ഷേവിങ് ഫോമും പേര്‍ഷ്യയിലെ മോനും…

അച്ഛൻ ഒരിക്കലും സ്വന്തം ആഗ്രഹങ്ങൾ പങ്കുവച്ചിട്ടില്ല.
പറഞ്ഞാലും, നടത്തിതരാനുള്ള പ്രാപ്തി, മകന് എന്നെങ്കിലും കൈവരുമോ എന്നുള്ള സംശയം പോലും പലവുരു അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി കാണണം.

തൊണ്ണൂറുകളിൽ ,സ്വന്തം ബേക്കറി
ബിസിനസ്സ് തകർന്നതിനാലാവും, മിച്ചമുള്ള ഭാഗ്യം പുള്ളി വാഴക്കൃഷിയിൽ നിക്ഷേപിക്കാൻ തയ്യാറായില്ല.
തന്മൂലം, കോടികണക്കിന് ബീജങ്ങളോട് മത്സരിച്ച്, വിജയശ്രീലാളിതനായി ഞാൻ വിണ്ണിൽ ഭൂജാതനായിട്ടും അച്ഛൻ എന്നെ വേണ്ടത്ര പരിഗണന നൽകിയിട്ടില്ല.

തൊണ്ണൂറ്റിഏഴിൽ തിരുവനന്തപുരം ശ്രീകുമാറിൽ “ചന്ദ്രലേഖ” കണ്ടപ്പോഴാണ് അച്ഛൻ ആദ്യമായി ഷേവിങ് ഫോമിനെ പറ്റി അറിയുന്നത്.
മാമുക്കോയയെ പറ്റിക്കാൻ മോഹൻലാൽ മുഖം മുഴുവൻ ഷേവിങ് ഫോം അടിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ് അച്ഛന് ശ്രീകാര്യത്ത് സലൂൺ നടത്തിക്കൊണ്ടിരുന്ന ഗോപിയോട് പുച്ഛം തോന്നിയത്.

“ഇതെന്തോന്ന് സാധനം..ഗോപിയൊരു നീല സോപ്പും ,പൂച്ചേടേ ദ്രവിച്ച വാല് കണക്കത്തെ ബ്രഷും വച്ചാണല്ല് കാര്യം സാധിക്കണത്…”

കേട്ടിട്ട് അമ്മ നമ്രമുഖിയായി.

അവിടുന്നൊരു വ്യാഴവട്ടക്കാലത്തിനപ്പുറം, ഗൾഫിലെ ചൂടുകാറ്റ്, കൊല്ലന്റെ ആലയിലെ തീപോലെ ശരീരത്തിൽ പടരുന്ന കണ്ടപ്പോൾ , അറബി “അൽ-റവാബി” യുടെ പേരയ്ക്ക ഫ്ലേവർ ജ്യൂസുമായി അടുത്തേയ്ക്ക് വന്നു.
കൈനീട്ടിയപ്പോൾ തറയിലിരുന്ന മൊന്തയിലേയ്ക്ക് പുള്ളി വിരൽ ചൂണ്ടി. പച്ചവെള്ളം ഞാനും , പേരയ്ക്ക ജ്യൂസ് പുള്ളിയും കുടിച്ചു.
വിശ്രമവേളയിൽ , ഞാൻ ഭൂജാതനായ ബീജത്തിന്റെ മത്സരകഥ അയാൾക്ക് വിവരിച്ചു.
മലയാളത്തിലായതിനാൽ ,അറബിക്ക് ഒന്നും മനസിലായില്ല.
എന്നാലും മനസ്സിലെ കയ്പുനീര് ഇറക്കാൻ വർഷത്തിൽ മുപ്പത് ദിവസം ടിയാൻ തന്നു. എന്നിട്ടും കയ്യിലെ പേരയ്ക്കാനീര് പുള്ളി തന്നില്ല.

വിലാസമൊട്ടിച്ച പെട്ടിയിൽ ടേപ്പ്റിക്കാർഡറും , ടൈഗർ ബാമും , ഇൻപീരിയർ ലാതർ സോപ്പും തിക്കിത്തിരക്കുമ്പോൾ അവർക്ക് വിനയായി പുതിയൊരു അഥിതി കൂടിവന്നു.
“ജിലറ്റിന്റെ ഷേവിങ് ഫോം.”
“ചന്ദ്രലേഖ” കണ്ടപ്പോൾ തോന്നിയ പൂതി അച്ഛന് വർക്ക്ഔട്ടാവാൻ വർഷങ്ങളെടുത്തു. പേരയ്ക്ക-അറബിക്ക് നന്ദി.

ഇങ്ങനെയുള്ള ചെറിയ ആഗ്രഹങ്ങളിൽ അച്ഛൻ സ്വയം മനസ്സിനെ തളച്ചിടുമായിരുന്നു. മനപ്പൂർവ്വമാണോ..അറിയില്ല..

പിന്നെയൊരു ആഗ്രഹം “മഹേഷിന്റെ പ്രതികാരം” പടത്തിലെ ചാച്ചന്റെ വൈബ് കണക്കുള്ള ഐറ്റമായിരുന്നു !
ക്യാബറേ കാണാൻ ബാംഗ്ലൂർ പോണമെന്നല്ല , മറിച്ച് ഹൈദരാബാദിൽ പോയി ബിരിയാണി കഴിക്കണമെന്നത്.
എളുപ്പമാണ്.
നടത്തികൊടുക്കാൻ ആവുന്ന ഒന്ന്.

