈദ്യം ഇവടെയെറക്കീല്ലേ... പിന്നോ... ഇവടത്തെ കുറേ ചെർക്കന്മാരും ഇംഗ്ലീഷ് വൈദ്യം പഠിക്കാൻ പോയി സകല നെറികേടും കൊണ്ടന്നു...”
തന്റെ തൊഴിലിനെ ഇല്ലാതാക്കിയ ചരിത്രസത്യങ്ങളിലേയ്ക്കാണു സംഭാഷണം നീങ്ങുന്നതെന്ന് മനസ്സിലാക്കിയ വിഷ്ണുദാസൻ താല്പര്യത്തോടെ കേൾക്കാൻ തുടങ്ങി. വേലുക്കുട്ടി വൈദ്യരുടെ ഭയങ്കര നാഡിതൈലത്തിനെതിരെ ബ്രിട്ടീഷുകാർ അപവാദപ്രചരണം നടത്തിയതും അവരുടെ മരുന്നുകളെ തിരുകിക്കയറ്റാൻ കാണിച്ച കുതന്ത്രങ്ങളും കേട്ടപ്പോൾ അയാളുടെ ചോര തിളച്ചു. രാജവാഴ്ച അവസാനിച്ചതും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതും വരുത്തിവച്ച നഷ്ടങ്ങൾ ചില്ലറയല്ലെന്നും അയാൾക്കു മനസ്സിലായി. എന്നു വച്ചാൽ താനിങ്ങനെ ആയതിന്റെ കാരണം തിരുവിതാംകൂർ രാജാക്കന്മാരുടെ പിടിപ്പുകേടല്ലാതെ മറ്റെന്താണ്?
‘പത്മനാഭദാസാ...’ അപ്പോൾ കുമാരൻ വൈദ്യർ നെഞ്ചത്തു കൈവച്ച് പിറുപിറുത്തു.
‘മഹാത്മാ ഗാന്ധിക്ക് ജ്വരം വന്നപ്പൊ... ഇംഗ്ലീഷ് ഡാക്കിട്ടർമാര് പഠിച്ച പണി പതിനെട്ടും നോക്കി... നടന്നില്ല... ഒറ്റപ്പാലത്തീന്ന് ഒരു വൈദ്യൻ രണ്ട് കെട്ട് ഔഷധക്കൂട്ടും കൊണ്ട് പോയി ഒറ്റ പ്രയോഗമായിരുന്ന്... പയറുപോലല്ലേ ഗാന്ധി എഴുന്നേറ്റ് നടന്നത്... പിന്നല്ലാതെ...’ കുമാരൻ വൈദ്യർ പറഞ്ഞു. അത് വിഷ്ണുദാസിനു പുതിയ അറിവായിരുന്നു. എന്തായിരിക്കും ഗാന്ധിജിയുടെ ജ്വരം മാറ്റിയ ഒറ്റമൂലിയെന്ന് ആലോചിക്കുകയും ചെയ്തു.
‘എന്തിനങ്ങുവരെ പോകുന്നൂ? ഈയെമ്മെസ്സ് സഖാവ് ഒളിവിലായിരുന്നപ്പോ ചെറിയൊരു ഏനക്കേട് വന്നേ... അപ്പോ ആരാ മരുന്നെത്തിച്ച് സഖാവിനെ സുഖപ്പെടുത്തിയേ?’ കുമാരൻ വൈദ്യർ കുറച്ചുനേരം ആകാംക്ഷ നിലനിർത്തിയ ശേഷം അഭിമാനത്തോടെ സ്വന്തം നെഞ്ചിൽ തട്ടിക്കൊണ്ട് ചിരിച്ചു. ചുവരിൽ തൂക്കിയിട്ടിരുന്ന ഇഎംഎസ് ഫോട്ടോയിലേയ്ക്കു ആദരപൂർവ്വം നോക്കുകയും ചെയ്തു.
വിഷ്ണുദാസന്റെ മൊബൈൽ ചിലച്ചു. ലോൺ ആവശ്യമുണ്ടോയെന്നു ചോദിക്കാനായി ഏതോ ബാങ്കിൽ നിന്നും വിളിച്ച തരുണീമണിയെ ഒറ്റത്തെറിയിൽ ഓടിച്ചു അയാൾ.
അപ്പോൾ വൈദ്യശാലയിലേയ്ക്ക് ആരോ വന്നു. ഭയങ്കര നാഡിതൈലത്തിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്ന ഒരു പഴമക്കാരനായിരുന്നു അത്. നെഞ്ചെരിച്ചിലാണു പ്രശ്നം. പ്രായം ചുരുക്കിക്കളഞ്ഞ നെഞ്ചിൻകൂട്ടിൽ തടവിക്കൊണ്ട് അയാൾ തൈലവും വാങ്ങി ഉച്ചവെയിലിലേയ്ക്കു നടന്നകന്നു.
‘വിഷ്ണുദാസാ... നീ ഒന്ന് ഒറ്റപ്പാലം വരെ പോയിട്ട് വാ... അവിടെയിപ്പോഴും പഴയ ചികിത്സയുണ്ട്... വല്ല വിദ്യയും കിട്ടാണ്ടിരിക്കില്ല...’ കുമാരൻ വൈദ്യർ പറഞ്ഞു. അതു വിഷ്ണുദാസിനു സ്വീകാര്യമായില്ല. അത്തരത്തിലൊരു സഹായം തേടൽ ഭയങ്കരതൈലത്തിനെ അപമാനിക്കുന്നതായിരിക്കുമെന്ന് അയാൾ കരുതി. മാത്രമല്ല വടക്കന്മാരുടെ സൂത്രപ്പണിയിലൊന്നും അയാൾക്കു വലിയ മതിപ്പും തോന്നിയില്ല. ഒന്നോർത്തപ്പോൾ അതു ശരിയാണെന്നു കുമാരനും സമ്മതിച്ചു. ഇടിക്കുള ഡോക്ടർക്കും പറഞ്ഞു വരുമ്പോൾ പാലക്കാട്ടെവിടെയോയാണു വേരുകളുള്ളത്.
‘ചുമ്മാതല്ല...’ കുമാരൻ വൈദ്യർ മുറ്റത്തേയ്ക്കു നീട്ടിത്തുപ്പി.
അതിനിടയിൽ വറീത് ഇറങ്ങിപ്പോകുകയും ചെയ്തു. ഇടിക്കുള ഡോക്ടറെ കുറ്റം പറഞ്ഞ അയാൾ തന്റെ ഭാര്യയ്ക്കു ചെന്നിക്കുത്ത് വന്നപ്പോൾ നാണമില്ലാതെ ഇംഗ്ലീഷ് മരുന്ന് വാങ്ങാൻ പോയതെല്ലാം വിഷ്ണുദാസിനറിയാമായിരുന്നു. ഇവിടെ ഒന്നു പറയും അപ്പുറത്തുപോയി വൈദ്യശാലയേയും കുറ്റം പറയും സർവ്വാംഗരോമൻ.
എന്തായാലും തോറ്റുകൊടുക്കാനൊന്നും വിഷ്ണുദാസൻ തയ്യാറല്ലായിരുന്നു. അനുദിനം ശോഷിച്ചുവരുന്ന വൈദ്യശാലയെ ഉണർത്തിയെടുക്കുക തന്നെയെന്നു അയാൾ തീരുമാനിച്ചിരുന്നു. കുമാരൻ വൈദ്യർ മകനെ അകമഴിഞ്ഞ് അനുഗ്രഹിച്ചു. മുല്ലയ്ക്കൽ ദേവി സഹായിക്കും എന്ന് ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽത്തന്നെ തിരുവിതാംകൂർ രാജാവിന്റെ പട്ടും വളയും വാങ്ങിയ പാരമ്പര്യത്തിനു മുന്നിൽ ആർക്കാണു മൂക്കു തോണ്ടാനാകുക?
ഒരു ദിവസം അതിരാവിലെ പുറപ്പെട്ടു പോയി അയാൾ. രണ്ടു രാവും രണ്ടു പകലും യാത്ര ചെയ്ത് പുണ്യപുരാതനമായ ഒരു തീർത്ഥാടനകേന്ദ്രത്തിലെത്തിച്ചേർന്നു. ലൌകീകജീവിതത്തിനോടു വിരക്തി തോന്നിയവരും മനഃസ്സുഖം തേടിയെത്തിയവരും അവിടെ തിങ്ങിനിറഞ്ഞിരുന്നു. പുണ്യജലം ഒഴുകുന്ന നദിയിൽ കുളിച്ച് ഹിമാലയസാനുക്കളിൽ തപസ്സനുഷ്ഠിച്ച് വരപ്രസാദം നേടിയെത്തിയ ഗുരുവര്യനെ കാണാൻ പോയി. മഹാരോഗങ്ങൾക്കുള്ള ചികിത്സകൾ സൌജന്യമായി നൽകിവരുന്ന അദ്ദേഹം വിഷ്ണുദാസിനെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെയായിരുന്നു.
‘വിഷ്ണുദാസൻ... സാക്ഷാൽ ശ്രീരാമന്റെ പാദാരവിന്ദങ്ങളിൽ സ്വയം അർപ്പിക്കുന്നവൻ... പറയൂ നിന്റെ സങ്കടങ്ങൾ...’ ഗുരു പറഞ്ഞു. വിഷ്ണുദാസൻ ബ്രിട്ടീഷുകാരുടെ ചതിയെപ്പറ്റിയും മാർത്താണ്ഡവർമ്മയുടെ കെടുകാര്യസ്ഥത മൂലം കുറ്റിയറ്റുപോകുന്ന തന്റെ ഭയങ്കരതൈലത്തിനെക്കുറിച്ചും എല്ലാം അറിയിച്ചു. നീണ്ടുവെളുത്ത താടി തഴുകിക്കൊണ്ട് എല്ലാം കേട്ടിരുന്ന ഗുരു അവന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. ഏറെ നേരത്തെ ആലോചനയ്ക്കും ധ്യാനത്തിനും ശേഷം ഗുരു അവനെ അരികിലേയ്ക്കു വിളിച്ചു.
