നീ എന്നോട് പറഞ്ഞ കള്ളങ്ങളൊക്കെയും മുറിയിലുള്ള ഒരു ചില്ലുഭരണിയില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്
ഇത്തിള്‍ക്കണ്ണി പോലെ അത് വശങ്ങളില്‍ പടര്‍ന്നു കയറുന്നതെനിക്ക് കാണാം
ഒരിക്കല്‍ എന്‍റെ കള്ളങ്ങളില്‍ ചിലത് ഞാനതില്‍ ഇട്ട് നോക്കിയിരുന്നു
തരിമ്പു പോലും ദയയില്ലാതെ അന്നാ നിരുപദ്രവകാരികളെ അവറ്റകള്‍ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
അതിനു ശേഷം അവയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തും വിധമാണ്
എന്നിട്ടും ഞാനവറ്റയെ ഒന്നും ചെയ്യാത്തതിന് കാരണം നീ എന്ന എന്‍റെ ദൗര്‍ബല്യത്തിന്‍റെ നിലനില്‍പ്പാണ്
അതിനായി ഞാനിന്നും പുതിയ കള്ളങ്ങളുണ്ടാക്കുന്നു
കൃത്യമായി അതേ ഭക്ഷണം ഇട്ടുകൊടുത്തു ഞാനവയെ വളര്‍ത്തുന്നു
ഒരുപക്ഷേ അടുത്ത് തന്നെ അതാ ഭരണി തകര്‍ത്തേക്കും
പിന്നെ എന്തു സംഭവിക്കുമെന്നെനിക്ക് നിശ്ചയമില്ല
പേടി എന്നെയോര്‍ത്തല്ല...
മുറിയിലുള്ള കൂട്ടുകാരന്‍...
അവന്‍ ഒരു പാവമാണ്...
ഞാനും നീയും പിന്നെ,
എല്ലാം പണ്ടേ പറഞ്ഞുറപ്പിച്ചിട്ടുള്ളതാണല്ലോ...
Published on May 20, 2016 22:31