ഇന്ത്യയെ കീഴടക്കിയ കോവിഡ്19 – ഒരു പുനരവലോകനം.

2020 വർഷം അവസാനിച്ചു. പുതുവർഷത്തിന്റെ മോടിയും ആർഭാഢവും ഒന്നുമില്ലാതെ 2021 പിറന്നിട്ട് ഇപ്പോൾ വർഷം പകുതിയായി. പക്ഷെ കോവിഡ്19, രോഗത്തിന്റെ പിടിയിൽ നിന്നും നാം ഇനിയും മോചിതരായിട്ടില്ല. ആ കരിനിഴൽ പൂർവ്വാധികം ശക്തമായിത്തന്നെ നമുക്കു മേൽ പതിഞ്ഞു കിടക്കുന്നു.

ഇന്ന് ലോക രാഷ്ട്രങ്ങളിൽ പലതും ഈ മഹാമാരിയടെ രണ്ടാം വരവിനെ ഒരു പരിധി വരെ നിയന്ത്രണത്തിൽ ആക്കി. പക്ഷെ നമ്മുടെ രാജ്യത്ത് ഇത് അനുദിനം കൂടി വരുകയാണ്. 2020 അവസാനമായപ്പോൾ കോവിഡ് നമ്മുടെ വരുതിയിൽ ആയിത്തുടങ്ങിയതായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 24നു  തുടങ്ങി മേയ് 3ന് അവസാനിച്ച സംപൂർണ്ണ ലോക്ക്ഡൗണും പിന്നീടു തുടർന്ന ഭാഗിക അടച്ചിടലുകൾക്കും ഒടുവിൽ നാം വിജയിക്കുക തന്നെ ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആരോഗ്യ വകുപ്പിന്റേയും സർക്കാരിന്റേയും നിർദ്ദേശങ്ങൾ നമ്മുടെ ജീവന്റെ ആവശ്യമാണെന്നു  മനസിലാക്കി പ്രവർത്തിച്ചതിന്റെ പ്രതിഫലനമായിരുന്നു അതെന്ന് നിസ്സംശയം പറയാൻ കഴിയും. “2020, കോവിഡ് നയിച്ച വർഷം” എന്ന എന്റെ ബ്ളോഗിൽ ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

ഇപ്പോഴെനിക്കു തോന്നുന്നു നമ്മൾ ഏറെ പഠിച്ചു എന്ന് എഴുതിയത് തെറ്റായിരുന്നു എന്ന്, നാം ഒന്നും പഠിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നർ ഉള്ള സംസ്ഥാനമായ കേരളത്തിന് എന്താണ് സംഭവിച്ചത്. ഒരു വർഷം മുന്പ് നമുക്ക് ഉണ്ടായിരുന്നതിലും മോശമായ സ്ഥിതി വിശേഷത്തിലേക്ക് പതിച്ചതെങ്ങിനെ. ഇവയ്ക്കെല്ലാം ഉത്തരമായി ചില മുടന്തൻ ന്യയങ്ങളാണ് നമുക്കുള്ളത്, ഇലക്ഷനായിരുന്നു ഇതിൽ പ്രധാനമായി പറയുന്നത്. ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുന്പ് നമ്മുടെ മനസ്സിന് ഒരു ഓർമ്മപ്പെടുത്തലായി ഈ രോഗം വന്ന വഴിയും നാമതിനെ നേരിട്ടതും ഒരിക്കൽക്കൂടി ഓർമ്മിക്കുന്നതു നല്ലതാണെന്നു തോന്നുന്നു.

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ വൈറസ് രോഗം പടർന്നു പിടിച്ചു. 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയ്ക്ക് ഈ രോഗത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചു. അന്വേഷണത്തിന് ശേഷം, ജനുവരി 12 ന്, നോവൽ കൊറോണ വൈറസാണ് ഈ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. ഈ പകർച്ചവ്യാധിയെ COVID 19 എന്ന് നാമകരണം ചെയ്തു.  ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഈ വൈറസ് വുഹാൻ നഗരത്തിലുടനീളം വ്യാപിക്കുകയും ക്രമേണ സമീപ സ്ഥലങ്ങളിലേക്കും മാരകമായ രീതിയിൽ ഈ രോഗം പടർന്നു.  