ഗുരു കാതിലോതിക്കൊടുത്ത അത്ഭുതക്കൂട്ടിന്റെ രഹസ്യവുമായി വിഷ്ണുദാസൻ നാട്ടിൽ തിരിച്ചെത്തി. സഹകരണബാങ്കിൽ നിന്നും ലോണെടുത്ത് വൈദ്യശാല ഒന്നു പുതുക്കി. രാവിലായി ഭയങ്കര നാഡിതൈലം എന്ന വലിയ ബോർഡ് സ്ഥാപിച്ചു. കവലയിലും വൈദ്യശാലയിലേയ്ക്കുള്ള കൈചൂണ്ടി ഒരെണ്ണം വയ്ക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.
മുല്ലയ്ക്കൽ ദേവിയുടെ അത്ഭുതസിദ്ധിയെന്നല്ലാതെന്തു പറയാൻ, വിഷ്ണുദാസൻ വൈദ്യന്റെ പുതിയ ഭയങ്കരതൈലം പരീക്ഷിക്കാൻ ആദ്യം അവസരം കിട്ടിയതു വറീതിനു തന്നെയായിരുന്നു. സന്ധിവാതവുമായി കഷ്ടപ്പെടുകയായിരുന്ന അയാൾക്കു ഭയങ്കരതൈലവും അകമേ സേവിക്കാൻ അതിഭയങ്കര ഗുളികയും വിഷ്ണുദാസൻ കൊടുത്തു. അതിശയമെന്നല്ലാതെന്തു പറയാൻ. വളരെ പെട്ടെന്നുതന്നെ രാംദാസിന്റെ അതിഭയങ്കര ഗുളിക പ്രസിദ്ധിയാർജ്ജിച്ചു. ആബാലവൃദ്ധം ജനങ്ങൾ വൈദ്യശാലയിലെ സ്ഥിരം സന്ദർശകരായിത്തീർന്നു. ദഹനക്കേടാകട്ടെ വെറുതേയിരുന്നു മടുക്കുമ്പോഴാകട്ടെ, വിഷ്ണുദാസൻ വൈദ്യരുടെ അത്ഭുതമരുന്നു സേവിക്കാൻ എല്ലാവർക്കും തിടുക്കമായതു പോലെയായി കാര്യങ്ങൾ. അതിവേഗം തന്നെ ഉത്തരേന്ത്യയിലേയ്ക്കും മരുന്നുകൾ കയറ്റിയയ്ക്കാൻ തുടങ്ങിയെന്നറിയുമ്പോൾ പ്രസിദ്ധിയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. പട്ടണത്തിലേയ്ക്കു പോകുന്നവഴി ചികിത്സിക്കാൻ ആളുകൾ വരാതായപ്പോൾ ഇടിക്കുള ഡോക്ടർ പൂട്ടിക്കളഞ്ഞ ക്ലിനിക്ക് കണ്ട് അയാൾ ഊറിച്ചിരിക്കുകയും ചെയ്തു.
അന്നു രാവിലത്തെ തിരക്കെല്ലാം കഴിഞ്ഞു കഞ്ഞി കുടിക്കാനിരിക്കുകയായിരുന്നു വിഷ്ണുദാസൻ. അയാളുടെ പെട്ടെന്നുള്ള വളർച്ചയുടെ രഹസ്യം അറിയുകയെന്നത് അച്ഛനെന്ന നിലയ്ക്കു കുമാരൻ വൈദ്യരുടേയും അവകാശമാണല്ലോ. അതയാൾ ചോദിക്കുകയും ചെയ്തു. വിഷ്ണുദാസൻ ചെറുചിരിയോടെ ആ രഹസ്യക്കൂട്ട് അച്ഛന്റെ കാതിലോതിക്കൊടുത്തു:
‘ചന്ദ്രന്റെ വേര്, വെള്ളിമൂങ്ങയുടെ നഖം, കിനാവള്ളിയുടെ രക്തം, കടൽക്കുതിരയുടെ കൊമ്പ് പിന്നെ ഇല്ലിക്കൽ മലയിലെ....’
‘നീലക്കൊടുവേലി...’ കുമാരൻ വൈദ്യരുടെ കണ്ണുകൾ ഏതോ പൂർവ്വസ്മൃതികളിൽ തിളങ്ങി.
- കലാകൌമുദി വാരിക, ഫെബ്രുവരി 2018
Published on February 17, 2018 02:43
January 18, 2018
ബോൾട്ട് ആമസോണിൽ
Published on January 18, 2018 18:49
January 16, 2018
ബോൾട്ട്

പ്രത്യേകിച്ചു കാരണങ്ങളില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകളാണ് എഴുത്തായി പുറത്തു വരുന്നതെന്ന് ഈയുള്ളവൻ കരുതുന്നു. അങ്ങിനെയെഴുതുമ്പോൾ വല്ലാത്ത രസം അനുഭവിച്ചിട്ടുമുണ്ട്. അങ്ങിനെ പണ്ട് രസിച്ചെഴുതിയ ചില കഥകൾ ഒരു വായനയ്ക്കു കൂടി വിട്ടുതരുന്നു. ബോൾട്ട് എന്നാണു സമാഹാരത്തിന്റെ പേര്. ഉൾപ്പെടുത്തിയിരിക്കുന്ന കഥകൾ ചുവടെ:1. കറുത്ത വസ്ത്രങ്ങള്‍
2. ഒരിടത്തൊരു ലൈന്‍മാൻ
3. കുട്ടികൾ
4. ചെരുപ്പുകുത്തിയുടെ കഥ
5. കാനനഛായയിൽ...
6. അല്പം
7. ഒരു മനുഷ്യനെ ഇല്ലാതാക്കുന്ന വിധം
8. എൽ ഡി ക്ലാർക്കിന്റെ മരണം
9. വൈറ്റില
10. മറിയാമ്മയും അവിശുദ്ധബന്ധങ്ങളും
11. മൂന്ന് തെലുങ്കന്മാര്‍ പഴനിയ്ക്ക് പോയ കഥ
12. പറക്കും തളിക
13. മാർജ്ജാരവിന്ദം (സെൻ കഥ)
14. മകുടിയും പാമ്പും
15. സച്ചിൻ ടെണ്ടുൽക്കറും പതിനാറ് പന്തുകളും
16. ബോൾട്ട്വരക്കാരായ കൂട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കവർ ഈയുള്ളവൻ തന്നെ തട്ടിക്കൂട്ടുകയായിരുന്നു. നാളെ ഈ നേരമാകുമ്പോഴേയ്ക്കും ആമസോണിൽ ഇബുക്ക് രൂപത്തിൽ ബോൾട്ടിനെ ഓടിപ്പിടിക്കാൻ സാധിക്കുമായിരിക്കും എന്നു കരുതുന്നു...
Published on January 16, 2018 19:53
January 3, 2018
പരാജിതരുടെ രാത്രി
പരാജിതരുടെ രാത്രികഥാസമാഹാരം
(കവർ ചിത്രം: കന്നി എം)
കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിലായി മലയാളത്തിലെ ആനുകാലികങ്ങളിൽ അച്ചടിച്ചുവന്ന കഥകൾ ഒരു സമാഹാരമാക്കി ആമസോണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോൺ കിൻഡിൽ രൂപത്തിലാണ് പുസ്തകം ലഭ്യമായിട്ടുള്ളത്.
പുസ്തകം വായിക്കാൻ കിൻഡിൽ റീഡർ വേണമെന്നില്ല. സ്മാർട്ട് ഫോൺ (ആൻഡ്രോയ്ഡ്, ഐ ഓഎസ്), ടാബ്, ഡെസ്ക്ടോപ്പ്, ലാപ് ടോപ്പ് തുടങ്ങിയവയിൽ ആമസോൺ കിൻഡിൽ ആപ്പ് ഉപയോഗിച്ച് പുസ്തകം വായിക്കാവുന്നതാണ്.
ഇന്ത്യയിലെ വില 100 രൂപ
പുസ്തകം വാങ്ങിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക
ആമസോൺ ഇന്ത്യ
ആമസോൺ യു എസ്
ആമസോൺ യു കെ
ആമസോൺ കാനഡ
ആമസോൺ ഓസ്ട്രേല്യ
മറ്റു രാജ്യങ്ങളിലുള്ളവർ അതാത് ആമസോൺ സൈറ്റുകളിൽ തിരഞ്ഞാൽ പുസ്തകം ലഭിക്കും.

(കവർ ചിത്രം: കന്നി എം)
കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിലായി മലയാളത്തിലെ ആനുകാലികങ്ങളിൽ അച്ചടിച്ചുവന്ന കഥകൾ ഒരു സമാഹാരമാക്കി ആമസോണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോൺ കിൻഡിൽ രൂപത്തിലാണ് പുസ്തകം ലഭ്യമായിട്ടുള്ളത്.
പുസ്തകം വായിക്കാൻ കിൻഡിൽ റീഡർ വേണമെന്നില്ല. സ്മാർട്ട് ഫോൺ (ആൻഡ്രോയ്ഡ്, ഐ ഓഎസ്), ടാബ്, ഡെസ്ക്ടോപ്പ്, ലാപ് ടോപ്പ് തുടങ്ങിയവയിൽ ആമസോൺ കിൻഡിൽ ആപ്പ് ഉപയോഗിച്ച് പുസ്തകം വായിക്കാവുന്നതാണ്.
ഇന്ത്യയിലെ വില 100 രൂപ
പുസ്തകം വാങ്ങിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക
ആമസോൺ ഇന്ത്യ
ആമസോൺ യു എസ്
ആമസോൺ യു കെ
ആമസോൺ കാനഡ
ആമസോൺ ഓസ്ട്രേല്യ
മറ്റു രാജ്യങ്ങളിലുള്ളവർ അതാത് ആമസോൺ സൈറ്റുകളിൽ തിരഞ്ഞാൽ പുസ്തകം ലഭിക്കും.