പക്ഷേ, ദൈവം “ടൈമിംഗ്” എന്ന സംഗതി ദ്രാവിഡിന് മാത്രം അധികമായി കൊടുത്തത് വല്ലാത്തൊരു ദ്രാവിഡായി പോയി.

നാലാഞ്ചിറയിലിരുന്ന അച്ഛന് ബിരിയാണി കൊതി തോന്നിയതും, അങ്ങകലേ പുള്ളിയുടെ മകൻ ഫുജൈറയിലെ പാടത്ത് അറബിയോട് മറ്റേ സ്ഥിരമായി പറയുന്ന ബീജകഥ വീണ്ടുമെടുത്ത് അലക്കിയപ്പോൾ , അലക്ക് നിർത്തി സലാം പറഞ്ഞ് പത്താക്ക അടിച്ച് നാട്ടിലോട്ട് വിട്ടതും തമ്മിൽ ഏകദേശം ഒന്നര മണിക്കൂർ സമയവ്യത്യാസം കാണും.

അച്ഛന്റെ കൊതിയും , എന്റെ പോക്കറ്റും യഥാക്രമം ആർടെക്കിന്റെ ഫ്‌ളാറ്റും, അവർക്ക് കിട്ടാത്ത കുറവൻകോണത്തെ പ്ലോട്ടും പോലെയായി.
അച്ഛന് ഫ്ലാറ്റ് പണിഞ്ഞു കൊടുക്കണമെന്ന് ആഗ്രഹമുണ്ട് ; പക്ഷേ…
ഏതവസരത്തിലും പഴിക്കാൻ ഹെർമൻ ഗുണ്ടർട്ട് “വിധി” എന്നൊരു വാക്ക് കണ്ട് പിടിച്ചില്ലായിരുന്നേൽ എന്ത് ചെയ്യ്‌തേനേ !

“ബോർഡർ ചിക്കൻ ” കഴിക്കാൻ പെട്ടെന്നൊരു നാൾ അച്ഛന് കൊതി ! ഇതൊക്കെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലുമെനിക്ക് അറിയില്ല.
ഫ്ലിപ്പ്കാർട്ട് അയക്കുന്ന കൊറിയർ പോലെ ഇഷ്ടിക കൃത്യമായി എന്റെ തലയിൽ തന്നെ വീഴുന്നുമുണ്ട്.

കാശ് എന്തായാലുമില്ല.
എന്നാൽപിന്നെ സ്ഥിരം ബീജകഥ പറഞ്ഞു രക്ഷപെടാമെന്ന് വച്ചാൽ, “നീ കണ്ടക്ടർക്ക് ടിക്കറ്റ് അടിക്കല്ലേ..” എന്നുംപറഞ്ഞ് അച്ഛൻ മാസ്സ് ഡയലോഗ് തിരിച്ചടിക്കും.
ഇത്തവണ ശരിക്കും പെട്ടുപോയി. പ്രായമേറി വരുന്നതിനാൽ പുള്ളിയിത് മറക്കുമെന്ന് ആശ്വസിക്കാം.

സുഹൃത്തുമായി ബുർജ് ഖലീഫയുടെ മുകളിലേക്ക് കയറുന്ന വരിയിൽ , മുന്നിൽ നിന്നൊരു ആന്ധ്രാക്കാരൻ അയാളുടെ മാതാപിതാക്കളെ എസ്‌കലേറ്ററിലെ ആദ്യ പടിയിൽ അറയ്ക്കാതെ കാല് വയ്ക്കാൻ പഠിപ്പിക്കുന്നത് കണ്ടു.
സാരിയുടുത്ത പുള്ളിയുടെ അമ്മ , ശീലമില്ലാത്തതിനാൽ അതിന് കഷ്ടപെടുന്നുമുണ്ട്.
ഇമ്മാതിരി കാഴ്ച്ചകളൊക്കെ കാണുമ്പോൾ തൽക്ഷണം ആ എണ്ണൂറ്റിചില്ലുവാനം മീറ്റർ മേലെനിന്നും നമ്മുടെ മനസ്സ് ഒരൊറ്റ സ്കൈഡൈവ് അങ്ങ് ചെയ്തുകളയും.

പേരയ്ക്ക-അറബി ഓടിക്കുന്നതിന് മുന്നേ വീട്ടിലിരിക്കുന്ന നമ്മുടെ രണ്ട് ടീമുകളെയും ഈ ബുർജ് ഖലീഫയൊക്കെ ഒന്ന് കാണിക്കണമെന്ന് കലശലായി ആഗ്രഹിച്ചിരുന്നു.

ഒന്നും നടന്നില്ല.

ഇരുവരുടെയും ആഗ്രഹങ്ങളിൽ അത്യാർത്തി നിഴലിച്ചിരുന്നു ; പക്ഷേ, അവ മനസ്സ് നിറയ്ക്കുന്നതിനായി മാത്രമായിരുന്നു. അല്ലാതെ ധൂർത്തെന്ന ദുർമേദസിന് വളമേകികൊണ്ടല്ല.

മേൽപ്പറഞ്ഞ ആഗ്രഹങ്ങൾ എന്നെങ്കിലും സാധിക്കുമെന്ന ലക്ഷ്യത്താൽ തുഴയുന്ന ജീവിതനൗകയ്ക്ക് താണ്ടാൻ ദൂരം ഇനിയുമേറെയുണ്ട് ; ഞായറാഴ്ചയെന്ന മരുപ്പച്ചയെ സ്വപ്നം കണ്ട് തള്ളിനീക്കുന്ന വിരസമായ ശനിയാഴ്ചയെ പോലെ…

 •  0 comments  •  flag
Share on Twitter
Published on October 01, 2020 20:42
No comments have been added yet.