കൊറോണ വൈറസ് പടർന്ന ചൈനയിലെ വുഹാനിൽ നിന്ന് ജനുവരി 30ന് ത്രിശൂരിൽ തിരിച്ചെത്തിയ  ഒരു വിദ്യാർത്ഥിയിലാണ് ഇന്ത്യയിൽ COVID 19 ആദ്യമായി സ്ഥിരീകരിച്ചത്. തുടർച്ചയായി ഇതേ ഗ്രൂപ്പിലെ മറ്റ് മൂന്ന് കുട്ടികൾ കൂടി ഫെബ്രുവരി 3 ന് രോഗബാധിതരായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇതിനകം തന്നെ ലോകം മുഴുവനും ഈ മഹാമാരി പടർന്നു കഴിഞ്ഞിരുന്നു. ഇത്ര പെട്ടെന്നു ലോകം മുഴുവൻ വ്യാപിക്കാൻ പ്രധാന കാരണം ചൈനയുടെ പുതു വർഷാഘോഷമായിരുന്നു. 2020 ജനുവരി 25 ആയിരുന്നു ചൈനയുടെ പുതു വർഷം. ഈ ആഘോഷനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മിക്കവാറം ചൈനക്കാർ നാട്ടിലെത്തുക പതിവായിരുന്നു.  കൂടാതെ അനേകം ട്യൂറിസ്റ്റുകളും ഈ ആഘോഷങ്ങൾക്കായി ചൈനയിൽ എത്താറുണ്ട്. അവരെല്ലാം തന്നെ ആഘോഷങ്ങൾ കഴിഞ്ഞു തിരിച്ചു പോയത് അവർ പോലും അറിയാതെ ഈ മഹാമാരിയുടെ വാഹകരായിട്ടായിരുന്നു!  

മാർച്ച് 4 ന് ഇറ്റലിയിൽ നിന്നുള്ള 14 അംഗ ടൂറിസ്റ്റ് സംഘം ഉൾപ്പെടെ ഇരുപത്തിരണ്ട് പേരിൽ ഇന്ത്യയിൽ രോഗം കണ്ടെത്തി. മാർച്ചിൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ അസുഖത്തിന്റെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. മിക്ക കേസുകളിലും പൊതുവായി കണ്ടത് രോഗ ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രാ ചരിത്രമാണ്.

 സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരനായ ഒരാൾ മാർച്ച് 12ന് മരണപ്പെട്ടതാണ് നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്19 ന്റെ ആദ്യ ഇര.

ജനങ്ങളുടെ സംരക്ഷണത്തിനായി വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ ലോകരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്  ആരോഗ്യ വകുപ്പ് പുറത്തിറക്കി. വൈറസ് നിയന്ത്രണത്തിനായി സർക്കാർ ബോധവൽക്കരണ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും സ്ഥാപിച്ചു. .  മൂക്ക്, വായ എന്നിവ മറയ്ക്കുന്ന മാസ്ക് ധരിക്കുക,  സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക, ഹാൻഡ് ഹാന്റ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, പൊതുജനങ്ങൾക്കിടയിൽ 1.5 മീറ്ററിൽ സാമൂഹിക അകലം പാലിക്കുക. ശുദ്ധമല്ലാത്ത കൈകളാൽ മൂക്ക്, വായ, കണ്ണുകൾ എന്നിവ തൊടുന്നത് ഒഴിവാക്കുക, പരസ്പരമുള്ള ഹസ്തദാനം ഒഴിവാക്കുക, പുറത്തു നിന്ന് വീട്ടിലെത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ വെവ്വേറെ സൂക്ഷിക്കുക, കൈയും കാലും കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകളും മുഖവും വൃത്തിയാക്കുക തുടങ്ങിയവയായിരുനനു അത്. നാമെല്ലാം ഇത് നിഷ്ടയോടെ പാലിക്കാൻ തടങ്ങിയതോടെ ഈ മഹാമാരി നിയന്ത്രണത്തിലാവാൻ തുടങ്ങി. ഇവയിൽ പലതും പഴയ കാലങ്ങളിൽ നാം പിന്തുടർന്നിരുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗങ്ങളായിരുന്നു എന്നത് നമ്മൾ ഓർമ്മിക്കണം.

വൈറസിന്റെ വ്യാപനം നാട്ടിൽ വർദ്ധിച്ചതിന് അശ്രദ്ധയുടെ ഏറെ ഉദ്ദാഹരണങ്ങൾ കഴിഞ്ഞ വർഷം നമ്മൾ നേരിട്ടറിഞ്ഞതാണ്.  ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ ഒരു സിഖ് പുരോഹിതൻ മാർച്ച് 10 മുതൽ 12 വരെ അന്ത്പൂർ സാഹിബിൽ നടന്ന സിഖ് സമ്മേളനത്തിൽ പങ്കെടുത്തത് പഞ്ചാബിലെ 20 ഗ്രാമങ്ങളിൽ വൈറസ് പടരാൻ കാരണമായി.

 മാർച്ച് 31 ന് ദില്ലിയിൽ മുസ്ലീം സമുദായം ‘തബ്ലീഗി ജമാഅത്ത്’ എന്ന ഒരു മതസഭ സംഘടിപ്പിച്ചു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 9,000 മിഷനറിമാരും 40 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 960 പേരും സഭയിൽ പങ്കെടുത്തു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചാണ് ഇത് നടത്തിയത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.  സമ്മേളനത്തിനുശേഷം പങ്കെടുത്ത എല്ലാവരം അവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോയി. പങ്കെടുത്തവരിൽ ചിലരെ ദില്ലിയിൽ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷമാണ് ഈ സംഭവം തന്നെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് രാജ്യമെമ്പാടും വൈറസ് പടരാൻ മറ്റൊരു കാരണമായി.

