നിന്‍റെ വീടാണെന്നു കരുതിയാണ്
ചില വാതിലുകളില്‍ പുലരുവോളം
കാത്തിരുന്നത്,
അവിടെയ്ക്ക് വരാനാണ്
വീട് വിട്ടിറിങ്ങിയത്,
വഴി തെറ്റിയത്,
അങ്ങോട്ടേയ്ക്കുള്ള നടപ്പ് മാത്രമാണ്
മരിച്ച വിരലുകള്‍ കൊണ്ടു എഴുതിയ
കവിതകളില്‍ ചോര പോലെ പാഞ്ഞിരുന്നത്.
വഴി മുഴുവന്‍ ഓരോ അടയാളങ്ങളും
മോഹിപ്പിച്ചു കൊണ്ടിരുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
അടുത്തെത്തിയാലെന്ന പോലെ ഒരിരമ്പം,
കാറ്റിലും ഇലയനക്കങ്ങളിലും ജലപ്പെരുക്കം,
ജന്മത്തിനും മുന്നേയോ
സ്വപ്നത്തിലോ അടയാളപ്പെട്ടിട്ടുണ്ട്
എന്‍റെ ഉള്ളില്‍ നിന്‍റെ വീട്ടിലേയ്ക്കുള്ള വഴി,
എന്നിട്ടും ഒരു ജന്മം മുഴുവന്‍ വേണ്ടി വന്നല്ലോ
നീ ഇല്ലാത്തതെങ്കിലും
നിന്‍റെ വീട്ടിലേയ്ക്കൊന്നു വരാന്‍.
മഴയില്‍ നിന്ന് കേറി കുട മടക്കും പോലെ
വഴിയ്ക്കൊടുവില്‍ ഞാനടഞ്ഞു പോകുമ്പോള്‍
ഈ വീട് കാണാവുന്ന ദൂരത്തു തന്നെ
എന്നെ അടക്കണമെന്നെങ്കിലും
നിന്‍റെ ഉടമയോടൊന്നു പറയൂ.
Published on April 26, 2010 08:08