Published on January 03, 2018 20:13
December 6, 2017
സവർക്കറും നവ-ഉദാരവൽക്കരണവും ചേർത്തരച്ചതാണ് മോദി: പങ്കജ് മിശ്ര

ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തിൽ തളച്ചിട്ട്, മുസ്ലീംങ്ങളേയും ദളിതരേയും പീഢിപ്പിക്കുന്ന രീതിയിലേയ്ക്കാണു നിലവിലെ രാഷ്ട്രീയ/സാംസ്കാരിക പ്രവർത്തനങ്ങൾ നീങ്ങുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ നവോത്ഥാന ചിന്തകൾ കൊണ്ടുവന്ന കുതിപ്പിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ ചിന്തകളുടെ രൂപം കൊള്ളൽ. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പങ്കജ് മിശ്ര തന്റെ പുതിയ പുസ്തകമായ ഏജ് ഓഫ് ആങ്കർ: എ ഹിസ്റ്ററി ഓഫ് ദ പ്രസന്റിൽ വിചാരണയ്ക്കെടുക്കുന്നതും ഈ വിഷയം തന്നെയാണ്.
മനുഷ്യൻ മതത്തിന്റെ പിടിയിലേയ്ക്കു തിരിച്ചു പോകുന്നതു19 ആം നൂറ്റാണ്ടിൽ ആണെന്നു അദ്ദേഹം പറയുന്നു. മനുഷ്യൻ ചപലവും ദുർബലവുമായ ജീവിയാണെന്നും നിലനിൽപ്പിനായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ആവശ്യമാണെന്നുമുള്ള ചിന്തകൾ ഉയർന്നു വന്നു. പാരമ്പര്യവും മതവും പോലെയുള്ളവയ്ക്കു പ്രാധാന്യം കിട്ടിത്തുടങ്ങുന്നതു അപ്പോൾ മുതലാണെന്നും മിശ്ര പറയുന്നു.
ഈ മാറ്റം ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തിലേയ്ക്കു ഇന്ത്യ നീങ്ങിയതുമായി ബന്ധപ്പെടുത്തുന്നുണ്ട്. യുക്തിവാദിയെന്നും പുരോഗമനവാദിയെന്നും കണക്കാക്കപ്പെടുന്ന സവർക്കറിനെയാണ് മിശ്ര ഉദാഹരണമായി പറയുന്നത്. സവർക്കർ നവോത്ഥാനത്തിന്റെ ഉൽപ്പന്നം ആണെങ്കിലും യൂറോപ്യൻ ദേശീയവാദത്തിന്റെ പാതയാണു പിന്തുടർന്നിട്ടുള്ളത്. ഒരേ രീതിയിൽ ചിന്തിക്കുന്ന മനുഷ്യരുടെ സമൂഹം അദ്ദേഹം സ്വപ്നം കണ്ടു. ഭൂതകാലത്തിന്റെ, പാരമ്പര്യത്തിന്റെ, അകമ്പടിയോടെയുള്ള വർത്തമാനകാലമായിരുന്നു സവർക്കറിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ. ജർമ്മനിയിലും ഇറ്റലിയിലും സംഭവിച്ചതു പോലെ ദേശീയതയിൽ ഊന്നിയ രാഷ്ട്രീയത്തിൽ സവർക്കറും എത്തിപ്പെട്ടു.
നരേന്ദ്ര മോദിയുടെ കാര്യത്തിൽ മിശ്രയുടെ കാഴ്ചപ്പാട് സവർക്കറുടേതുമായി ചേർത്തു വയ്ക്കുന്നതാണ്. സവർക്കറുടെ പാത പിന്തുടരുന്നതിനോടൊപ്പം സമകാലീനമായ നവ-ഉദാരവൽക്കരണത്തിന്റെ വക്താവ് കൂടിയാകുകയാണു മോദിയെന്ന് മിശ്ര പറയുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നു വന്ന നേതാവ് എന്ന ബിംബം ആയിട്ടാണു മോദി സ്വയം കാഴ്ചവയ്ക്കാൻ ശ്രമിക്കുന്നത്. ചായക്കടക്കാരന്റെ മകൻ എല്ലാ പ്രതിബന്ധങ്ങളേയും നേരിട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വീരകഥ.
അങ്ങിനെയൊരു കഥ മുന്നോട്ട് വച്ച് അതേ പാതയിൽ സഞ്ചരിക്കാൻ മോദി അനുയായികളോട് ആഹ്വാനം ചെയ്യുന്നു. അങ്ങിനെ വരുമ്പോൾ മോദി ഒരു ഹിന്ദു ദേശീയവാദി മാത്രമല്ല, കഴിഞ്ഞ 30 വർഷങ്ങളിലെ പ്രത്യയശാസ്ത്രത്തിനൊപ്പം നീങ്ങുന്ന ഒരാൾ കൂടിയാകുന്നു. വ്യക്തിപരതയ്ക്കു പ്രാധാന്യം നൽകിയുള്ള പ്രത്യയശാസ്ത്രമാണു മോദിയുടേതെന്നു മിശ്ര പറയുന്നു.
നാരദാ ന്യൂസിൽ എഴുതിയത്
Buy Age of Anger: A History of the Present
Published on December 06, 2017 20:37
ഭിന്നലിംഗക്കാരും സ്വവർഗരതിയും പൗരാണികഭാരതത്തിൽ: ദേവ്ദത്ത് പട്ടനായ്ക്കിന്റെ പഠനം

ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. അവർ മുഖ്യധാരയിലേയ്ക്ക് കടന്നു വരുന്നതും സാധാരണ ജീവിതത്തിന്റെ ഭാഗമായി മാറുന്നതുമെല്ലാം വളരെ ബുദ്ധിമുട്ടിയാണ് നമ്മുടെ സമൂഹം ഉൾക്കൊണ്ടത്. ഭിന്നലിംഗക്കാർ ഇപ്പോഴും പൂർണ്ണമായും സമൂഹത്തിനോട് ഇഴ ചേർന്നു കഴിഞ്ഞു എന്നും പറയാനായിട്ടില്ല. അവരെ മാറ്റി നിർത്താനുള്ള പ്രവണത രൂക്ഷമാകുന്നത് കാണാം മിക്കവാറും ഇടങ്ങളിൽ. അവർ സമരം ചെയ്യുന്നു. തങ്ങളും മനുഷ്യരാണെന്നും ആണിനും പെണ്ണിനും എന്നത് പോലെ അവകാശങ്ങൾ ഉള്ളവരാണെന്നും ഉറക്കെ വിളിച്ചു പറയുകയും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഭിന്നലിംഗക്കാരെ അകറ്റി നിർത്തുന്നതിൽ മതത്തിന് വലിയ പങ്കുണ്ടെന്നും കാണാൻ കഴിയാവുന്നതാണ്. അത്തരം ഒരു ധാരണ മതബോധത്തിന്റെ ഭാഗമായി ഊട്ടിയുറപ്പിച്ചാണ് അവർക്ക് അയിത്തം കൽപ്പിക്കുന്നത്. എന്നാൽ അങ്ങിനെയാണോ ശരിക്കും കാര്യങ്ങൾ? മതഗ്രന്ഥങ്ങളിൽ ഭിന്നലിംഗക്കാരെപ്പറ്റി ഒന്നും പറയുന്നില്ലേ? അല്ലെങ്കിൽ മതം എങ്ങിനെയാണ് ഭിന്നലിംഗക്കാരെ അടയാളപ്പെടുത്തുന്നത്?
ഇത്തരം ചോദ്യങ്ങളുമായുള്ള അന്വേഷണമാണ് ദേവ്ദത്ത് പട്ടനായ്ക്കിന്റെ പുസ്തകമായ ശിഖണ്ഡി: ആന്റ് അദർ ടേൽസ് ദെ ഡോണ്ട് ടെൽ യു ചർച്ച ചെയ്യുന്നത്. ഭിന്നലിംഗക്കാരുടെ വിഷയം പടിഞ്ഞാറൻ രാജ്യങ്ങളിൽ കുറച്ചു കാലം മുൻപ് മാത്രം ചർച്ചയാകുമ്പോൾ, ഇന്ത്യൻ പുരാണങ്ങളിൽ അവർ സ്ഥാനം പിടിച്ചിരുന്നു എന്ന് വിശദമാക്കുകയാണ് ദേവ്ദത്ത്. ശിഖണ്ഡിയെപ്പോലെയുള്ള കഥാപാത്രങ്ങൾ മാത്രമല്ല, ശിവന്റെ നപുംസകം എന്ന അവതാരം ഉൾപ്പെട്ട കഥയും അദ്ദേഹം പരിശോധനയ്ക്കെടുക്കുന്നുണ്ട്.
സ്വവർഗലൈംഗികത മാത്രമല്ല, അതിനെ ഇന്ത്യയുടെ ഭൂതകാലം എങ്ങിനെ പരിഗണിച്ചിരുന്നു എന്നുകൂടി അദ്ദേഹം തന്റെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. പൗരാണികഭാരതത്തിൽ വിമാനം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവർ അതേ കാലത്ത് സ്വവർഗരതിയും ഉണ്ടായിരുന്നെന്ന് സമ്മതിക്കാൻ തയ്യാറാവില്ലെന്ന് ദേവ്ദത്ത് പറയുന്നു.
പുരാണകഥകൾ വിശകലനത്തിനെടുത്ത്, ഭിന്നലിംഗക്കാരും സ്വവർഗരതിയും ഉൾപ്പെടുന്ന ഒരു പഴയ ലോകത്തിന്റെ പഠിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.
