ടിവി പ്രശ്നം രൂക്ഷം !!!

2014 ലോകകപ്പ്‌ സെമിയിൽ ബ്രസീൽ തോറ്റത് ടിവിയുടെ കുഴപ്പമാണെന്ന് ഓർത്താണ് പുതിയൊരെണ്ണം മേടിച്ചത്.
വല്യ തട്ടില്ലാതെ മുന്നോട്ട് പോയതായിരുന്നു. എന്നാൽ, കഴിഞ്ഞാഴ്ച മുതലാണ് വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയത്…

മാഞ്ചസ്റ്റർ സിറ്റിയ്ക്കെതിരെ ലെസ്റ്റർ സിറ്റി അഞ്ച് ഗോൾ അടിക്കുന്നു.
അതേ ലെസ്റ്റർ സിറ്റിയെ , ഇന്ന് വെസ്റ്റ് ഹാം മൂന്ന് ഗോളുകളിൽ മുക്കുന്നു.

പ്രശ്നം രൂക്ഷമാണെന്ന് കണ്ട്, ആദ്യമേ ടിവി ശരിയാക്കുന്ന സുനിയുടെ കടയിലേക്ക് പോയേക്കാമെന്ന് കരുതി.
അപ്പോഴേക്കും പെരുമഴ തുടങ്ങി. (ലെവൻഡോവ്സ്ക്കി ഇന്ന് ഹാട്രിക്ക് അടിച്ചിട്ടും, മഴ എന്തിന് പെയ്യുന്നു എന്ന് കുറേ നേരം ചിന്തിച്ചു.)

എങ്കിൽ പിന്നെ, മഴ കുറഞ്ഞിട്ട് പോകാമെന്ന് കരുതി.

ചായ കുടിച്ചിട്ട് , മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിയിട്ടു. ടോട്ടനത്തിനെതിരെ ആദ്യ മിനുറ്റിൽ തന്നെ ദേ മാഞ്ചസ്റ്റർ ലീഡ് എടുക്കുന്നു. ( അടിച്ചത് ബ്രൂണോ ; എങ്ങനെയാണെന്ന് പറയണ്ടല്ലോ..)

സംഭവിക്കാത്തത് പലതും സംഭവിക്കുന്നു.
ആദ്യ മിനിറ്റ് തന്നെ യുണൈറ്റഡ് ലീഡ് എടുത്തന്നൊക്കെ പറഞ്ഞാൽ തൊട്ടപ്പുറത്ത് രാമായണം വായിച്ചുകൊണ്ടിരുന്ന എന്റെ അമ്മൂമ്മ പോലും വിശ്വസിക്കൂല…

പിന്നെ മഴയൊന്നും നോക്കിയില്ല.
നേരെ ടിവിയും ചുമന്നുകൊണ്ട് സുനിയുടെ കടയിൽ പോയി.
എന്നാൽ, ആ തെണ്ടി ഞായറാഴ്ച കട തുറക്കിലെന്ന കാര്യം ഞാൻ വിട്ടുപോയി.

തിരിച്ചു വീട്ടിൽ വന്ന് കളിയിട്ടപ്പോൾ മാഞ്ചസ്റ്റർ ആറ് ഗോൾ വാങ്ങിയെന്ന് കണ്ടു .
ചെറിയൊരു ആശ്വാസം.
ടിവി ശരിയായെന്ന് കരുതി.

അപ്പോഴേക്കും, ദേ വേറെയൊരു വാർത്ത കണ്ടു.
ചെന്നൈ പത്ത് വിക്കറ്റിന് ജയിച്ചുപോലും !
ഇതെങ്ങാനും അമ്മൂമ്മയോട് പറഞ്ഞാൽ അവര് കയ്യിലിരിക്കുന്ന രാമായണമെടുത്ത് എന്റെ തലയിലടിക്കും.

ടിവി ഓഫ്‌ ചെയ്തിട്ട് ഓൺ ആക്കിയാൽ ശരിയാവുമെന്ന് ഗൂഗിളിൽ കണ്ടതുകൊണ്ട് അപ്രകാരം ചെയ്തു.

പിന്നീട് , എന്റെ ടിവിയിൽ സംഭവിച്ചതൊന്നും സത്യമാണോ എന്നറിയില്ല.

നാളെ സുനിയുടെ കട തുറന്ന് , ഇതൊക്കെ ശരിയാക്കുമ്പോൾ സത്യാവസ്ഥ അറിയാമെന്ന് കരുതിയിരുന്നപ്പോഴേക്കും ലിവർപൂൾ നാലെണ്ണം മേടിച്ചു കഴിഞ്ഞിരുന്നു.

നിങ്ങളെല്ലാവരുടെയും വീട്ടിൽ ഇങ്ങനെ തന്നെയാണോ…
വല്ലാത്തൊരു ഞായറാഴ്ച ആയിപ്പോയി !

( എന്റെ ടിവി – സോണി ബ്രാവിയ
സീരിയൽ നമ്പർ – BX35 )

 •  0 comments  •  flag
Share on Twitter
Published on October 04, 2020 19:18
No comments have been added yet.