ഹൃദയമെങ്ങനെ പറിച്ചെടുത്തു
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ?
കഥയുടെ പകുതിയില്‍
കുഞ്ഞു കൌതുകം കണ് വിടര്‍ത്തുന്നു.
ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്റെ കൌശലത്തില്‍
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..
കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്ക്കുമ്പോള്, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.
പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!
Published on January 24, 2011 03:04