നാരദാ ന്യൂസിൽ എഴുതിയത്
Buy Shikhandi: Ánd Other ‘Queer’ Tales They Don’t Tell You
Published on December 06, 2017 19:43
December 5, 2017
Hot Milk by Deborah Levy: An anthropological understanding of relationships

When I started to read Hot Milk, I was totally clueless and to be honest not anticipated much from this comparatively small novel. But, after a few pages I realized that this has some story to tell and the writer has a tight grab on it. Characterization, location and the pace in which the story unveils makes it an interesting book to read on.
Sofia Papastergiadis, the protagonist is an anthropology student who dreams about her PhD, but lacks financial and social support. This I felt the tricky part of the novel. Sofia studies anthropology and obviously she is interested in watching people do things. Her mother in first stance is a very interesting case study for her. Along with her mother, other characters including her father who lives with his new family throws insightful thoughts about socio-economic evolution between family members. When Sofia tries to seek financial help from her father he cleverly ignores it in the name of his new family. This part is very interesting because it opens up a little more about the character of Sofia.
She manages to develop friendship in Spain, good for her. Still she is not away from her anthropology student kinda thing that unknowingly keeps her away from enjoying the juice of relationships. Is Sofia too an introvert to not to understand or absorb the joyful side of her life? A reader can find multiple reasons to describe Sofia as a loner of a depressed young lady because of the life offered to her. Her life has been intruded by people who give priority to their personal life. They like Sofia, but keep a distance with her internal things, especially her feelings.

In another way, Sofia is very much concerned about the ignorance by people around her. She wants to be loved, she dreams thrilling sexual experience, she dreams about completing her studies etc. etc.
Deborah Levy brilliantly handles this complicated part of Hot Milk. She definitely takes the reader with Sofia and her stressful life or lifelessness. Deborah achieves to make Hot Milk a page-turner by putting things in order and arranging characters accordingly.
Buy Hot Milk
Published on December 05, 2017 21:59
November 7, 2017
പിഴച്ച തീരുമാനം
അച്ഛന്റെ പേരു നാരായണൻ എന്നായതുകൊണ്ടു മാത്രം ജയപ്രകാശ് എന്ന നാമധേയനായിത്തീർന്ന ജെപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അയാൾ അന്നും രാവിലെ കൃത്യസമയത്ത് ആപ്പീസിലെത്തി തന്റെ കസേരയിൽ അമർന്നു. പഴയ രീതിയിൽ പ്രവർത്തിയ്ക്കുന്ന ആ സ്ഥാപനത്തിലെ കസേരകൾ പുതിയരീതിയിൽ ഉള്ളവയായിരുന്നു. അതുകൊണ്ടു വല്ലാത്ത മുഷിപ്പു തോന്നുമ്പോഴോ ശൂന്യത അനുഭവപ്പെടുമ്പോഴോ കറങ്ങുന്ന കസേരയുടെ സൌകര്യം ഉപയോഗപ്പെടുത്താമായിരുന്നു. മറ്റെല്ലാം പഴയ രീതിയിൽത്തന്നെ എന്നത് അയാൾക്കു വലയ പ്രശ്നമായി തോന്നിയതുമില്ല.

(ചിത്രീകരണം: ലീനാരാജ്)
ഒരു വർഷമേ ആയിട്ടുള്ളൂ അയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതിനു മുമ്പ് എറണാകുളത്തെ ഒരു തുണിക്കടയിൽ മാനേജറായും അതിനും മുമ്പു തിരുപ്പൂരിലെ ബനിയൻ ഫാക്ടറിയിലെ സൂപ്പർവൈസറായും പതിറ്റാണ്ടുകൾ ജോലി ചെയ്തിരുന്നു അയാൾ. ആ തൊഴിൽ പരിചയം തന്നെയാണ് ഇപ്പോഴത്തെ ജോലിയിലേയ്ക്കു ക്ഷണിക്കപ്പെടാൻ അയാളെ യോഗ്യനാക്കിയതും. ദോഷം പറയരുതല്ലോ, തന്റെ അനുഭവസമ്പത്തും ആത്മാർത്ഥതയും ഒട്ടും ചോരാതെ സ്ഥാപനത്തിനായി ചെലവഴിയ്ക്കാൻ ജെപി തയ്യാറായിരുന്നു. അതു ചെയ്യുന്നുമുണ്ടായിരുന്നു.
ഐ ആം ജെപി... ജയപ്രകാശ് നാരായണൻ എന്നു പറയുമ്പോൾ ഒഴിഞ്ഞു പോകുന്നതെത്രയെത്ര പ്രതിബന്ധങ്ങൾ!
ചുരുക്കത്തിൽ കാര്യങ്ങളെല്ലാം സുഗമമായി പോകുന്നു. മുതലാളിയും തൊഴിലാളിമാരും സന്തുഷ്ടർ. ജെപിയെക്കൂടാതെ ഒരു അക്കൌണ്ടന്റും (കുമാരപിള്ള) ഒരു ടൈപ്പിസ്റ്റും (സുമതി പി ജോർജ്ജ്) മുപ്പതു ഫീൽഡ് വർക്കേഴ്സും ആ സ്ഥാപനത്തിലുണ്ടായിരുന്നു. ഫീൽഡ് വർക്കേഴ്സിന്റെ ചുമതലയായിരുന്നു അയാൾക്ക്. അതിരാവിലെ തന്നെ ഹൃദയത്തിന്റെ വശത്തു കമ്പനിയുടെ മുദ്ര തുന്നിയ തൂവെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ഫീൽഡ് വർക്കേഴ്സ് അയാൾക്കു മുന്നിൽ ഹാജരാകും (റിപ്പോർട്ട് ചെയ്യുക എന്നാണു പുതിയ ഭാഷ). ഓരോരുത്തരും അന്നു ചുറ്റിത്തിരിയാൻ വിചാരിക്കുന്ന സ്ഥലങ്ങളെപ്പറ്റി അറിയിക്കും. അതു ശരുവയ്ക്കുകയോ മാറ്റുകയോ ചെയ്യുന്നതാണ് അയാളുടെ ഉത്തരവാദിത്തം എന്നും പറയാം.
അതിനിടയിൽ ഫീൽഡ് വർക്കേഴ്സിനിടയിലെ പ്രശ്നങ്ങൾ, തർക്കങ്ങൾ, ദുരനുഭവങ്ങൾ മുതലായവയും ചർച്ചയിൽ വരും. അതെല്ലാം തീരുമാനമാക്കുക എന്ന ഉത്തരവാദിത്തവും അയാൾക്കാണ്. രാവിലത്തെ സമ്മേളനം കഴിയുന്നതോടെ വലിയ ബാഗുകളിൽ വിൽപ്പനയ്ക്കായുള്ള തുണിത്തരങ്ങളുമായി ഫീൽഡ് വർക്കേഴ്സ് കൂട്ടിൽനിന്നും പറക്കുന്ന വെള്ളരിപ്രാവുകളെപ്പോലെ നഗരത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് അപ്രത്യക്ഷരാകും.
വൈകുന്നേരം അവരെല്ലാം തിരിച്ചെത്തുന്നതുവരെ കാര്യമായ ജോലിയൊന്നും അയാൾക്കുണ്ടാകാറില്ല. ചിലപ്പോൾ സെയിൽസ് റിപ്പോർട്ട് തയ്യാറാക്കേണ്ടി വരും. അല്ലെങ്കിൽ കച്ചവടം വർദ്ധിപ്പിക്കാനുള്ള പദ്ധതികളിൽ തീരുമാനം എടുക്കേണ്ടതായും വരും. ഇത്രയും ദീർഘമായ ആമുഖം ആവശ്യമായി വന്നതു ജെപിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചു വിശദീകരിക്കുന്നതിന്റെ എളുപ്പത്തിനായിരുന്നു.
മുമ്പേ സൂചിപ്പിച്ചതുപോലെ തീരുമാനങ്ങളെടുക്കുക എന്നതു തന്നെയായിരുന്നു അയാളുടെ പ്രധാന കർത്തവ്യം. അതിൽ അയാൾ ഒരു വിശാരദൻ ആയിരുന്നെന്നു മാത്രമല്ല, പലപ്പോഴും സമയോചിതവും ബുദ്ധിപൂർവ്വവുമായ തീരുമാനങ്ങൾ വഴി നഷ്ടസാധ്യതകളെ തട്ടിത്തെറിപ്പിക്കാനും ആയിട്ടുണ്ട്. മുതലാളിയ്ക്ക് അക്കാര്യത്തിൽ ജെപിയെ വലിയ വിശ്വാസവും ബഹുമാനവും ആയിരുന്നു. ആപ്പീസിൽ വന്നു തന്റെ കാബിനുഷ കയറിക്കഴിഞ്ഞാൽ മുതലാളിയ്ക്കു ചോദിക്കാൻ ഒരു കാര്യമേയുണ്ടാകുകയുള്ളൂ: ജേപീ, തീരുമാനമായോ?അതോടെ പല വിഷയങ്ങളിലെയും തീരുമാനങ്ങൾ ജെപി നിരത്തുകയായി. അതെല്ലാം സശ്രദ്ധം കേട്ട് അംഗീകരിച്ച് ഒപ്പു വയ്ക്കുന്നതു പോലെ മുതലാളി മൂളിക്കഴിയുന്നതോടെ അയാൾ അടുത്ത പ്രശ്നങ്ങൾക്കുള്ള തീരുമാനമെടുക്കാൻ പുറപ്പെടുകയായി.
