ഉടയോന്‍റെ കാലൊച്ച കേട്ടാണ്
സ്വപ്നഭരിതമായ രാത്രിയുടെ
വയലില്‍ നിന്നും ഈ ദിവസവും
ഓടിപ്പോയത്,
സ്വര്‍ണ്ണ നിറമുള്ള പാടങ്ങളാണ്
അകം നിറയെ എന്ന് പറയുമ്പോലെ
ഇത്തിരി മണ്ണ്.
പക്ഷെ എന്തൊരു ബോറനാണ് ഇതിന്‍റെ ജന്മി!
എന്‍റെയാണ്, എന്‍റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും.
പക്ഷെ,
ഒരു തൈ നടാനൊരുങ്ങുമ്പോള്‍
ഒരു കിണറാഴം ഉള്ളില്‍ തണുത്തു തുടങ്ങുമ്പോള്‍,
ഒരു വാഴയോ മുല്ലയോ തളിര്‍ക്കാന്‍ തുടങ്ങുമ്പോള്‍
വരും, ചോരച്ച കണ്ണുരുട്ടി.
മൌനത്തിന്‍റെയും മറവിയുടെയും
കുന്നിന്‍ ചരിവുകളില്‍
ആള്‍പ്പാര്‍പ്പില്ലാത്ത പ്രണയത്തിന്‍റെ
കുഞ്ഞു വീടുകള്‍ക്ക് മേല്‍,
പാതിരാവില്‍ നിഗൂഡമായി തിരളുന്ന
എന്‍റെ പാവം ചെമ്പരത്തിക്കു മേല്‍ പോലും
വട്ടമിടുന്നുണ്ട് അയാളുടെ കാഴ്ച്ചയുടെ
ചാരന്‍ പരുന്തുകള്‍.
കാറ്റുകള്‍ മരിച്ചടങ്ങിയ ആല്‍ മരമേ
എന്തിനാണീ നിശ്ചലതയുടെ കൂടുകള്‍?
ഒരു ജപ്തിയോ കുടിയൊഴിക്കലോ കൊണ്ട്,
ഈ അഞ്ചു സെന്‍റങ്ങ് തിരിച്ചെടുത്തു കൂടെ,
ഇതിനു പുറത്തു കാത്തു നില്‍പ്പുണ്ട് എന്‍റെ കൂട്ടുകാര്‍,
ആരുടേയും രേഖകളിലില്ലാത്ത മണ്ണില്‍,
ഞങ്ങള്‍ക്ക് വാക്കുകളുടെ വിത്തിറക്കണം.
Published on January 11, 2011 10:21