ഗൾഫു രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയ ചിലരുടെ അനാസ്ത രോഗം വ്യാപിപ്പിച്ചത് ഏറെ വേദനാജനകമായിരുന്നു. ഇതിന്റെയെല്ലാം അനുഭവത്തിൽ സർക്കാർ സവീകരിച്ച കർശന നടപടികൾ നമ്മൾ അക്ഷരംപ്രതി സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്വയം കവചം തീർത്തുകൊണ്ട് മറ്റുള്ളവരേയും നാം സംരക്ഷിച്ചു.

ഇത്തരത്തിൽ നേടിയെടുത്ത നേട്ടം എത്ര വേഗമാണ് നഷ്ടമായത്. കോവിഡിന്റെ രണ്ടാം വരവ് മുന്നെ അറിഞ്ഞിട്ടു പോലും നമുക്കത് ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല. പ്രതിരോധ കുത്തിവയ്പുകളും നിലവിൽ വന്ന  സാഹചര്യത്തിൽ കുറെയേറെ നിയന്ത്രണം നമുക്കു നടത്താമായിരുന്നു. പിന്നീടെന്തു സംഭവിച്ചു എന്നത് ചിന്തക്കേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും ഓഫീസുകൾ ഭാഗികമായും അടക്കുകയും ആഘോഷ പരിപാടികൾ കടുത്ത  നിയന്തണത്തിലാക്കുകയും ചെയ്ത ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കരണമെന്ന് ഒരു തർക്കത്തിനായി പറയാം. പക്ഷെ, സത്യത്തെിനു മറയിടാൻ കഴിയില്ല, ഇലക്ഷനല്ല കാരണം നാം നേരിട്ട രീതിയാണ് തെററായത്.

തിരഞ്ഞെടുപ്പ് നാട്ടിലെ ജനാധിപത്യത്തിന്റെ ആവശ്യമാണ്, അതു നടത്തിയെ കഴിയു. ഈ പ്രത്യേക സാഹചര്യത്തിൽ കുറച്ചു നാളേയ്ക്കു തിരഞ്ഞെടുപ്പു നീട്ടി വയ്ക്കാൻ കഴിയുമായിരുന്നു. അത് പലരുടേയും ഉറക്കം കെടുത്തി, കാരണം അങ്ങിനെ വന്നാൽ ഭരണകൂടത്തിനെതിരെ അടിക്കാൻ തയ്യാറാക്കിയ ആയുധങ്ങൾ വെറുതെയാവും. ഇതോടെ തിരഞ്ഞടുപ്പ് തീരുമാനമായി.

 ഇതുവരെ എല്ലാത്തിനും ന്യായമുണ്ട്, ഒരു കാര്യത്തിലൊഴികെ അതായത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതിൽ. എവിടേയും ആരും പറഞ്ഞില്ല, മാസ്ക് ധരിക്കരുത്, ഹസ്തദാനം ചെയ്യാം, കൈകൾ സാനിട്ടൈസ്  ചെയ്യേണ്ട, സാമൂഹിക അകലം വേണ്ട എന്നൊക്കെ. പക്ഷെ ഇവിടെ സംഭവിച്ചത് അതാണ്, പ്രകടനങ്ങൾ സാധാരണ പോലെ നടത്തി, നേതാക്കൾ മുതൽ അണികൾ വരെ നിയമങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല.

നേതാവ് മുഖം മറയ്ക്കാത്തത് വികാരപ്രകടനങ്ങൾ ജനത്തെ കാണിക്കാനായിരിക്കാം പക്ഷെ അണികൾ, അവരെന്തുകൊണ്ട് നിയമങ്ങൾ പാലിച്ചില്ല. അതിനൊരു മറുപടിയേയുള്ളു രാജഭരണ കാലത്തെ പഴം ചൊല്ല് “യഥാ രാജാ തഥാ പ്രജ”. അക്കാലത്ത് അതിനു പ്രസക്തിയുണ്ട് കാരണം ജനങ്ങൾക്കുള്ള അറിവ് എന്നത് രാജാവ് നൽകുന്ന വിജ്ഞാനം മാത്രമാണ്. എന്നാൽ ഇന്നങ്ങിനെയല്ല ജനങ്ങൾ വിദ്യാസമ്പന്നരാണ്, സ്യയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവരാണ്, ഇവിടെ സംഭവിച്ചത് എന്തായിരുന്നു എന്ന് സ്യയം കണ്ടെത്തട്ടെ.

“തെറ്റു ചെയ്യുന്നവർ ആരാണ്” എന്ന ചോദ്യത്തിനു ഒരു ഉത്തരമേയുള്ളു, “അറിവുള്ളവരാണ് തെറ്റു ചെയ്യുന്നത്” എന്നതാണ്. അറിവില്ലാത്തവർ തെറ്റു ചെയ്യുനനില്ല കാരണം അവർക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവരമില്ല!  

The post ഇന്ത്യയെ കീഴടക്കിയ കോവിഡ്19 – ഒരു പുനരവലോകനം. appeared first on Ignatius Variath.

 •  0 comments  •  flag
Share on Twitter
Published on May 14, 2021 04:48
No comments have been added yet.