ആദ്യമേ പറഞ്ഞല്ലോ, ഒരു വർഷമാകുന്നു അയാൾ പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. തുടക്കത്തിലുണ്ടായിരുന്ന അതേ ഉത്സാഹവും ആത്മാർത്ഥതയും അയാളിൽ നിലനിൽക്കുന്നുണ്ടെന്നു മാത്രമല്ല, ജയപ്രകാശ് നാരായണൻ എന്നാൽ വിശ്വാസിയ്ക്കു ജ്യോത്സ്യനെന്ന പോലെ എല്ലാവർക്കും തീരുമാനങ്ങളെടുക്കാൻ ജെപി വേണമെന്നത് ഒരു ശീലവും കീഴ്വഴക്കവും പോലുമായിക്കഴിഞ്ഞിരുന്നു.എന്നാൽ ഡിസംബർ മാസത്തിന്റെ പകുതിയോടടുത്തപ്പോൾ തന്നിലെന്തോ വക്കുപൊട്ടലുകൾ സംഭവിക്കുന്നുണ്ടെന്ന തോന്നൽ അയാളിൽ മുളയ്ക്കാൻ തുടങ്ങിയിരുന്നു. അതുകാരണം വൻ അബദ്ധങ്ങളായിത്തീരാവുന്ന ചില തീരുമാനങ്ങൾ അയാൾ എടുക്കാൻ പോയതുമായിരുന്നു. എന്തൊക്കേയോ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെല്ലേയുള്ളൂ. തീരുമാനമെടുക്കുക എന്ന തന്റെ ചുമതലയിൽ പരിണമിച്ചു കൊണ്ടിരിക്കുന്ന വിള്ളലുകൾ അയാളേ അത്രയേറെ അലട്ടുന്നുണ്ടായിരുന്നു. ജെപിയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ച മുതലാളിയും ഒന്നുരണ്ടു പ്രാവശ്യം അതിനെപ്പറ്റി പരാമർശിക്കുകയുമുണ്ടായി. ജോലിഭാരം കാരണമാണെങ്കിൽ ഒരു അസിസ്റ്റന്റിനെ വയ്ക്കാനും അനുമതി കൊടുത്തു. അതെല്ലാം പക്ഷേ തന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതു പോലെയാണു ജെപിയ്ക്കു തോന്നിയതു. ഒരു തീരുമാനമെടുക്കാനാകാതെ അയാൾ കുഴങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ!
ഈ അപ്രതീക്ഷിതമായ സ്വഭാവമാറ്റത്തിന്റെ തുടക്കം കഴിഞ്ഞ ഓണത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു എന്നും അയാളോർത്തു. നല്ലപാതിയായ ഗിരിജയും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം, ഉത്രാടത്തിന്റെ അന്നാണെന്നു തോന്നുന്നു, ഉച്ചയ്ക്കു തൊടിയിലെ തെങ്ങിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന പൂവാലിപ്പശുവിനെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടാൻ അമ്മ ആവശ്യപ്പോഴായിരുന്നു അയാൾ ആദ്യമായി തീരുമാനത്തിന്റെ പ്രതിസന്ധി അനുഭവിച്ചത്. പശുവുനെ തൊഴുത്തിൽ കെട്ടുക എന്ന വളരെ സ്വാഭാവികമായ പ്രവൃത്തി അയാളിൽ സന്ദേഹങ്ങളുടെ അലകളുയർത്തി.
ബന്ധനസ്ഥയായ പശുവിനെ വീണ്ടും ബന്ധിയ്ക്കുന്നതിന്റെ യുക്തിയെന്ത് എന്നായിരുന്നു ആദ്യം തോന്നിയത്. തൊടിയിൽ നിന്നും തൊഴുത്തിലേയ്ക്കു എന്ന പറിച്ചുനടലല്ലാതെ പശുവിനു കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല. തൊടിയിലും പുല്ല്, തൊഴുത്തിലും പുല്ല്. ഒന്ന് നൈസർഗികവും ഒന്ന് കൃത്രിമവും. ഒന്ന് ആകാശക്കൂരയും ഒന്ന് മേൽക്കൂരയും എന്നിങ്ങനെ അയാളുടെ മനസ്സിൽ ചോദ്യങ്ങൾ എട്ടുകാലി മുട്ട പോലെ പൊട്ടിപ്പുറപ്പെട്ടു.ഒരു തീരുമാനമെടുക്കാനാകാതെ അമ്മിക്കല്ലിനരികെ നിൽക്കുകയായിരുന്ന ജെപിയെ ഉണർത്തിയതു ഗിരിജയായിരുന്നു.
‘എന്തേ പ്രകാശേട്ടാ?’ അവൾ ചോദിച്ചു.
‘ഒന്നൂല്ല’
‘അല്ല, എന്തോ ഉണ്ട്... പിന്നെന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക് നിക്കണേ…’‘ഒന്നൂല്ലന്ന് പറഞ്ഞില്ലേ,’ അയാളുടെ ശബ്ദം അറിയാതെ ഉയർന്നു പോയി. ഗിരിജ വിടാനുള്ള ഭാവമില്ലായിരുന്നു. അവൾ കുത്തിക്കുത്തിച്ചോദിച്ചു. അവസാനം അയാളെ പ്രശ്നത്തിലാക്കിയ കാര്യം വെളിപ്പെടുത്തുകയും അപ്പോൾത്തന്നെ അവൾ തീരുമാനമെടുക്കുകയും ചെയ്തു. പശുവിനെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടുക എന്നതായിരുന്നു അത്. അങ്ങിനെ പശു തൊഴുത്തിലായി എന്നു പറഞ്ഞാൽ മതിയല്ലോ.
ഗിരിജയ്ക്കു അതു നിസ്സാരകാര്യമായിരുന്നെങ്കിലും അയാൾക്ക് അതത്ര തൃപ്തികരമായി തോന്നിയില്ല. വീചിതരംഗന്യായേന സംശയങ്ങൾ ഉയരുകയും തീരുമാനമെടുക്കാനാകാതെ വിഷമിക്കുകയും ചെയ്യുന്നത് അനുദിനം മൂർച്ഛിച്ചു വരുന്ന തിക്കുമുട്ടലായി മാറുകയുമായിരുന്നു. ഒരേ ദിശയിലേയ്ക്കു രണ്ടോ മൂന്നോ ഫീൽഡ് വർക്കേഴ്സ് പോകുമ്പോൾ സ്വാഭാവികമായും തർക്കത്തിനു സാധ്യതയുണ്ട്. അതെല്ലാം വളരെ പെട്ടെന്നു പരിഹരിച്ചു തീരുമാനമെടുക്കാൻ അയാൾക്കു പ്രത്യേക കഴിവും ഉണ്ടായിരുന്നതായി തുടക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ.
എന്നാലിപ്പോൾ ഏതാനും ആഴ്ചകൾക്കു മുമ്പ് അത്തരമൊരു തർക്കത്തിൽ തീരുമാനമെടുക്കാനാകാതെ ഒരു ഏരിയയിലെ മൊത്തം പ്രവർത്തനങ്ങൾ നിലച്ചു പോകുകയും ചെയ്തു. സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വളരെ ഗൌരവമുള്ള വീഴ്ചയായിരുന്നു അത്. ജെപിയുടെ ഈ മാറ്റങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്ന മുതലാളി കടുത്ത തീരുമാനങ്ങളൊന്നും എടുക്കാതിരുന്നത് അപ്പോഴും അദ്ദേഹത്തിനു ജേപിയിൽ വിശ്വാസമുണ്ടായിരുന്നതു കൊണ്ടു മാത്രമാണ്. ഒരാളുടെ സമയം മോശമാകുന്നതിന് ഒരു ക്രമമുണ്ടെന്നായിരുന്നു ജെപിയുടെ വിശ്വാസം. അതു മന്ദഗതിയിൽ ആരംഭിച്ചു വീഴ്ത്താനുള്ള കുഴികൾ കുഴിച്ച് ആഴം കൂട്ടിക്കൂട്ടി കാത്തിരിക്കും. കെട്ടിടത്തിനു മുകളിൽ നിന്നും വീഴുന്നതു പോലെയോ വാഹനാപകടം പോലെയോ അല്ല അതു പ്രവർത്തിക്കുക. കുട്ടിക്കാലത്തു ഇടവഴിയിൽ കുഴികുത്തി ചപ്പില കൊണ്ടു മൂടി വഴിപോക്കരെ വീഴ്ത്തുന്നതുപോലെ വളരെ കൃത്യമായ പ്ലാനിംഗ് അതിലുണ്ടാകും. അതിവിദഗ്ദ്ധനായ കായികാഭ്യാസിയെപ്പോലെയാണത്. അടി പറ്റിയതു തിരിച്ചറിയുമ്പോഴേയ്ക്കും ഒരു തിരിച്ചു പോക്കില്ലാത്ത വിധം ശരീരത്തിനേയും മനസ്സിനേയും കവർന്നെടുത്തു അജ്ഞാതകേന്ദ്രങ്ങളിലേയ്ക്കു ഒളിപ്പിച്ചു കടത്തുകയും ചെയ്യും.
ഓർത്തപ്പോൾത്തന്നെ അയാൾക്കു ശരീരത്തിലൂടെ വൈദ്യുതി പാഞ്ഞു. മുതലാളിയുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ എന്തിന്റെയൊക്കേയോ സൂചനകളാണെന്ന് അയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. മുമ്പൊക്കെ താൻ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നു മറിച്ചുനോക്കുക പോലും ചെയ്യാത്ത മതലാളിയിപ്പോൾ അതെല്ലാം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. തൊഴിലാളിയുടെ കഴിവിൽ വിശ്വാസം കുറയുമ്പോഴോ കള്ളത്തരം മണക്കുമ്പോഴോ ആണല്ലോ അങ്ങിനെ സംഭവിക്കുക! ഫീൽഡ് വർക്കേഴ്സ് പോലും ഇപ്പോൾ തീരുമാനങ്ങൾക്കായി വരാതായിട്ടുണ്ട്. ഒരു ദിവസം വൈകുന്നോരം മുതലാളി തന്റെ ക്യാബിനിലേയ്ക്കു വിളിപ്പിച്ചപ്പോഴേ പ്രതീക്ഷിച്ചിരുന്ന ഒരു പൊട്ടിത്തെറിയുടെ അവസാനം അയാൾ ഉറപ്പിച്ചു. മേശപ്പുറത്തു കൈകളൂന്നി മുഖം കുനിച്ചിരിക്കുകയായിരുന്നു മുതലാളി.
