അവതാറിലെ അപ്പൂപ്പന്‍ താടികള്‍
ലോകത്തില്‍ ഇതേവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചിലവുകൂടിയ സിനിമ ആയതുകൊണ്ടല്ല അവതാറിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചത്. അതിലെ ചില ഇടങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചതുകൊണ്ടാണ്. മനുഷ്യമനസ്സിന് സങ്കല്പിക്കാവുന്നതിനും അപ്പുറത്തെ പ്രകൃതിയുടെ ഗിരിമ ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു. സൌരയൂഥത്തിനും വെളിയിലുള്ള പാന്‍ഡോര എന്ന എന്ന (സങ്കല്പ)ഗ്രഹത്തിന്റെ സൌന്ദര്യമാണ് ജെയിംസ് കാമറൂണ്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവബന്ധങ്ങളുടെ സൂക്ഷ്മാവസ്ഥ ഈ ഗ്രഹത്തിലുണ്ടെന്ന് കാമറൂണ്‍ നമ്മോടു പറയുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള ആത്മബന്ധം, അവിടുത്തെ മണ്ണും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം, പ്രകൃതിയുടെ ഏറ്റവും പൌരാണികമായ താളം, പ്രകൃതിയില്‍ നിന്നു തന്നെ മനുഷ്യന്‍ നേരിട്ട് സ്വീകരിക്കുന്ന ഊര്‍ജ്ജം എന്നിവയൊക്കെ സങ്കല്പമാണെങ്കില്‍പ്പോലും ഭൂമിയില്‍ മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂമിയിലെ മനുഷ്യനായ ജാക്കി സള്ളി അവിടെ ആദ്യമായി എത്തുമ്പോള്‍ അവനെ പ്രണയപൂര്‍വ്വം സ്വീകരിക്കുന്നത് അപ്പൂപ്പന്‍ താടികളാണ്. അവനെ പ്രകൃതി സ്വീകരിക്കുന്നു എന്നതുകൊണ്ടാണ് അവിടുത്തെ മനുഷ്യന്‍ അവനെ സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അവിടുന്ന് അവന്‍ പാന്‍ഡോരയിലെ ജൈവീകതയും പ്രകൃതിയും ഓരോന്നായി അനുഭവിക്കുകയും പഠിക്കുകയുമാണ്. പ്രകൃതിയുമായിം ബന്ധം സ്ഥാപിക്കാതെയും ഇഴകിച്ചേരാതെയും അവിടെ തുടരാനാവില്ല എന്ന പാഠമാണ് അവന്‍ അവിടെ ആദ്യം പഠിക്കുന്നത്. ഓരോ ജീവജാലങ്ങളും പക്ഷിമൃഗാദികള്‍ക്കും അതിന്റേതായ ഭൂമികയുണ്ടെന്നും അതിലേക്കുള്ള കടന്നുകയറ്റങ്ങളെ അവ ചെറുക്കുമെന്ന, മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന പാഠമാണ് അവന്‍ പിന്നീട് പഠിക്കുന്നത് (സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്) ആദ്യം സൂചിപ്പിച്ചതുപോലെ മനുഷ്യസങ്കല്പത്തിനപ്പുറത്തുള്ള പ്രകൃതി ദൃശ്യങ്ങളാണ് പാന്‍ഡോരയില്‍ അവന്‍ കാണുന്നത്. അപാരമായ വടവൃക്ഷങ്ങള്‍, കിലോമീറ്ററുകളോളം നീളമുള്ള വൃക്ഷശാഖകള്‍, പേടിപ്പിക്കുന്ന കിഴുക്കാം തൂക്കുകള്‍, തൂങ്ങിക്കിടക്കുന്ന ദ്വീപുകള്‍, മഹാവെള്ളച്ചാട്ടങ്ങള്‍, അതിനിബിഡവനങ്ങള്‍, ഭീമാകാരങ്ങളായ ഡ്രാഗണ്‍ പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, പ്രകാശിക്കുന്ന ചെടികള്‍, ചേമ്പിലയോളം വലുപ്പമുള്ള തൊട്ടാവാടികള്‍ ചവിട്ടുമ്പോള്‍ പ്രകാശിക്കുന്ന ഭൂതലം, വൃക്ഷത്തിന്റെ ശിഖിരത്തില്‍ ഉറങ്ങുന്ന മനുഷ്യര്‍ (അങ്ങനെ വിളിക്കാമെങ്കില്‍ - ബ്ലൂ മങ്കീസ് എന്നാണ് സിനിമയില്‍ വിളിക്കുന്നത്) അങ്ങനെ ദൃശ്യത്തിലെ ഒരു പെരുമതന്നെ പാന്‍ഡോരയില്‍ നമുക്കായി കാത്തിരിക്കുന്നു. ഈ ജീവജാലങ്ങളുമായി