‘ജെപീ, എന്തൊക്കെയാ വിശേഷങ്ങൾ?’
‘കുഴപ്പമൊന്നുമില്ല സാർ’
‘സെയിൽസൊക്കെ നോക്കാറുണ്ടോ?’
‘അതെന്താണ് സാർ അങ്ങിനെ ചോദിച്ചത്?’
‘അല്ലാ, ഈയ്യിടെയായി ജെപിയ്ക്ക് അതിനൊന്നും സമയമില്ലാത്തത് പോലെ’
ഒന്നും മിണ്ടാതിരിക്കാനേ അയാൾക്കു കഴിഞ്ഞുള്ളൂ. അല്ലാതെന്തു ചെയ്യാൻ. ഇത്തരം തരുണങ്ങളിൽ എന്തു പറഞ്ഞാലും അതു തനിയ്ക്കു വിപരീതമായേ വരൂയെന്ന് ഇത്രയും കാലത്തെ അനുഭവങ്ങൾ അയാളെ പഠിപ്പിച്ചിരുന്നു.
‘ഉം... ഒന്ന് ശ്രദ്ധിക്കണം എന്ന് പറയാൻ വിളിപ്പിച്ചതാണ്. ജെപി പൊയ്ക്കോളൂ...’
തന്നേക്കാൾ വളരെ പ്രായക്കുറവുള്ള മുതലാളി തന്നെ കുറ്റപ്പെടുത്തിയതു പോലെ സംസാരിക്കുന്നു. അത്തരം അവസ്ഥയുണ്ടാകുന്നത് ആർക്കാണെങ്കിലും എത്ര വിഷമകരമായിരിക്കും.
അന്നു വൈകിയാണ് അയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. ഫീൽഡ് വർക്കേഴ്സ് വർത്തമാനത്തിനൊന്നും നിൽക്കാതെ ബാഗുകൾ ഏൽപ്പിച്ചു പോയി. ഇരുൾ വീണപ്പോൾ അയാൾ വീട്ടിലേയ്ക്കു നടന്നു.
പൂനിലാവ് ഉദിച്ചു നിൽക്കുന്നുണ്ടായിരുന്നു. എവിടെനിന്നോ തണുപ്പും കൊണ്ടു വരുന്ന കാറ്റ്. മുറ്റത്തു വേലിയ്ക്കരികിലെ പവിഴമല്ലി മാദകഗന്ധം പൂശിയിട്ടുണ്ടായിരുന്നു. ഗിരിജ അന്നു രാത്രി അയാൾക്കു വളരെ പ്രിയമുള്ള വിഭവങ്ങൾ അത്താഴത്തിനൊരുക്കിയിരുന്നു. എന്നിട്ടും അയാൾക്ക് ഒട്ടും സന്തോഷം തോന്നിയില്ല.
‘ഓർമ്മുയുണ്ടോ, അന്നൊരു ദിവസം ഗ്രന്ഥശാലയിൽ വച്ച് ഞാൻ ചോദിച്ചത്?’ ഗിരിജ ഏതോ ഓർമ്മിയിലേയ്ക്ക് അയാളെ ക്ഷണിച്ചു.
‘ഉം, മറക്കാൻ പറ്റ്വോ...’
അതിങ്ങനെയായിരുന്നു: നാടറിയുന്ന അവരുടെ പ്രണയം ഉത്തുംഗശൃംഘത്തിലായിരുന്നു. ഇരുവീട്ടുകാരും അതിനെച്ചൊല്ലി വഴക്കും വക്കാണവും. ഗിരിജയെ എത്രയും വേഗം വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രതിരോധം കൊണ്ട് അധികകാലം തുടരാനാവില്ലെന്നറിഞ്ഞപ്പോൾ അവൾ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗ്രന്ഥശാലയിലെത്തി. ജെപി അവിടെയേ കാണൂയെന്ന് അവൾക്കുറപ്പായിരുന്നു.
‘ദേ... എനിക്കിനി കാത്തുനിൽക്കാനാവില്ല...ഇപ്പൊത്തന്നെ ഒരു തീരുമാനമെടുക്കണം...’ അവൾ പറഞ്ഞു.
‘എന്റെ പേരു ജയപ്രകാശ് നാരായണനെന്നാണെങ്കി എനിക്കൊരു തീരുമാനമേയുള്ളൂ...’
അപ്പോൾത്തന്നെ, ഉടുത്ത തുണിയോടെ അവർ നാടുവിട്ടു. ഉറച്ച തീരുമാനങ്ങളുടെ ആളുകളായിരുന്നു ഇരുവരും. അതുകൊണടു തന്നെ പ്രതിസന്ധികളെ പുഷ്പം പോലെ തരണം ചെയ്തു വിജയകരമായ ദാമ്പത്യജീവിതത്തിന്റെ ഉദാഹരണങ്ങളായിത്തീർന്നു അവർ, കുട്ടികളില്ലെങ്കിലും.
‘ആ ആളായിപ്പോ ഇങ്ങലെ വിഷമിച്ചിരിക്കുന്നത്?’
‘ആകെ വല്ലാത്ത പോലെ...’
‘ഒക്കെ ശരിയാവൂന്നേ...’
അങ്ങിനെ ആശ്വസിപ്പിച്ചും തലോടിയും ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ജെപിയുടെ പ്രശ്നത്തിനു തീരുമാനം ആയില്ലെന്നു മാത്രമല്ല അനുദിനം വഷളാകുകയായിരുന്നു. തന്നെക്കുറിച്ചുള്ള പരാതികൾ മുതലാളിയ്ക്കു ലഭിക്കുന്നുണ്ടെന്നും അറിഞ്ഞപ്പോൾ നിരായുധനായിപ്പോയി അയാൾ.
‘ജെപി, ഐ തിങ്ക് യൂ ആർ അൺഫിറ്റ് ഫോർ മാനേജിംഗ് ദീസ് പീപ്പിൾ’ മുതലാളി പറഞ്ഞു. ദേഷ്യം വരുമ്പോൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ ഇംഗ്ലീഷ് സംസാരിക്കാറുള്ള പ്രകൃതക്കാരനാണു മുതലാളിയെന്ന് അയാളേക്കാൾ നന്നായി ആർക്കാണറിയാവുന്നത്. സ്വമേധയാ ജോലിയിൽ നിന്നും വിരമിക്കുന്നതായി അറിയിച്ച് അയാൾ പടിയിറങ്ങി. ‘ജയപ്രകാശ് നാരായൺ ആരായിരുന്നെന്നറിയാമോ?’അക്കൌണ്ടന്റ് കുമാരപിള്ള ചോദിച്ചു. വിടപറച്ചിലിന്റെ ഭാഗമായി ഒരു ബാറിൽ കയറിയിരിക്കുകയായിരുന്നു അവർ.
കേട്ടുമടുത്ത കഥ പോലെ അയാൾ വിരസമായി തലയാട്ടി. ‘താനായിട്ട് ആ പേരിന് കളങ്കമുണ്ടാക്കരുത്...’കുമാരപിള്ള പറഞ്ഞു. പ്രായത്തിൽ മൂത്തയാളായതിനാൽ ജെപി ഒന്നും മിണ്ടാതിരുന്നു.കുറച്ചു ദിവസം നാട്ടിൽ പോയി നിൽക്കാമെന്നു പറഞ്ഞതു ഗിരിജയാണ്. അതു നല്ലതാണെന്ന് അയാൾക്കും തോന്നി. അച്ഛനു തീരെ വയ്യാതിരിക്കുകയാണ്. മാത്രമല്ല നാട്ടിൽ ഒരു മിടുക്കൻ വൈദ്യനുമുണ്ട്. കിടന്ന കിടപ്പിലായിരുന്ന അച്ഛനെ എഴുന്നേറ്റിരുന്നു സ്വന്തമായി കുഴമ്പു തേയ്ക്കാവുന്ന വിധത്തിലാക്കിയത് അയാളാണ്. തന്റെ പ്രശ്നത്തിനും അയാൾ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.
വാർദ്ധക്യം വാടിച്ചു കളഞ്ഞിരുന്നു നാരായണനെ. പുറത്തേയ്ക്കൊന്നും ഇറങ്ങാറില്ല. മിക്കവാറും കിടപ്പു തന്നെ. രാവിലെ കുറച്ചു നേരം ഇരുന്നു കാൽമുട്ടുകളിൽ കുഴമ്പു പുരട്ടിയിരിക്കും. വേറെ ചലനങ്ങളൊന്നുമില്ല.
എന്നാലും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല ജെപിയ്ക്ക്. അമ്മയും ഗിരിജയും എവിടെയോ പോയിരുന്ന തക്കമായിരുന്നു. അച്ഛൻ കാലിലെ കുഴമ്പിന്റെ തിളക്കത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നു. ജെപി അടുത്തേയ്ക്കു ചെന്നു.
‘അച്ഛാ...’
‘എന്താടാ ജേപ്പീ?’
‘എനിക്കെന്തിനാ ജയപ്രകാശ് എന്ന് പേരിട്ടത്?’
‘ഓ...അതൊരു കഥയാടാ...’
‘പറയ്...എനിക്കറിയണം...’
‘എന്റച്ഛൻ എനിക്ക് നാരായണന്ന് പേരിട്ടു... നീയൊണ്ടായപ്പോ എല്ലാരും പറഞ്ഞു ജയപ്രകാശെന്ന്...’
‘അതിന്?’
‘എല്ലാരും കൂടെ ജയപ്രകാശെന്ന് വിളിച്ചപ്പോ എനിക്കൊരു തീരുമാനമെടുക്കാൻ പറ്റീല്ലെടാ...’
അപ്പോൾ അകത്തളത്തിലെവിടെയോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതുപോലെ തോന്നി ജയപ്രകാശിന്!
(സമകാലിക മലയാളം വാരിക, നവംബർ 2017)
Published on November 07, 2017 02:01
November 6, 2017
സ്പൈഡറും മുരുഗദാസും മഹേഷ് ബാബുവും...

ഹൈദരാബാദ് വാസക്കാലത്ത് വളരെ കുറച്ചു തെലുഗു സിനിമകളേ തിയ്യറ്ററിൽ പോയി കണ്ടിട്ടുള്ളൂ. തെലുഗു സുഹൃത്തുക്കൾ ടിക്കറ്റ് എടുക്കാമെന്നു പറഞ്ഞാലും സ്നേഹപൂർവ്വം നിരസിക്കുകയേയുള്ളൂ. നിർബന്ധം സഹിച്ച് തിയ്യറ്ററിൽ പോയപ്പോഴെല്ലാം തലവേദനയും ഓക്കാനവും കൊണ്ടേ തിരിച്ചു വന്നിട്ടുള്ളൂ. ശബ്ദമലിനീകരണം ആദ്യത്തെ കാരണം. ആൾക്കൂട്ടത്തിനിടയിൽ അകപ്പെടുമ്പോൾ തല കറങ്ങുന്ന പ്രശ്നം (എന്തോ മാനിയ) ഉള്ളതിനാൽ പത്തുനൂറു പേർ ഭീകരപാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ടാൽ ആകെ പ്രശ്നമാകും. നിർഭാഗ്യവശാൽ കണ്ടതിൽ മിക്കവാറും സിനിമകളിലും നൃത്തക്കാരുടെ തിരക്ക് അധികമായിരുന്നു. വയലൻസ് അതിനപ്പുറം. തെലുഗു കൂട്ടുകാർ അതെല്ലാം ആസ്വദിക്കുന്ന കൂട്ടരാണ്. പൊതുവേ അവിടത്തുകാർ ആഘോഷങ്ങളുടെ ആൾക്കാരാണ്. പരമാവധി ഒച്ചയുണ്ടാക്കുക എന്നതാകുന്നു അവരുടെ ആഘോഷം. അതിരിക്കട്ടെ!
തെലുഗു സിനിമയിൽ ലോജിക് തിരയുന്നവർ കാലം തെറ്റിപ്പിറന്നവരത്രേ. ഇടി, ഡാൻസ്, ഇടി ഡാൻസ് പിന്നെ പുട്ടിന് പീര പോലെ തകർപ്പൻ ഡയലോഗുകൾ. കഥാപാത്രങ്ങളെല്ലാം ചെവിപൊട്ടന്മാരാണോയെന്നു സംശയം തോന്നും ഡയലോഗ് ഡെലിവെറി കേട്ടാൽ. പോട്ടെ, അവർക്ക് അതൊക്കെ കൈയ്യടിക്കാനുള്ളതാണ്.
ഇതിനിടയിലും അപവാദങ്ങൾ ഇല്ലെന്ന് പറഞ്ഞൂടാ. രസിച്ചു കണ്ട തെലുഗു സിനിമകളും ഉണ്ട്. സിദ്ധാർഥിന്റെ ബൊമ്മരില്ലു, നുവ്വൊസ്താനണ്ടെ നേനൊദ്ദണ്ടാനാ എല്ലാം തരക്കേടില്ലാത്ത സിനിമകളായിരുന്നു. ആക്ഷൻ സിനിമകളിൽ കണ്ടിരിക്കാവുന്ന ആൾ മഹേഷ് ബാബുവിന്റെ സിനിമകൾ തന്നെ. ഒക്കഡു, അതഡു, കൌബോയ് സിനിമയായ തക്കാരി ദൊംഗ, പോക്കിരി, എല്ലാം തലവേദന സമ്മാനിക്കാത്തതും കണ്ടിരിക്കാവുന്നതുമായ സിനിമകൾ ആയിരുന്നു. തെലുഗു സിനിമയിൽ കുറച്ചു ബോധം ഉള്ള നടനും ആണ് മഹേഷ് ബാബു എന്നും തോന്നിയിട്ടുണ്ട്. റീമേയ്ക്കുകളിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായമെല്ലാം നല്ലതായി തോന്നിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട അർജുൻ റെഡ്ഡിയും ക്ലൈമാക്സ് ഒഴിച്ചാൽ നല്ല സിനിമയായിരുന്നു.ഏ ആർ മുരുഗദാസിനെപ്പറ്റി പണ്ടേ അഭിപ്രായമില്ല. ഓവർറേറ്റഡ് ആയ സംവിധായകനായിട്ടേ അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. നമ്മടെ പ്രിയദർശനെപ്പോലെയാണ് അദ്ദേഹം. പേരു കേൾക്കുമ്പോൾ സിനിമാലോകം എഴുന്നേറ്റു നിൽക്കും. പടൈപ്പുകളൊക്കെ ഒരുമാതിരി ആയിരിക്കുകയും ചെയ്യും. ആ മുരുഗദാസ് മഹേഷ് ബാബുവിനെ നായകനാക്കി സിനിമ, അതും തമിഴിൽ, ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയത് മഹേഷ് ബാബു എന്ന ആകർഷണം കൊണ്ടു മാത്രമായിരുന്നു. വിജയിനെ വച്ച് മാസ് സിനിമകൾ (മാസ് ഗാർബേജുകൾ) സംവിധാനം ചെയ്ത് പരിചയമുള്ള മുരുഗദാസ് മഹേഷേട്ടനെ എങ്ങിനെ അവതരിപ്പിക്കും എന്ന കൌതുകവും ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിച്ചില്ല. മഹേഷേട്ടൻ തല വച്ചു കൊടുത്തു എന്നേ പറയാനുള്ളൂ.ആക്ഷൻ സിനിമയിൽ (സിനിമയിൽത്തന്നെ) ലോജിക് തേടരുതെന്ന് സ്വയം പഠിപ്പിച്ച ശീലമാണ്. പക്ഷേ, മഹേഷ് ബാബുവിന്റെ ഞാൻ കണ്ടിട്ടുള്ള സിനിമകൾ അത്രയ്ക്കൊന്നും പ്രശ്നപൂരിതമായിരുന്നില്ല. ആ കുറവ് നികത്താൻ മുരുഗദാസിനായി, സ്പൈഡർ എന്ന സിനിമയിലൂടെ.എസ് ജെ സൂര്യയുടെ കഥാപാത്രം ഡിസ്നി കാർട്ടൂണുകളിലെ വില്ലന്മാരെപ്പോലെയായിപ്പോയി. നന്നായി ജോലി ചെയ്തിട്ടുണ്ട് സൂര്യ. സൈക്കോ വില്ലൻ ഒരുതരം പ്രത്യേക ശബ്ദത്തിൽ നാടകശൈലിയിൽ സംസാരിക്കണമെന്ന് ഉണ്ടോ ആവോ. അവസാനം ബാറ്റ്മാനിലെ ജോക്കറുടെ രൂപമെല്ലാം തോന്നുന്നുണ്ട് സുടലൈയ്ക്ക്. പാറയുരുട്ടലും ആശുപത്രി തകർക്കലും അവസരം കിട്ടുമ്പോൾ പാട്ടുകളും (അല്ലാ, ആ നായിക എന്തിനായിരുന്നു? ആകെ ഒരു നിർണ്ണായക ക്ലൂ കൊടുക്കുക മാത്രമേ മൊത്തം സിനിമയിൽ ആ കുട്ടി ചെയ്തിട്ടുള്ളൂ).സ്പൈഡർ എത്രത്തോളം മുഷിപ്പിച്ചെന്നും നിരാശപ്പെടുത്തിയെന്നും വിശദീകരിക്കാൻ വയ്യ. ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, മഹേഷ് ബാബുവിനു പകരം വിജയിനെ നായകനാക്കിയിരുന്നെങ്കിൽ ഉപകാരപ്പെട്ടേനേം. സിനിമ കാണുകേം വേണ്ട, ഉൽക്കയെ പിടിച്ചു നിർത്തിയാലും അതിശയിക്കുകയും വേണ്ട.
എന്നാലും ന്റെ മഹേഷ് ബാബു അണ്ണയ്യാ, മീരു എന്തുക്കു എലാ ചേസാരു???
Published on November 06, 2017 03:43
September 24, 2017
സ്വപ്നങ്ങൾ കൈവിടാത്ത കെന്നഡി, അല്ല വിക്രം
നിറഞ്ഞ കരഘോഷം, സദസ്സിലുള്ളവരുടെ മുഖങ്ങളില്‍ ആഹ്ലാദം. ഓടി വന്ന് 'കലക്കി' എന്ന് പറഞ്ഞ കോളേജ് വിദ്യാര്‍ഥിനി. അത്രയും മതിയായിരുന്നു കെന്നഡിയ്ക്ക് മനസ്സ് നിറയാന്‍. 1986 ല്‍ ചെന്നൈ ഐഐറ്റിയില്‍ ആയിരുന്നു കാണികളുടെ പ്രശംസകള്‍ ഏറ്റു വാങ്ങിയ കെന്നഡിയുടെ പ്രകടനം. ആ നാടകമത്സരത്തില്‍ ലയോള കോളേജ് വിദ്യാര്‍ഥിയായ കെന്നഡി മികച്ച നടനുള്ള പുരസ്‌കാരം നേടി.