അവിടുത്തെ മനുഷ്യര്‍ സൂക്ഷിക്കുന്ന ആത്മബന്ധമാണ് ഈ സിനിമയുടെ പരാമര്‍ശത്തിന് അര്‍ഹമായ ജൈവീകത. ഓരോ ജീവികളോടും ഒരു പ്രത്യേകതരത്തില്‍ ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരേ മാനസിക വികാരമുള്ളവരായി മാറാം എന്നു ജെയിംസ് കാമറൂണ്‍ പറയുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങേണ്ടുന്നതിന്റെയും ഇഴകിച്ചേരേണ്ടതിന്റെയും പ്രകൃതിയെ തന്റെ തന്നെ ഭാഗമായി കാണേണ്ടതിന്റെയും ആവശ്യകതയാണ് തെളിഞ്ഞുവരുന്നത്. അധിനിവേശം ഈ ചിത്രത്തില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. അധിനിവേശത്തില്‍ മനുഷ്യന്‍ പ്രകൃതിയോടും ആദിമമനുഷ്യരോടും കാണിക്കുന്ന ക്രൂരതയും ദയാരാഹിത്യവും ഈ ചിത്രം നമ്മെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ എല്ലാ അധിനിവേശങ്ങളും കുടിയേറ്റങ്ങളും ഇതുപോലെ സര്‍വ്വജീവജാലങ്ങളെയും ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും നശിപ്പിച്ചുകൊണ്ടായിരുന്നു എന്ന ഓറ്മ്മപ്പെടുത്തല്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്നതുതന്നെ. അതുകൊണ്ടുതന്നെയാവാം, ഇത് യൂറോപ്പിനെതിരെയുള്ള ചിത്രം എന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നത്. അധിനിവേശത്തിനു ശ്രമിക്കുന്ന മനുഷ്യന്‍ അവസാനം തോല്ക്കുന്ന ചിത്രം എന്ന നിലയിലും അവതാര്‍ ഒരു പുതിയ വീക്ഷണം നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. പാന്‍ഡോരയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവരില്‍, അവരില്‍ ഒരാളായി മാറുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്‌ത നായകനു മാത്രമേ അവിടെ തുടരാന്‍ കഴിയുന്നൂള്ളു. ഇത് കുടിയേറ്റത്തിന് ഒരു പുതിയ വീക്ഷണം നല്കുന്നുണ്ട്. ഒരു സയന്‍സ് ഫിക്‌ഷന്റെ എല്ലാ മസാല ചേരുവകളും കൃത്യം പാകത്തില്‍ ചാലിച്ച ചിത്രമാണെങ്കിലും ഇങ്ങനെയൊക്കെ ചില പ്രത്യേകതകളാണ് ഇതിനെ പരമര്‍ശത്തിന് അര്‍ഹമാക്കുന്നത്. അതേപോലെതന്നെ ഇതിന്റെ ചിത്രീകരണത്തിന്റെ സമ്പന്നത, സൂക്ഷ്മത, ശബ്ദസന്നിവേശം, ഡിജിറ്റല്‍ ഇഫക്സ് എന്നിവയൊക്കെ സമാന്യചിന്തകള്‍ക്കപ്പുറത്തെ കൃത്യതയാണ് പ്രകടിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയില്‍ തന്നെ അത് കണ്ടറിയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ്‍് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്. ജെയിംസ് കാമറൂണിന്റെ പതിനഞ്ചുവര്‍ഷത്തെ അധ്വാനം വെറുതെ ആയില്ല എന്നാശ്വസിക്കാം. ഈ ചിത്രം അതിന്റെ സമ്പൂര്‍ണ്ണതില്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡിയില്‍ തന്നെ കാണണം എന്നുകൂടി പറയുവാനുണ്ട്.
Published on January 22, 2010 06:57
No comments have been added yet.
Benyamin's Blog
- Benyamin's profile
- 811 followers
Benyamin isn't a Goodreads Author
(yet),
but they
do have a blog,
so here are some recent posts imported from
their feed.