ചെറുപ്രായം തൊട്ടേ കെന്നഡിയ്ക്ക് അഭിനയത്തിനോട് ഭ്രമമായിരുന്നു. ഏര്‍ക്കാട് മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ മൂന്നം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌റ്റേഡ് പെര്‍ഫോര്‍മന്‍സ് കാണിച്ച് എല്ലാവരേയും അതിശയിപ്പിക്കുമായിരുന്നു. കൈയടി കേള്‍ക്കുന്നത് ലഹരിയായിരുന്നു അവന്. ഒരു നടനായാലേ ഇങ്ങനെ കൈയടി കേള്‍ക്കാന്‍ സാധിക്കൂയെന്ന് കെന്നഡിയ്ക്ക് ആ പ്രായത്തില്‍ തന്നെ തോന്നിയിരുന്നു.\

അഭിനയം എന്ന സ്വപ്‌നവുമായാണ് അവന്‍ വളര്‍ന്നത്. ഒട്ടേറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ ചെന്നൈ ലയോള കോളേജില്‍ പഠിക്കുമ്പോള്‍ സിനിമകളില്‍ താന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കൈയടികള്‍ മുഴങ്ങുന്നത് മാത്രമായിരുന്നു മനസ്സില്‍. അതേ ഉത്സാഹത്തോടെ ഒരു ദിവസം കൂട്ടുകാരന്‌റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഗവര്‍ണറുടെ ബംഗ്ലാവിന്‌റെ അരികിലെ ഒരു വളവ്. ചെറുപ്പത്തിന്‌റെ ആവേശത്തില്‍ അല്പം വേഗത്തിലായിരുന്നു കൂട്ടുകാരന്‍ ബൈക്ക് ഓടിച്ചിരുന്നത്.
പ്രതീക്ഷിക്കാതെ എതിര്‍വശത്തു നിന്നും ഒരു ലോറി വന്നു. അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചതാണ്. ചോരയൊലിപ്പിച്ച് നടുറോഡില്‍ കിടന്നു കെന്നഡി. ആ വഴിയ്ക്ക് കാറില്‍ വന്ന ഏതോ കൂട്ടുകാര്‍ കെന്നഡിയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചു. കാലുകള്‍ക്ക് സാരമായ പരുക്ക്. കാല്‍ മുറിച്ചു കളഞ്ഞാലേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂയെന്ന് ഡോക്ടര്‍.
'എത്ര ചെലവായാലും കുഴപ്പമില്ല. എന്‌റെ മകന്‍ പഴയപോലെ ആകണം' എന്നു പറഞ്ഞ് കെന്നഡിയെ ചെന്നൈയിലെ ഒരു പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി കെന്നഡിയുടെ അമ്മ.
ഒരു അഭിനേതാവിനു കാലുകള്‍ പ്രധാനമാണ് എന്ന് കെന്നഡിയുടെ അമ്മ അന്ന് ധൈര്യപൂര്‍വം പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് 'ചീയാന്‍' വിക്രം എന്ന താരം ഉണ്ടാകുമായിരുന്നില്ല. ആ അപകടത്തില്‍ നിന്നും കെന്നഡി കരകയറിയത് മറ്റൊരു കഥ. കൂട്ടുകാരും മാതാപിതാക്കളും നല്‍കിയ ധൈര്യവും പിന്തുണയും കെന്നഡിയെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.
വിക്രം അഭിനയിച്ച 'ദില്‍' എന്ന സിനിമയില്‍ ഈ സംഭവങ്ങള്‍ അതേപടി എടുത്തിട്ടുണ്ട്. പൊലീസ് ആകാന്‍ ആഗ്രഹിക്കുന്ന നായകന്‌റെ കാലുകള്‍ ഒരു ദിഷ്ടന്‍ പൊലീസ് അടിച്ചൊടിയ്ക്കുന്നു. കൂട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് അയാളെ പഴയപടിയാക്കുന്നു. വിക്രത്തിന്‌റെ ജീവിതത്തിലെ ഒരു ഭാഗമായിരുന്നു അത്.
അദ്ദേഹത്തിന്‌റെ ജീവിതത്തിലെ പല സംഭവങ്ങളും അതേ പോലെ സിനിമയിലും വന്നിട്ടുണ്ടെന്നുള്ളത് യാദൃച്ഛികം തന്നെ. ആ അപകടം കുറച്ചു കാലത്തേയ്ക്ക് സ്വപ്‌നങ്ങളെ വൈകിച്ചു എന്നതല്ലാതെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നടക്കാന്‍ ആഗ്രഹിച്ചതേ അഭിനയമോഹം കാരണമായിരുന്നു. പഴയപോലെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പരസ്യ കമ്പനിയില്‍ കോപി റൈറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങി.
ആ സമയത്ത് ചില ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനിച്ചു. ദൂരദര്‍ശന്‍ സീരിയലുകളില്‍ മുഖം കാണിച്ചു. അഭിനയിക്കാന്‍ കിട്ടിയ ഒരു അവസരവും പാഴാക്കിയില്ല. അപ്പോഴാണ് ഒരു ചെറിയ ബജറ്റ്് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വരുന്നത്. 'എന്‍ കാതല്‍ കണ്‍മണി' എന്നായിരുന്നു വിക്രം അഭിനയിച്ച് ആദ്യത്തെ സിനിമയുടെ പേര്.
സിനിമ പകുതിയായപ്പോഴേയ്ക്കും ബജറ്റ് പ്രശ്‌നം കാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. തന്‌റെ സ്വപ്‌നങ്ങള്‍ നടക്കില്ലയെന്ന തോന്നലില്‍ വിഷമിക്കുമ്പോഴാണ് സംവിധായകന്‍ ശ്രീധര്‍ തന്‌റെ പുതിയ സിനിമയിലേയ്ക്ക് പുതുമുഖങ്ങളെ തേടുന്നതായി അറിയുന്നത്. ശ്രീധറിനെ കണ്ട് സംസാരിച്ച കെന്നഡിയ്ക്കു തന്നെ ആ വേഷം കിട്ടി. ആ സിനിമയാണ് 'തന്തുവിട്ടേന്‍ എന്നൈ'. പടം എട്ടുനിലയില്‍ പൊട്ടി.
എന്നാലും തളരാതെ അവസരങ്ങള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു കെന്നഡി. അടുത്ത സിനിമയും പ്രശസ്ത സംവിധായകന്‌റെ ആയിരുന്നു. എസ് പി മുത്തുരാമന്‌റെ 'കാവല്‍ഗീതം'. ആ സിനിമയും വിജയിച്ചില്ല. മൂന്നാമത്തെ സിനിമയായിരുന്നു പി സി ശ്രീരാം സംവിധാനം ചെയ്ത 'മീര'.
ഇളയരാജയുടെ ഈണത്തില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകളും സാങ്കേതികമികവും ഉണ്ടായിരുന്നിട്ടും ആ സിനിമയും വിജയിച്ചില്ല. എന്നാലും വിക്രം എന്ന നടന്‌റെ അഭിനയമികവ് വെളിപ്പെടുത്തിയ ആദ്യത്തെ സിനിമ എന്നു മീരയെ വിശേഷിപ്പിക്കാം. പിന്നെ മലയാളം, തെലുങ്ക് സിനികളില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. മണി രത്‌നത്തിന്‌റെ ബോംബേ എന്ന സിനിമയില്‍ ആദ്യം നിശ്ചയിച്ചിരുന്നത് വിക്രമിനെ ആയിരുന്നു. പക്ഷേ, മനീഷ കൊയ് രാളയും വിക്രമും ചേര്‍ന്നുള്ള ഫോട്ടോ ഷൂട്ടില്‍ മണി രത്‌നത്തിനു തൃപ്തി വന്നില്ല. അങ്ങിനെ ആ അവസരം നഷ്ടപ്പെട്ടു.മണി രത്‌നം പിന്നീടൊരിക്കല്‍ തന്നെ വിളിക്കുമെന്ന പ്രതീക്ഷയില്‍ അഭിനയം, സംഘട്ടനം, നൃത്തം എന്നിവ പരിശീലിച്ചു കൊണ്ടിരുന്നു വിക്രം. അപ്പോള്‍ അജിത്, അബ്ബാസ്, പ്രഭുദേവ തുടങ്ങിയവര്‍ക്കായി ഡബ്ബിംഗും ചെയ്തിരുന്നു. ഏതെങ്കിലും ഒരു ദിവസം തനിക്കായി ഒരിടം സിനിമയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയും വച്ചു പുലര്‍ത്തിയിരുന്നു.
ബാലു മഹേന്ദ്രയുടെ 'സേതു' എന്ന സിനിമയിലൂടെ വിക്രം അത് നേടി. അദ്ദേഹത്തിനെ മികച്ച നടനായി തമിഴകം അംഗീകരിച്ചു. തന്‌റെ പത്തു വര്‍ഷത്തെ പോരാട്ടം ആയിരുന്നു സേതുവിലൂടെ വിക്രം നേടിയെടുത്തത്.
അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മണി രത്‌നം പറഞ്ഞയച്ച വിക്രം പിന്നീട് അദ്ദേഹത്തിന്‌റെ തന്നെ രാവണന്‍ എന്ന സിനിമയില്‍ നായകനായി. അതിരിക്കട്ടെ, കെന്നഡി എങ്ങിനെ വിക്രം ആയി എന്നതാണല്ലോ ചോദ്യം. കെന്നഡിയെ ചെറുപ്പത്തില്‍ എല്ലാവരും കെന്നി എന്നായിരുന്നു വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് അത് പ്രശ്‌നമില്ലായിരുന്നു. പക്ഷേ, മുതിര്‍ന്നപ്പോള്‍ അത് തനിയ്ക്കു ചേരില്ലെന്ന് കെന്നഡിയ്ക്കു തോന്നി.
അച്ഛന്‌റെ പേര് ആല്‍ബര്‍ട്ട് വിക്ടര്‍. അമ്മയുടെ പേര് രാജേശ്വരി. അച്ഛന്‌റെ പേരിലെ 'വിക്' (Vik) അമ്മയുടെ പേരിലെ 'രാ'
(Ra) എന്നിവ എടുത്ത് വിക്രം എന്നാക്കുകയായിരുന്നു. മറ്റൊരു കാര്യം കൂടി പറയാന്‍ മറന്നു. അന്ന് കോളേജില്‍ വച്ച് കൈ കൊടുത്ത വിദ്യാര്‍ഥിനിയില്ലേ, അവര്‍ തന്നെയാണ് വിക്രമിന്‌റെ നല്ലപാതി ഷൈലജ.
Published on September 24, 2017 22:57